പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ

By റിയ ഫാത്തിമFirst Published Jul 4, 2018, 5:31 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • റിയ ഫാത്തിമ എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ഈയടുത്ത് ചാനലില്‍ കണ്ട 'സ്‌കൂള്‍ ബെഞ്ചിലെ ഭാര്യമാര്‍' എന്ന സ്്‌റ്റോറി ഉള്ളിലെ ഒരോര്‍മ്മയിലാണ് ചെന്നു കൊണ്ടത്. ആ ഓര്‍മ്മയില്‍ അവളുണ്ട്. അവളുടെ അഭാവമുണ്ട്. 

പത്താംക്ലാസ്സിന്റെ തുടക്കത്തില്‍  ഒരു കുഞ്ഞു പ്രണയത്തെ പേടിച്ചു വീട്ടുകാരെടുത്ത കരുതലില്‍ എന്റെ ക്ലാസ്സിലേക്ക സ്‌കൂള്‍ മാറി വന്നതാണവള്‍, അന്നുമുതല്‍ ക്ലാസ്സിലെ സകല കോഴികളും അവളുടെ പിന്നാലെ കൂടി.  അവരേം കുറ്റം പറയാന്‍ പറ്റില്ല, നല്ല വെളുത്തു തടിച്ചു കൊഴുത്ത് ഒരു സുന്ദരിപ്പെണ്ണ്.   എനിക്കവളുടെ അടുത്തിരിക്കാന്‍ ഇഷ്ടാണ്. കാരണം എന്റെ തോളില്‍ തല വെച്ച്, ചെവിയിലവള്‍ 'മനസ്സിന്‍ മടിയിലെ മന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ.. ' എന്ന് പാടിത്തരും. അന്നേരം ഞാനെന്റെ ഉമ്മാന്റെ മുഖമോര്‍ത്തിരിക്കും.
 
ഇഷ്ടം പറഞ്ഞു വരുന്ന എല്ലാവരോടും അവള്‍ക്കും നിഷ്‌കളങ്കമായ സ്‌നേഹമാണ്.

'നീയെന്തിനാ  എല്ലാരോടും ഇങ്ങനെ ചിരിക്കുന്നെ?' എന്നൊരിക്കല്‍, എന്നിലെ ഇപ്പോഴില്ലാത്ത കുലസ്ത്രീ അവളോട് ചോദിച്ചപ്പോള്‍ 'സ്‌നേഹമാണെന്ന് പറഞ്ഞുവരുന്നവരോട് എന്തിനാ വെറുതെ ദേഷ്യം കാണിക്കുന്നത്?' എന്നെന്നോട് തിരിച്ചു ചോദിച്ചവളാണ്.

പത്താംക്ളാസ്സിലെ അവസാനപരീക്ഷ കഴിഞ്ഞു അവളെ കൂട്ടാന്‍ വന്നത് അവള്‍ക്ക് നിക്കാഹുറപ്പിച്ച ആളാണ്. അവളൊരുപാട് സന്തോഷത്തോടെ എന്നോട് പറഞ്ഞു 'ഞങ്ങള് കറങ്ങാന്‍ പോവാണ്' എന്ന്. 

അന്ന്  പുളിമിട്ടായി തിന്ന് ഞാനവളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. 

റിസള്‍ട്ട്, പത്ത് എ പ്ലസ്, ഏകജാലകം, ഏത് സ്ട്രീം എടുക്കണം, എനിക്ക് ക്രഷ് തോന്നിയ ചെക്കനെ ഇനി കാണാന്‍ പറ്റില്ല, ഇത്യാദി ചിന്തകള്‍ മനസ്സിലിട്ട്  തലപുണ്ണാക്കി നടന്ന എന്റെ മുന്നിലൂടെ കണ്ണില്‍ നിറച്ചു കല്യാണ സ്വപ്നങ്ങളുമായി അവള്‍ നടന്നുപോയി, ഞാനാദ്യമായി ധാവണിയുടുത്തത് അവളുടെ കല്യാണത്തിനാണ്.  തൊട്ടടുത്ത വര്‍ഷം പ്രസവം.

ഞാന്‍ ഇന്ന് പിജി ഏതെടുത്തു പഠിക്കണം, എവിടെ പഠിക്കണം എന്നൊക്കെ ചിന്തിക്കുമ്പോള്‍ അവള്‍ അവളുടെ മക്കളുടെ ഭാവിയാകും സ്വപ്നം കാണുന്നത്. ഒരുപക്ഷെ ഇന്നും  അവള്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തിന്റെ സാധ്യതകളെ കുറിച്ച് അവള്‍ക്കറിവുണ്ടാകില്ല. കാരണം അവളെ മറ്റൊരു കുടുംബത്തിലേക്ക് പറഞ്ഞയക്കാന്‍ വേണ്ടി വളര്‍ത്തിയതാണ്!

നാട്ടുനടപ്പിന്റെ പാഠങ്ങള്‍

അവള്‍ ഒരാളല്ല. നമുക്ക് ചുറ്റുമുള്ള അനേകം പെണ്‍കുട്ടികള്‍ അവള്‍ തന്നെയാണ്. അവര്‍ ഇങ്ങനെയാവുന്നത് നിലനില്‍ക്കുന്ന ചില വീട്ടു സാഹചര്യങ്ങള്‍ കാരണമാണ്. ചില നാട്ടുനടപ്പുകള്‍ മൂലമാണ്. ആണ്‍കോയ്മയുടെ പാട്രിയാര്‍ക്കല്‍ വ്യവസ്ഥ നട്ട് വളര്‍ത്തിയ ഒരു സ്ത്രീ വിരുദ്ധ ജീവിതാവസ്ഥ കാരണമാണ്. 

ഈ നാട്ടുനടപ്പിന്റെ പാഠങ്ങള്‍ കുഞ്ഞുന്നാളിലേ മുതല്‍ കേട്ടു തുടങ്ങും.  വീട്ടില്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്ന മൂന്ന് ഡയലോഗുകള്‍ താഴെ എഴുതുന്നു. ഒരുപക്ഷേ, ഇന്നാട്ടിലെ മറ്റു വീടുകളിലും കേള്‍ക്കുന്നതായിരിക്കും ഇവ. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ചു പറയുന്ന വാക്കുകളില്‍ മാറ്റം വന്നേക്കാം പക്ഷെ അവരുദ്ദേശിക്കുന്നത് ഒറ്റകാര്യമാണ് 'ചിറകൊതുക്കി ഇരുന്നേക്കുക, നീ വില്‍ക്കപ്പെടേണ്ടവളാണ്'

രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുമ്പോള്‍ കേള്‍ക്കുന്നത്: 
'ഇത്ര നേരം ഉറങ്ങിക്കൂടാ, മറ്റൊരു കുടുംബത്തേക്ക് ചെന്ന് കേറേണ്ട പെണ്ണാണ്'

ഇക്കാക്ക എന്നെ തല്ലുമ്പോള്‍ കേള്‍ക്കുന്നത്: 
'പെണ്ണിനെ കേടുവരുത്തല്ലേ, ഒരുത്തനു വെള്ളം മുക്കിക്കൊടുക്കേണ്ടവളാണ്'

പതിവായി കേള്‍ക്കുന്നത്: 
'ഒരുത്തന്റെ ഒരുത്തിയാകേണ്ടവളാണ്'

ഈ മൂന്ന് ഡയലോഗാണ് വീട്ടില്‍ സ്ഥിരമായി കേട്ടുകൊണ്ടിരുന്നത്. 

തീര്‍ന്നില്ല, വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ വീടകങ്ങളില്‍ സദാ മുഴങ്ങുന്ന ചില ഡയലോഗുകള്‍ കൂടി എടുത്തു പറയേണ്ടതുണ്ട്. ഞാനാദ്യം പറഞ്ഞ വാചകങ്ങള്‍ പോലെ, സദാ ചുറ്റും കേട്ടുകൊണ്ടിരിക്കുന്ന മറ്റ് വാചകങ്ങളാണിവ. 

'നൂറുപവനും കാറും, ഏറ്റവും കുറഞ്ഞത് അമ്പതുപവന്‍ എങ്കിലും വേണം'

'പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പെണ്ണിന്റെ സൗന്ദര്യം കെട്ടുപോകും'

'ഇതിന്റെ താഴെ രണ്ടു പെണ്‍കുട്ടികളാണ്'

'പ്രാരബ്ധമാണ്'

ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു ഭാവിയുടെ സകല പ്രതീക്ഷകളും തല്ലിക്കെടുത്തി വെറുമൊരു 'ഭാര്യ' മാത്രമാക്കി പെണ്മക്കളെ വിറ്റൊഴിവാക്കുന്നതിന്റെ പേരാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ വിവാഹം. മാതാപിതാക്കളുടെ സ്‌നേഹം മുഴുവന്‍ ഊറ്റിവലിച്ചെടുത്ത് വലിയ വിലക്ക് വാങ്ങാനെത്തുന്നവര്‍ക്ക് കൊടുക്കാനുള്ളതല്ല പെണ്മക്കള്‍ എന്ന് അവര്‍ക്കെങ്ങനെയാണ് മനസ്സിലാക്കി കൊടുക്കുക?  മാതാപിതാക്കളുടെ ആയുഷ്‌കാല സമ്പാദ്യം മുഴുവന്‍ എന്തിനാണിങ്ങനെ പെണ്‍മക്കള്‍ക്ക് വിലയിടാന്‍ കൊടുക്കുന്നത്? അതിന്റെ നാലിലൊന്ന് ചിലവിട്ട് അവരുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിച്ചാല്‍ പെണ്‍കുട്ടികള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി തരും, പതിനെട്ടു തികയാത്തവരുടെ കല്യാണത്തിന് പള്ളിയില്‍ സൂക്ഷിക്കുന്ന രഹസ്യ രജിസ്റ്ററില്‍ മാത്രം പതിയാനുള്ളതല്ല അവരുടെ പേരുകളെന്ന് !

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...
 

click me!