'ജീവിക്കുന്ന ഫോസില്‍'; കേരളത്തില്‍ നിന്നും കണ്ടെത്തിയ 'ഏനിഗ്മചന്ന ഗൊള്ളം' മത്സ്യത്തെ കുറിച്ച് കൂടുതല്‍ പഠനം

By Web TeamFirst Published Oct 1, 2020, 12:27 PM IST
Highlights

ഏകദേശം രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് മാസത്തിലെ പ്രളയസമയത്താണ് ഇതിനെ ആകസ്മികമായി കണ്ടെത്തുന്നത്. വെള്ളപ്പൊക്കമുണ്ടായതിന് തൊട്ടുപിന്നാലെ കേരളത്തിലെ നെൽവയലുകളിൽ നിന്നാണ് അവയെ കണ്ടെത്തിയത്. 

കഴിഞ്ഞ വർഷം മെയിൽ കേരളത്തിലെയും, ബ്രിട്ടനിലെയും ഒരുകൂട്ടം ശാസ്ത്രജ്ഞർ ചേർന്ന് കേരളത്തിലെ പാടങ്ങളിൽ നിന്ന് പുതിയൊരിനം മത്സ്യത്തെ കണ്ടെത്തുകയുണ്ടായി. അവർ അതിന് 'ഏനിഗ്മചന്ന ഗൊള്ളം' എന്ന ശാസ്ത്രീയനാമവും നൽകി. സാധാരണ കണ്ടുവരുന്ന സ്നേക്ക്ഹെഡ് മത്സ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ ഇനം. അവയെ കുറിച്ച് നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, ശാസ്ത്രജ്ഞർ ഇതിനെ 'ജീവനുള്ള ഫോസിൽ’എന്നാണ് വിശേഷിപ്പിച്ചത്. കാരണം, അത്രയേറെ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഏറെ മാറ്റത്തിനൊന്നും വിധേയമാകാത്ത മത്സ്യമാണത്രെ ഇത്.

അവയിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് ഈ ഇനം മൽസ്യം പുരാതന ഗോണ്ട്വാനൻ വംശത്തിന്റെ പിന്തുടർച്ചക്കാരാണ് എന്നാണ്. ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായ പല വ്യതിയാനങ്ങളെയും തകര്‍ച്ചകളെയും അതിജീവിച്ചവയാണ് അവ. ഭൂഗർഭജലത്തിന്റെ ആഴങ്ങളിൽ വസിക്കുന്ന ഈ മത്സ്യം ഒറ്റപ്പെട്ടു കഴിയുന്നു. അതിനാലാണ് അവയുടെ സ്വഭാവവും സവിശേഷതകളും ഇത്ര ലക്ഷം വര്‍ഷങ്ങളായിട്ടും വികസിക്കാതിരുന്നത്. അതുകൊണ്ടുതന്നെ, ചരിത്രാതീതകാലത്തെ സമുദ്രജീവിതത്തെ കുറിച്ചറിയാൻ ഇവ സഹായകമാകുന്നുവെന്നും പഠനത്തിൽ പറയുന്നു. 

"എന്‍റെ കരിയറിലുടനീളം ഞാൻ നിരവധി വിചിത്രമായ മത്സ്യങ്ങളെ കണ്ടിട്ടുണ്ടെങ്കിലും, ഗൊള്ളം സ്നേക്ക്ഹെഡ് മറ്റെല്ലാത്തതിനെക്കാളും വ്യത്യസ്‍തമാണ്. അത്തരമൊരു മത്സ്യം പശ്ചിമഘട്ടത്തിലോ, അല്ലെങ്കിൽ മറ്റെവിടെങ്കിലും ഉണ്ടാകുമോ എന്ന് എന്നോട് ചോദിച്ചിരുന്നെങ്കിൽ, ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ലെന്നേ ഞാൻ പറയുമായിരുന്നുള്ളൂ” പഠനത്തിന് നേതൃത്വം നൽകിയ ജർമ്മനിയിലെ ഡ്രെസ്ഡനിലെ സെൻകെൻബെർഗ് മ്യൂസിയത്തിൽ നിന്നുള്ള റാൽഫ് ബ്രിറ്റ്സ് പറഞ്ഞു.

ഏകദേശം രണ്ടുവർഷം മുമ്പ് ഓഗസ്റ്റ് മാസത്തിലെ പ്രളയസമയത്താണ് ഇതിനെ ആകസ്മികമായി കണ്ടെത്തുന്നത്.  വെള്ളപ്പൊക്കമുണ്ടായതിന് തൊട്ടുപിന്നാലെ കേരളത്തിലെ നെൽവയലുകളിൽ നിന്നാണ് അവയെ കണ്ടെത്തിയത്. തുടർന്ന് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയായിരുന്നു. അങ്ങനെയാണ് ഇതിനെ കുറിച്ച് ശാസ്ത്രലോകം അറിയുന്നത്. ഇതിനൊപ്പം തന്നെ കേരളത്തിലെ കിണറിൽ നിന്ന് വരാലിനോട് സാദൃശ്യമുള്ള മറ്റൊരു ഇനം സ്നേക്ക്ഹെഡ് മൽസ്യത്തെയും കണ്ടെത്തിയിരുന്നു. 

കേരളത്തിലെ ഭൂഗർഭ ജലത്തിൽ ഇതുപോലെയുള്ള പല അപൂർവ്വ ഇനം മത്സ്യങ്ങളും അധിവസിക്കുന്നുണ്ട്. "എന്നാൽ, മലിനീകരണവും, ഭൂഗർഭജല ചൂഷണവും കാരണം നാട്ടിലെ ഭൂഗർഭ പരിസ്ഥിതി വ്യവസ്ഥകൾ ഉയർന്ന തോതിലുള്ള ഭീഷണി നേരിടുകയാണ് ഇപ്പോൾ. തൽഫലമായി, ആ ഇനങ്ങളെ കുറിച്ച് ശാസ്ത്രലോകം അറിയുന്നതിന് മുൻപ് തന്നെ അവയെ നമുക്ക് നഷ്ടപ്പെടാം" പഠനത്തിന്റെ രചയിതാവ് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷണ ശാസ്ത്രജ്ഞൻ നീലേഷ് ദഹാനുകർ ഒരു പ്രസ്താവനയിൽ പറഞ്ഞു. 

click me!