
നിങ്ങൾ മറ്റൊരാളെ വിലയിരുത്തുമ്പോൾ (ജഡ്‌ജ് ചെയ്യുമ്പോൾ ) നിങ്ങൾ യഥാർത്ഥത്തിൽ അവരെയല്ല , നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നത് എന്ന് പറഞ്ഞത് Earl Nightingale ആണ് . മറ്റു മനുഷ്യർ നമ്മളെക്കാൾ ചീത്തയാണെന്നു കണ്ടെത്തിയാണ് ഒരു സാധാരണ മനുഷ്യൻ അവനവന്റെ തിന്മകളിൽ ആശ്വാസം കണ്ടെത്തുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡും പറഞ്ഞിട്ടുണ്ട് . നമുക്ക് നമ്മളെ കുറിച്ച് തന്നെയുള്ള അരക്ഷിതത്വ ബോധമാണത്രെ മറ്റുള്ളവരെ വിലയിരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നത് .
മലയാളികൾക്ക് പ്രത്യേകിച്ചും മനുഷ്യർക്ക് പൊതുവെയും മറ്റുള്ളവരെ ജഡ്‌ജ് ചെയ്യാൻ ഭയങ്കര താല്പര്യമാണ് . അല്ലെ ? എന്നാൽ സമൂഹം നിർമിച്ചിരിക്കുന്ന ചില ചിട്ടവട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും അകത്തു നിന്നുകൊണ്ട് മാത്രമേ അത് ചെയ്യാൻ സാധിക്കൂ. കാലം മാറിയതോടെ നാമൊക്കെ, നീയൊന്നും എന്നെ ജഡ്ജ് ചെയ്യേണ്ട എന്ന് മുഖത്തു നോക്കി പറയാനും തുടങ്ങി . 'സംസ്ക്കാരമുള്ള മനുഷ്യർ ആരെയും ജഡ്ജ് ചെയ്യില്ല' എന്നൊരു അലിഖിത നിയമവും വന്നു .
അപ്പോഴാണ് 'ബിഗ് ബോസ്' വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരെ നമുക്ക് ജഡ്ജ് ചെയ്യാനായി കണ്ണാടിക്കൂട്ടിൽ ഇട്ടു തരുന്നത് . 60 ക്യാമറയിൽ അവരുടെ എല്ലാമെല്ലാം അവർ ഒപ്പിയെടുത്ത് നമുക്ക് മുന്നിൽ എത്തിച്ചു തരുന്നു . അത് തന്നെയാണ് ബിഗ് ബോസ് എന്ന കളിയുടെ രസവും . നമുക്ക് ജഡ്ജ് ചെയ്ത് നമ്മളെ തന്നെ കണ്ണാടിയിൽ കാണാൻ ഒരവസരം കിട്ടി . ഇവരെയൊക്കെ അതിനകത്തു പൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് നമുക്ക് ധൈര്യമായി ജഡ്ജ് ചെയ്യാം. ഇവരാരും വന്നു തിരിച്ചു ചോദിക്കില്ല - നീയെന്താ ചുമ്മായിരുന്ന് എന്നെ ജഡ്ജ് ചെയ്യുന്നത് എന്ന് .
അല്ലെങ്കിൽ നിങ്ങളൊന്നാലോചിച്ചു നോക്കൂ -എയർപോർട്ടിലോ ബസ്‌സ്റ്റാന്റിലോ ആൾക്കൂട്ടത്തിലോ നിൽക്കുന്ന രഞ്ജിനിയെ നിങ്ങൾ ജഡ്ജ് ചെയ്യാൻ പോയാലത്തെ അവസ്ഥ . വല്ല അഭിപ്രായവും പറഞ്ഞു നാക്ക് വായിലിടുന്നതിനു മുമ്പ് ചാടി വീണ് കോളറിന് പിടിച്ചു പൊക്കി അവൾ ചോദിക്കില്ലേ " നീയൊക്കെ ആരാ എന്നെ ജഡ്ജ് ചെയ്യാൻ ? പോയി പണി നോക്ക് . ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും " എന്ന് . 100 ദിവസത്തേക്ക് രഞ്ജിനി കോളറിന് പിടിക്കാനില്ല എന്ന ധൈര്യത്തിൽ നമുക്ക് രഞ്ജിനിയെ ഒന്ന് ജഡ്ജ് ചെയ്താലോ ?
ബിഗ് ബോസിന് മുൻപ് നമ്മൾ കണ്ടിരുന്ന രഞ്ജിനി ഇംഗ്ലീഷിൽ മലയാളം പറഞ്ഞിരുന്ന ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുൾ ആയ ഒരു തന്റേടിയാണ് . എല്ലാ വിവാദങ്ങളിലും രഞ്ജിനിയുണ്ടാവും. തേവിടിശ്ശി എന്ന് വിളിച്ചവനെ എയർപോർട്ടിൽ വച്ച് രഞ്ജിനി കൈകാര്യം ചെയ്തത് നമ്മളാരും മറന്നിട്ടുണ്ടാവില്ല . പട്ടി മനുഷ്യരെ കടിച്ചു കൊല്ലുമ്പോൾ പട്ടിയെ കൊല്ലാൻ പാടില്ല എന്ന് പറഞ്ഞു വന്ന് നമ്മുടെ വിരോധം സമ്പാദിച്ചതും ഇതേ രഞ്ജിനിയാണ് . താൻ വിവാഹം കഴിക്കുന്നില്ലെന്നും ഡേറ്റ് ചെയ്യുന്നുണ്ടെന്നും അത്യാവശ്യം മദ്യപിക്കുമെന്നും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട് . വിദ്യാർഥികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് പറഞ്ഞതും ഇതേ രഞ്ജിനിയാണ് .
എന്നാൽ ബിഗ് ബോസ്സിൽ നാം കാണുന്ന രഞ്ജിനി എങ്ങനെയാണ്? നല്ല നേതൃ പാടവം രഞ്ജിനി പ്രകടിപ്പിക്കുന്നുണ്ട് . ബിഗ് ബോസ്സിൽ ഒരു ഗെയിം ആണെന്ന് മനസ്സിലാക്കി ഓരോ ചുവടും വയ്ക്കുന്ന മത്സരാര്‍ത്ഥിയാണ് രഞ്ജിനി . സാബു, രഞ്ജിനിയെക്കുറിച്ച് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ശരിയല്ലെന്നും മാപ്പ് പറയണമെന്നും രഞ്ജിനി ആദ്യ ദിവസം തന്നെ പറയുന്നുണ്ട് . സബ് ഒരു 'മെയിൽ ഷോവനിസ്റ് പിഗ്' ആണെന്നും രഞ്ജിനി കൂടെയുള്ളവരോട് പറയുന്നുണ്ട് . എന്നാൽ ആവശ്യം വരുമ്പോൾ രഞ്ജിനി വളരെ മര്യാദയോടും സ്നേഹത്തോടും കൂടി സാബുവിനെ സമീപിച്ചു കാര്യം നടത്തി എടുക്കുന്നുമുണ്ട് .
അതെ സമയം സാബു പറയുന്നത് രഞ്ജിനി ആരെന്നറിയാതെ ഒരു വിർച്യുൽ വേൾഡിൽ ചെയ്ത കാര്യത്തിന് ഇപ്പോ മാപ്പു പറയാനാവില്ലെന്നും രഞ്ജിനി ഇത്രയും ഫ്രെജൈൽ ആയ ഒരു പെണ്ണാണ് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് എന്നുമാണ് . ലക്ഷ്വറി ടാസ്ക് വന്നപ്പോൾ രഞ്ജിനി പുല്ലു പോലെയാണ് സാബുവിനെ മലർത്തിയടിച്ചത് . സബ് പറയുന്നുണ്ട് രഞ്ജിനി അടക്കി ഭരിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ആളാണെന്ന് . രഞ്ജിനി പറയുന്ന എല്ലാം കേട്ട് തലകുലുക്കി മിണ്ടാതെ ഇരുന്നാൽ രഞ്ജിനിയും നല്ലതാണ് . എന്നാൽ എന്തെങ്കിലും നിലപാട് പറയുകയോ എതിരഭിപ്രായം പറയുകയോ ചെയ്താൽ രഞ്ജിനിയുടെ മട്ടും ഭാവവും മാറുമെന്ന് .
അനൂപ് രഞ്ജിനിയെക്കുറിച്ച് പറയുന്നത് രഞ്ജിനിയുടെ കഠിനാധ്വാനത്തെയും കഴിവിനേയുമൊക്കെ അംഗീകരിക്കുമ്പോൾ തന്നെ അവരുടേ കുതന്ത്രങ്ങളെ കരുതിയിരിക്കണം എന്നാണ് . ബിഗ് ബോസ്സിൽ ഉള്ള എല്ലാവര്‍ക്കും അറിയാം രഞ്ജിനി ഒരു ശക്തയായ മത്സരാർത്ഥിയാണെന്ന് . അവസാന റൗണ്ടിലെത്തുമെന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥികളിൽ ഒരാളും രഞ്ജിനി തന്നെയാണ് .
ഇത്രയും ഒച്ചയും ബഹളവും വയ്ക്കുന്ന രഞ്ജിനി പ്രണയത്തിനു മുന്നിലെത്തിയപ്പോൾ അലിഞ്ഞു വീഴുന്നതും നമ്മൾ കണ്ടു . ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ രഞ്ജിനി, 'എന്നാലും അവനെന്നെ ഒരു അമേരിക്കൻ ഗ്രീൻ കാർഡിന് വേണ്ടി ഉപേക്ഷിച്ചല്ലോ, എന്നേക്കാൾ വലുതാണോ ഒരു ഗ്രീൻ കാർഡ്' എന്ന് ചോദിച്ചു പൊട്ടിക്കരഞ്ഞപ്പോഴാണ് യഥാർത്ഥ രഞ്ജിനി പുറത്തു വന്നത് .
അതെ സമയം തന്നെ ശ്വേതയെ അനൂപ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന വിവാദം ഉയർന്നപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കി അനൂപിനെ പ്രതിരോധത്തിലാക്കി ശ്വേതക്ക് കാപ്റ്റൻ മത്സരത്തിൽ മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതും രഞ്ജിനി തന്നെയാണ് . എന്നിട്ട് അപ്പുറത്തു നിന്ന് രഞ്ജിനി പറയുന്നുണ്ട് , ഇതൊരു ഗെയിം ആണ് . അതിൽ കളിക്കുക തന്നെ വേണമെന്ന് .
ഹിമ ഒരു ശക്തയായ എതിരാളി ആണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും രഞ്ജിനിക്ക് നന്നായി അറിയാം . അതുകൊണ്ട് തന്നെ പലരും ഹിമയോട് വഴക്കിടാൻ പോകുമ്പോൾ രഞ്ജിനി അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് 'അവൾക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നിങ്ങൾ കൊടുക്കല്ലേ' എന്ന് പറഞ്ഞാണ് .
ബിഗ് ബോസ്സിലെ ക്യാമറയെ എങ്ങനെ തന്നിൽ തന്നെ നിർത്തണമെന്ന് രഞ്ജിനിക്ക് നന്നായറിയാം . ഇപ്പോൾ രഞ്ജിനി കളിക്കുന്നത് ശ്വേതയോടൊപ്പം ചേർന്നാണ് . ഒന്നിച്ചു നിൽക്കുന്നതാണ് ഇപ്പോ ഗുണം എന്ന് അവൾ കരുതുന്നു . എന്നാൽ അടുത്ത ഘട്ടത്തിൽ കളിയിലെ തന്നെ ഏറ്റവും രസകരമാവാൻ പോകുന്ന ഭാഗം രഞ്ജിനിയും ശ്വേതയും നേരിട്ട് ഏറ്റുമുട്ടുന്നതായിരിക്കും .
ജീവിതത്തിൽ രഞ്ജിനി കഠിനാധ്വാനിയായ ഒരു പെൺകുട്ടിയാണ് . ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഒരു പെൺകുട്ടി. കുടുംബത്തിന്‍റെ ഭാരം മുഴുവൻ ചെറുപ്പത്തിലേ ചുമലിൽ ഏറ്റി . രഞ്ജിനിയെ അറിയുന്നവർ ആവർത്തിച്ച് പറയുന്ന രഞ്ജിനിയുടെ ഗുണം അഞ്ചു പൈസ വെറുതെ കളയില്ലെന്നും , അധ്വാനിച്ചുണ്ടാക്കുന്ന പൈസ ബുദ്ധിപൂർവമേ ചെലവഴിക്കൂ എന്നുമാണ് . ഐഡിയ സ്റ്റാർ സിംഗറിലൂടെ താരമായ രഞ്ജിനി പണമുണ്ടാക്കിയത് കോർപറേറ് ഇവന്റുകളുടെ ഭാഗമായിട്ടാണ്. ഒരു കാലത്ത് ഏറ്റവും വിലയുള്ള ആങ്കറായിരുന്നു രഞ്ജിനി. ചെയ്യുന്ന ജോലിക്ക് കണക്ക് പറഞ്ഞു കൂലി ചോദിച്ചു വാങ്ങുന്നതിൽ ഒരു കാലത്തും രഞ്ജിനി മടിച്ചിട്ടില്ല. വാഗ്ദാനം ചെയ്ത പൈസ കിട്ടാത്ത പരിപാടികൾ ചെയ്യാതിരിക്കാനും രഞ്ജിനി ധൈര്യം കാണിച്ചിട്ടുണ്ട് .
എന്തൊക്കെ ആരൊക്കെ വിയോജിപ്പ് പറഞ്ഞാലും , ചെറുപ്പം മുതൽ ആരുടെയും തണലിലല്ലാതെ സ്വപ്രയത്നം കൊണ്ട് അവനവനെ രേഖപ്പെടുത്തിയ മിടുക്കിയായ സ്ത്രീ തന്നെയാണ് രഞ്ജിനി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം