
മുഹമ്മ: ഹൃദ്യമായ കാഴ്ചയൊരുക്കി 'റെഡ് ജെയിഡ് വൈൻ' പൂത്തുലഞ്ഞു. റിട്ട. കൃഷി ഡപ്യൂട്ടി ഡയറക്ടർ ജൂലി ലൂക്കിന്റെ വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് വള്ളിചെടികളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന റെഡ് ജെയിഡ് വൈൻ പൂത്തുലഞ്ഞ് നിൽക്കുന്നത്. ഫിലിപ്പൈനാണ് ചെടിയുടെ സ്വദേശം. ഒരു പൂങ്കുലയിൽ അറുപതുമുതൽ എഴുപത് പൂക്കൾ വരെ ഉണ്ടാകും. മൂത്ത തണ്ടുകളിലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. രണ്ട് ആഴ്ച വരെ പൂക്കൾ കൊഴിയാതെ നിൽക്കും. വലിപ്പത്തിലുള്ള ഇതളുകളിൽ തേനും സമൃദ്ധമായി ഉണ്ട്. തേൻ തേടി കുരുവികളും എത്തുന്നുണ്ട്.
മായിത്തറ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപത്തെ ജോയൻ വില്ലയിൽ റെഡ് ജെയിഡ് വൈൻ പൂത്തുലഞ്ഞ് നിൽക്കുന്നത് വാഹനയാത്രക്കാർക്കും ഹൃദ്യമായ കാഴ്ചയൊരുക്കുന്നു. പൂക്കളെ പ്രണയിക്കുന്നവരാണ് ജൂലി ലൂക്കും ഭർത്താവ് റിട്ട. ജില്ലാ സാമൂഹ്യനീതി ഓഫീസറായ സാബു ജോസഫും.
മികച്ച കൃഷി ഓഫിസര്‍ക്കുള്ള ജില്ലാതല അവാർഡ് ജേതാവാണ് ജൂലി ലൂക്ക്. ബാലഭിക്ഷാടന നിരോധന പ്രവർത്തന മികവിനുള്ള അംഗീകാരം ലഭിച്ചയാളാണ് സാബു ജോസഫ്. മകൻ ഡോ. ജോയൽ ഛണ്ഡിഗഡിൽ എം ഡി വിദ്യാര്‍ത്ഥിയാണ്. സർവീസിൽ ഇരിക്കുമ്പോൾ മുതൽ പൂച്ചെടികളും ഔഷധ ചെടികളും ശേഖരിക്കുമായിരുന്നു. വീട്ടിൽ നല്ലരു പച്ചക്കറിതൊട്ടവും സജീകരിച്ചിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷം കൂടുതൽ സമയവും പൂന്തോട്ടത്തിലാണ്.
യാത്രക്കിടെ കണ്ട നാഴ്സറിയിൽ നിന്നാണ് റെഡ് ജെയിഡ് വൈൻ വാങ്ങിയത്. ചാണകവും എല്ലുപൊടിയുമാണ് വളമായി നൽകിയത്. വളർന്നപ്പോൾ ഇരുമ്പു പൈപ്പുകൾ കൊണ്ട് പന്തൽ നിർമ്മിച്ചു. മുകൾ ഭാഗം മുഴുവൻ പുൽപ്പടർപ്പ് പോലെ പന്തലിച്ച് കിടക്കും. വർഷത്തിൽ ജൂൺ, ജൂലൈ മാസത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. ഇടതൂർന്ന് പൂത്ത് നിൽക്കുന്ന റെഡ് ജെയിഡ് വൈൻ ഹൃദയഹാരിയായ കാഴ്ചയാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം