
വര: മുഖ്താര്‍ ഉദരംപൊയില്‍
.............................................................
എട്ടുകാലി ഒരു നപുംസകമാണെന്നാണ് സ്ത്രീകള്‍ക്കിടയിലുള്ള സംസാരം. മൂപ്പര്‍ക്കെല്ലാവരോടു വലിയ കാര്യമാണ്, ആരെന്താവശ്യപ്പെട്ടാലും യാതൊരു മടിയും കൂടാതെ ചെയ്തു കൊടുക്കും. മണ്ടന്‍ മൂത്തപ്പയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബെല്‍ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി വൃത്തിയാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്.
വൈക്കം മുഹമ്മദ് ബഷീറെന്ന ബേപ്പൂര്‍ സുല്‍ത്താന്‍ ഇന്നില്ല. ഇന്നില്ലെന്ന് പറയുമ്പോള്‍ അത് ഭൗതികമായ ഇല്ലായ്മ മാത്രമാണ്. കാരണം, ബഷീര്‍ ബഷീര്‍ മാത്രമായിരുന്നില്ലുല്ലോ. അദ്ദേഹം എഴുത്തുമായിരുന്നു. ആ കഥാപാത്രങ്ങളുമായിരുന്നു. ബഷീറിയന്‍ ഗഡാഗഡിയന്‍ കഥാപാത്രങ്ങളാരും മരിക്കാത്തിടത്തോളം, ഇന്നും കൂടെയുള്ളപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനും കഴിയില്ല. അത്രയ്ക്ക് അരികിലാണ് ആ കഥാപാത്രങ്ങള്‍. നമുക്കിടയില്‍ നിന്നു വന്നവരായതിനാലാവും ആ കഘാപാത്രങ്ങളെല്ലാം ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത്.
ഓര്‍മ്മയിലിപ്പോഴും മജീദുണ്ട്. സുഹ്‌റയുണ്ട്. ശബ്ദം കൊണ്ടുമാത്രം നമ്മെ തൊടുന്ന മതിലുകളിലെ നാരായണിയുണ്ട്. അതൊരു കുയ്യാനയായിരുന്നുവെന്ന് ചിരിക്കുന്ന കുഞ്ഞുതാച്ചുമ്മയും മകള്‍ കുഞ്ഞുപാത്തുമ്മയുമുണ്ട്.
നിങ്ങളുടെ ഓര്‍മ്മയിലുമില്ലേ എട്ടുകാലിമമ്മൂഞ്ഞ്? ചുറ്റുപാടും നോക്കുമ്പോള്‍ മമ്മൂഞ്ഞിനെപ്പോലെ എത്രപേരാണ്! എവിടെയെങ്കിലുമൊരു സംഭവം നടന്നാല്‍ 'അതു ഞമ്മളാണ്' എന്നു പറഞ്ഞ് എന്തിനുമേതിനും പിതൃത്വമവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞ് നമുക്ക് ചുറ്റിലുമില്ലേ?
ചെറിയ തലയും പൊക്കക്കുറവുമുള്ള മമ്മൂഞ്ഞിന് എടുത്തു പറയാനുണ്ടായിരുന്നത് രണ്ടു വശത്തേക്കും ഓരോ മുഴം നീളത്തില്‍ വളര്‍ന്നു നില്ക്കുന്ന മീശയാണ്. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്താ നീളന്‍ മീശ മുട്ടിച്ചുവെന്ന് പറഞ്ഞ് അതിലൂറ്റം കൊള്ളലാണ് മൂപ്പരുടെ വിനോദം.
കോട്ടുമമ്മൂഞ്ഞെന്ന് ഇരട്ടപ്പേരുള്ള (ചീട്ടുകളിക്കിടയില്‍ തുടക്കത്തില്‍ത്തന്നെ താന്‍പോരിമ പ്രകടിപ്പിക്കാന്‍ അനാവശ്യമായി 'കോട്ടുണ്ടോ'(challenge) എന്ന ചോദ്യമുന്നയിക്കുന്നതിനാല്‍ വീണ വിളിപ്പോരാണത്)
എട്ടുകാലി ഒരു നപുംസകമാണെന്നാണ് സ്ത്രീകള്‍ക്കിടയിലുള്ള സംസാരം. മൂപ്പര്‍ക്കെല്ലാവരോടു വലിയ കാര്യമാണ്, ആരെന്താവശ്യപ്പെട്ടാലും യാതൊരു മടിയും കൂടാതെ ചെയ്തു കൊടുക്കും. മണ്ടന്‍ മൂത്തപ്പയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക് കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബെല്‍ട്ട് പോളീഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി വൃത്തിയാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്.
എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എന്നാലും എട്ടുകാലിമമ്മൂഞ്ഞ് എല്ലാവരെയും സ്നേഹിക്കുന്നു.
'സംഗതി അറിഞ്ഞോ' എന്ന മുഖവുരയോടെയാവും മൂപ്പരുടെ തുടക്കം അങ്ങിനെയൊരുദിവസം കൊണ്ടുവന്ന സംഗതിയാണ് നാട്ടിലെ അറുപിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ താച്ചിയുടെ (വേലക്കാരിയായ് വന്ന്, ഭാര്യയായാല്‍ ശമ്പളം കൊടുക്കേണ്ടെന്നു കരുതി താച്ചിയെ കല്യാണം കഴിച്ച പിശുക്കനാണ് അന്ത്രു) ഗര്‍ഭത്തിനുത്തരവാദിത്തം മൂപ്പരു സ്വയമേറ്റെടുത്തത്.
പത്തുമാസം കഴിഞ്ഞിട്ടും പ്രസവിക്കാത്ത താച്ചി വൈദ്യപരിശോധനയില്‍ ഗര്‍ഭിണിയല്ലെന്നറിയുന്നു. മമ്മൂഞ്ഞിന്റെ എട്ടുകാലിപോലെ പടര്‍ന്നു കയറുന്ന നട്ടാല്‍ കുരുക്കാത്ത അവകാശവാദം തുറന്നു കാട്ടപ്പെടുന്നു.
എട്ടുകാലി മമ്മൂഞ്ഞെന്ന കഥാപാത്രത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനായ് ഇന്നുമുപയോഗിക്കാറുള്ള ഉപമയാണ് ലക്ഷ്മിക്കുട്ടിയുടെ ഗര്‍ഭം. മമ്മൂഞ്ഞറിയാതെ പോയതാണ് ലക്ഷ്മിക്കുട്ടി ഗര്‍ഭിണിയാണെന്ന വാര്‍ത്ത. അത് ചായക്കടയില്‍ സംസാരമദ്ധ്യേ കടന്നു വരുമ്പോള്‍ മൂപ്പര് പറയുന്നു, 'അതു ഞമ്മളാ' എന്ന്. എന്നാല്‍, എട്ടുകാലി മമ്മൂഞ്ഞ് അറിയുന്നില്ല, ലക്ഷ്മിക്കുട്ടി മനയ്ക്കലെ ആനയാണെന്ന്. ഇതേ അക്കിടി നമ്മുടെ ചുറ്റിലുമുള്ള മമ്മൂഞ്ഞുമാര്‍ക്കും പറ്റാറുണ്ട്.
കഥാപാത്രത്തിന്റെ സൂക്ഷ്മാംശത്തിലേക്കു കടന്നു ചെല്ലുകയാണ് മറ്റനേം ബഷീര്‍ കഥാപാത്രങ്ങളെ പോലെ മമ്മൂഞ്ഞും. കഥാപാത്രങ്ങളെ നമുക്കു വിട്ടുതന്ന് നമ്മുടെ പരിചയക്കാരിലേക്ക് സംക്രമിപ്പിക്കുന്ന ആ കിടിലന്‍ രചനാചാതുരിതന്നെയാണ് ഇത്തരം കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലുറച്ചു നില്‍ക്കുന്ന രഹസ്യവും.
അതിനാല്‍, സുല്‍ത്താനേ അറിയുക, 'ഇല്ലാ ഇല്ല മരിച്ചിട്ടില്ല, ബേപ്പൂര്‍ സുല്‍ത്താന്‍ മരിക്കില്ല!'
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.