
ഇന്ത്യയ്ക്ക് നേരെ കൊലവിളി നടത്തുന്ന, ആക്രമണങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന പ്രധാനപ്പെട്ട ഭീകരെ എല്ലാവരെയും സംരക്ഷിക്കുന്നത് പാകിസ്ഥാന്‍. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണത്തിനായി ഈ ഭീകരരെ രാജ്യത്തെ സൈന്യവും ഭരണകൂടവും ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു. എന്നാല്‍ ഇവരാരും പാകിസ്ഥാനിലെ ഒളി കേന്ദ്രങ്ങളിലല്ല തങ്ങളുടെ ജീവിതം തള്ളി നീക്കുന്നത്. മറിച്ച് സ്വതന്ത്രരായി സ്വൈര്യവിഹാരം ചെയ്യുന്നു. രാഷ്ട്രീയക്കാരും സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വരെ ഇവരെ സന്ദര്‍ശിക്കുന്നു.
ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങൾക്കായി ഇവര്‍ പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ചിലപ്പോഴൊക്കെ ഇന്ത്യയില്‍ നിന്നും യുവതി യുവാക്കളെ തങ്ങളുടെ സംഘടനയിലേക്ക് ചാവേറുകളായി റിക്രൂട്ട് ചെയ്യുന്നു. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവത്വത്തെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നു. അതേസമയം കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നല്‍കുന്നവരെല്ലാം സുഖലോലുപ ജീവിതം നയിക്കുന്നു. 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് ശേഷവും ലോകത്തിന് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ചൂണ്ടിക്കാണിച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ നടപടികളോ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഇന്ത്യയ്ക്കും കഴിഞ്ഞിട്ടില്ല.
ഹാഫിസ് സെയ്ദ്
ഈ ഗണത്തിലെ ഒന്നാം പേരുകാരനാണ് ഹാഫിസ് സെയീദ്. 1990 -കളുടെ തുടക്കത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക മതമൗലികവാദ മിഷനറി ഗ്രൂപ്പായ മർകസ്-ഉദ്-ദവാ-വൽ-ഇർഷാദിന്‍റെ സൈനിക വിഭാഗമായി രൂപം കൊണ്ടതാണ് ലഷ്കർ അഥവാ എൽഇടി എന്ന ഭീകര സംഘടന. ഈ സംഘടനയുടെ തലവനാണ് സയീദ് എന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഡയറക്ടർ ഓഫ് നേവൽ ഇന്‍റലിജൻസ് ഓഫീസ് പറയുന്നു.
ഇന്ത്യന്‍ സൈന്യത്തിനും സിവിലയന്മാര്‍ക്കും എതിരെ ഇന്ത്യയിലെമ്പാടും ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്വം ഹാഫിസ് സെയീദിനും ലക്ഷ്കറിനുമാണെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. 2000-ൽ ദില്ലിയിലെ ചെങ്കോട്ടയിലും 2006 -ൽ മുംബൈയിൽ യാത്രാ ട്രെയിനുകളിൽ നടന്ന ബോംബാക്രമണവും മുംബൈ നഗരത്തില്‍ 26/11 -ൽ നടന്ന ആക്രമണങ്ങളും ലഷ്കറിന്‍റെ പേരിലാണ്. അവസാനത്തെ രണ്ട് ആക്രമണങ്ങളില്‍ മാത്രം 360 ഇന്ത്യക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
ഹാഫിസ് സെയീദ് വീട്ട് തടങ്കലിലാണെന്നാണ് പാകിസ്ഥാന്‍റെ അവകാശ വാദം. എന്നാല്‍, പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഹാഫിസ് നേതൃത്വം നല്‍കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ അക്രമിച്ചതിന് പിന്നാലെ പാക് ഉന്നത സൈനീകോദ്യോഗസ്ഥര്‍ ഹാഫിസിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. മാത്രമല്ല, ഇന്ത്യന്‍ ആക്രമണത്തില്‍ ഹാഫിസിനുണ്ടായ നാശനഷ്ടത്തിന് പകരമായി പാകിസ്ഥാന്‍ കോടിക്കണക്കിന് രൂപ ഹാഫിന് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, യുഎസും യുഎന്നും ഹാഫിന്‍റെ തലയ്ക്ക് 10 മില്യണ്‍ ഡോളറാണ് (ഏതാണ്ട് 86 കോടി രൂപ) വിലയിട്ടത്. ലാഹോറില്‍ വിശ്വസ്ഥരായ ആയുധധാരികളുടെ സംരക്ഷണയിൽ സ്വതന്ത്രനായി ജീവിക്കുകയാണ് ഹാഫിസ് സെയീദ്. ഒപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ, ഹാഫിസ് സെയീദ് നടത്തുന്ന മുരിദ്കെയിലെ ലഷ്‌കർ ആസ്ഥാനം തകർത്തിരുന്നു.
മസൂദ് അസ്ഹർ
ഇന്ത്യ തേടുന്ന രണ്ടാമത്തെ ഭീകരനാണ് മസൂദ് അസ്ഹർ. പാകിസ്ഥാന്‍ സൈന്യത്തിന്‍റെയും ഇന്‍റലിജന്‍സ് ഏജന്‍സികളുടെയും തണലില്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘനയുടെ തലവനാണ് മസൂദ് അസ്ഹര്‍. 59 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണവും ഉറി ഭീകരാക്രമണവും സൂത്രധാരണം ചെയ്ത് നടപ്പാക്കിയത് മസൂദ് അസ്ഹറാണ്. ഈ ആക്രമണങ്ങൾക്ക് പിന്നാലെ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി മുദ്രകുത്തി.
മസൂദ് അസറിന്‍റെ ആസ്ഥാനം തങ്ങൾക്ക് അറിയില്ലെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നവംബറിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഇസ്ലാമിക് സെമിനാരിയിൽ മസൂദ് പ്രസംഗിക്കുകയും ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോകൾ പാക് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. പിന്നാലെ മസൂദിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഒപ്പറേഷന്‍ സിന്ദൂരില്‍ മസൂദിന്‍റെ ബഹവൽപൂരിലെ ഇസ്ലാമിക തീവ്രവാദ ക്യാമ്പ് ഇന്ത്യ അക്രമിച്ച് വലിയ നാശനഷ്ടം വരുത്തിയിരുന്നു. ഇന്ത്യ നശിപ്പിച്ച ഈ ക്യാമ്പുകൾ പുനര്‍മ്മിക്കാന്‍ പാക് സര്‍ക്കാര്‍ നടപടിയെടുത്തെന്നും പിന്നാലെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു.
സാക്കിയുർ റഹ്മാൻ ലഖ്‌വി
ലഷ്കർ ഇ തൊയ്ബ എന്ന തീവ്രവാദ സംഘടനയിലെ പ്രധാനിയാണ് ഇന്ത്യ തേടുന്ന സാക്കിയുർ റഹ്മാന്‍ ലഖ്‍വി. ഇയാള്‍ ലഷ്കർ ഇ തൊയ്ബയുടെ സൈനിക മേധാവിയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 26/11 -ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ കൂടിയാണ് ലഖ്‍വി. ചെറിയ കാലത്തേക്ക് പാക് സര്‍ക്കാര്‍ ലഖ്‍വിയെ ജയിലില്‍ അടച്ചെങ്കിലും ഇന്ന് സ്വതന്ത്രനാണ്. മുംബൈ ആക്രമണത്തിലെ ലഖ്‌വിയുടെ പങ്കിന് ഇന്ത്യ പാകിസ്ഥാന് തെളിവ് കൈമാറിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
2020 ലെ ആഗോള ഭീകരവിരുദ്ധ ധനസഹായ നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ 'ഗ്രേ ലിസ്റ്റിൽ' പാകിസ്ഥാനും ഇടം പിടിച്ചിരുന്നു. ഇക്കാലത്ത് ഇസ്ലാമാബാദിലുണ്ടായിരുന്ന ലഖ്‌വിക്ക് കാര്യമായ സാമ്പത്തിക ഉപരോധങ്ങൾ നേരിടേണ്ടിവന്നു. പഞ്ചാബ്, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ സ്വന്തം സ്ഥാപനങ്ങളും വിലാസങ്ങളും ഇയാൾക്കുണ്ട്. പാക് സൈന്യവും ചൈനയും ഇയാൾക്ക് സംരക്ഷണം നല്‍കുന്നെന്ന് ഇന്ത്യ ആരോപിക്കുന്നു. യുഎന്‍ ലഖ്‍വിയെ തീവ്രവാദ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ശ്രമിച്ചപ്പോൾ ചൈനയായിരുന്നു അതിന് തടയിട്ടത്.
സയ്യിദ് സലാഹുദ്ദീൻ
കശ്മീർ താഴ്‌വരയെ 'ഇന്ത്യൻ സൈന്യത്തിന്‍റെ ശവക്കുഴി' ആക്കുമെന്ന് പ്രതിജ്ഞയെടുത്ത ആളാണ് സയ്യിദ് സലാഹുദ്ദീൻ. ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടനയുടെ തലവൻ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയും സലാഹുദ്ദീനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. എന്നാല്‍ സലാഹുദ്ദീൻ ഇന്നും പാക് അധിനിവേശ കശ്മീരിൽ ഇന്ത്യാ വിരുദ്ധ റാലികൾക്ക് നേതൃത്വം നൽകുകയും ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
ദാവൂദ് ഇബ്രാഹിം
ലോകത്തിലെ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെടുന്ന കുറ്റവാളികളിൽ ഒരാൾ. മാഫിയ തലവൻ. കുപ്രസിദ്ധമായ ഡി-കമ്പനി ക്രൈം സിൻഡിക്കേറ്റിന്‍റെ തലവൻ. കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, തീവ്രവാദം, കള്ളനോട്ട് എന്നീ കുറ്റങ്ങളാണ് ദാവൂദിന് മേലുള്ളത്. മുംബൈ ആസ്ഥനമാക്കിയായിരുന്നു തൊണ്ണൂറുകളില്‍ ദാവൂദിന്‍റെ കുറ്റകൃത്യങ്ങളത്രയും. പിന്നാലെ മുംബൈ പോലീസ് വേട്ടയാരംഭിച്ചപ്പോൾ പാകിസ്ഥാനിലേക്ക് ഒളിച്ചോടി.
2003-ൽ ഇന്ത്യയും യുഎസും ദാവൂദിനെ 'ആഗോള ഭീകരൻ' എന്ന് മുദ്രകുത്തി, മുംബൈയിൽ നടന്ന ബോംബാക്രമണത്തിലെ പങ്കിന്‍റെ പേരിൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ദാവൂദിനെ ഉൾപ്പെടുത്തിയിരുന്നു. 25 മില്യണാണ് (ഏതാണ്ട് 215 കോടി രൂപ) ദാവൂദിന്‍റെ തലയ്ക്ക് യുഎസ് പ്രഖ്യാപിച്ച ഇനാം. കാറാച്ചിയിലിരുന്ന് ദുബൈയിൽ ഇന്നും സജീവമായി ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങൾക്ക് ദാവൂദ് ചുക്കാന്‍ പിടിക്കുന്നു. പാക് സര്‍ക്കാര്‍, പാക് ഇന്‍റലിജന്‍സ് ഏജന്‍സി, പാക് ഇന്‍റർ-സർവീസസ് ഇന്‍റലിജൻസ് എന്നിവയുടെ സംരക്ഷണിയിലാണ് ഇന്ന് ദാവൂദ്.
ഇഖ്ബാൽ ഭട്‍കൽ / റിയാസ് ഭട്‍കൽ
ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകനാണ് ഇഖ്ബാൽ ഭട്‍കൽ എന്ന ബോംബർ ഇഖ്ബാൽ ഭട്‍കൽ. സഹ സ്ഥാപകനും സഹോദരനുമായ റിയാസ് ഭട്കലും ചേര്‍ന്നാണ് തീവ്രവാദ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്. ഇരുവരും കറാച്ചിയില്‍ ഇരുന്ന് ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളെ സജീവമാക്കുന്നു.
ഇത്തരം തീവ്രവാദ സംഘങ്ങളെ സ്വന്തം രാജ്യത്ത് താമസിപ്പിച്ച് തങ്ങളുടെ അധികാരവും പണവും സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ മറഞ്ഞിരുന്ന് യുദ്ധം ചെയ്യാനാണ് ഇന്നും പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ചൈന പ്രത്യക്ഷമായി തന്നെ പാകിസ്ഥാന്‍റെ ഇത്തരം നടപടികളെ ലോകത്തിന് മുന്നില്‍ ന്യായീകരിക്കുകയും സംരക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി തീവ്രവാദ സംഘങ്ങളെയാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ വളര്‍ത്തുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളിൽ ഇസ്ലാമാബാദിന്‍റെ പങ്ക് ഇന്ത്യ ഉയര്‍ത്തിക്കാട്ടിയപ്പോഴൊക്കെ ചൈന അതിനെതിരായി നിലപാടുമായി മുന്നോട്ട് വരുന്ന കാഴ്ച ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.