Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

  • എനിക്കും ചിലത് പറയാനുണ്ട്
  • അനഘ നായര്‍ എഴുതുന്നു
speak up Anagha Nair

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up Anagha Nair

ഒരു അനുഭവം പങ്കുവെയ്ക്കട്ടെ , ഈയടുത്ത് ഒരു ദിവസം അധ്യാപികയായ എന്റെ അമ്മയെ സ്‌ക്കൂളില്‍ നിന്ന് കൊണ്ടുവരാനായി സ്‌ക്കൂളിനോട് ഏതാണ്ട് അടുത്തുള്ള ഒരു സ്ഥലത്ത് ഏകദേശം ഒരു ഇരുപത് മിനിറ്റ് നേരം എനിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. അമ്മ വരാന്‍ വൈകിയതായിരുന്നു കാരണം എന്ന് എടുത്ത് പറയട്ടെ. വണ്ടി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ അതിന്റെ അടുത്ത് നിന്നു.

തൊട്ടടുത്ത കടയില്‍ നിന്ന ഒരു നാല് പേര്‍ എന്നെ തന്നെ നോക്കുന്നതായി  ശ്രദ്ധയില്‍ പെട്ടു. ഫോണില്‍ ബാലന്‍സ് കുറവായത് കൊണ്ട് ഒരു മിസ്ഡ് കോള്‍ നല്‍കി ഞാന്‍ കാത്ത് നില്‍ക്കുന്നുണ്ടെന്ന് അമ്മയെ വീണ്ടും ഓര്‍മിപ്പിച്ചു. ഒരു പത്ത് മിനിറ്റോളം എന്നെ തുറിച്ച്‌നോക്കിക്കൊണ്ടിരുന്ന അവര്‍ അടുത്ത് വന്ന് അല്പം ദേഷ്യത്തോടെ 'എന്താണ് ഇവിടെ കാര്യം' എന്ന ചോദ്യം മുന്നിലേക്കിട്ടു.

ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതുമായിരുന്നു.

ഉദാസീനമായി ഞാന്‍ ഉത്തരം നല്‍കി 'ഒരാളെ വെയിറ്റ് ചെയ്യുന്നു'.

'വീടെവിടെ' അടുത്ത ചോദ്യം.

'ഇവിടെ അടുത്താണ് ' എന്ന് മാത്രം പറഞ്ഞ് മാറിനിന്നത് കൊണ്ടാവണം പീന്നീട് ചോദ്യങ്ങളുണ്ടായില്ലെങ്കിലും ചിരിയും പരിഹാസവും ഒരു തരം ദഹിപ്പിക്കുന്ന നോട്ടവും അങ്ങേയറ്റം വേദനയോടെ ഞാനേറ്റ് വാങ്ങേണ്ടി വന്നു. ആ സമയം ബൈക്കില്‍ പോയ ഒന്ന് രണ്ട് സുമനസ്സുകളുടെ 'പെട്രാള്‍ തീര്‍ന്നതാണോ , ഒരു കുപ്പി തന്നാല്‍ വാങ്ങി വരാം'  എന്ന കരുതലോടെയുള്ള അന്വേഷണത്തിനും ഞാന്‍ പാത്രമായി. നല്ല മനുഷ്യരും അവിടെ ഉണ്ടെന്ന ഒരു സൂചന അവര്‍ക്ക് തരാന്‍ സാധിച്ചു.
                 
ഈ സംഭവം എന്നെ വേദനിപ്പിക്കാന്‍ കാരണം മറ്റൊന്ന് കൂടെയുണ്ട്. അന്ന് ഞാന്‍ നിന്നതിന്റെ തൊട്ടടുത്ത് എന്നെ പോലെ വണ്ടി നിര്‍ത്തി ഫോണില്‍ സംസാരിക്കുന്ന, ഗെയിം കളിച്ചിരിക്കുന്ന ഏതാണ്ട് എന്റെ സമപ്രായക്കാരായ ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്കൊന്നും ഇത്തരം പരിഹാസങ്ങളും ചോദ്യങ്ങളും നേരിടേണ്ടി വന്നില്ല. പക്ഷേ എനിക്കോ?

അതിന്റെ കാരണം അന്വേഷിച്ച് അധിക നേരം നില്‍ക്കേണ്ടി വന്നില്ല. ഞാന്‍ ഒരു പെണ്‍കുട്ടിയായി ജനിച്ചു, അത്രയേയുള്ളു.അന്നത്തെ അവരുടെ ചിരിയുടേയും നോട്ടത്തിന്റെയും അര്‍ത്ഥം മുഴുവനായി മനസ്സിലായില്ലെങ്കിലും അത് നല്ല രീതിയിലുള്ള ഒന്നല്ല എന്നും മറ്റെന്തോ ഒന്ന് അവര്‍ പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമായി.
             
മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈ കടത്താന്‍ നിങ്ങള്‍ക്കെന്ത് അവകാശം? ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ് എന്ന് വലിയ വായില്‍ ഘോരഘോരം പ്രസംഗിക്കുന്ന നമുക്കിടയില്‍ ലിംഗവ്യത്യാസം തീരാശാപമാണ് എന്ന് അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. എങ്കിലും ഇത്തരം അനുഭവങ്ങളോടെല്ലാം ഉദാസീനത പുലര്‍ത്തി നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തന്നെ വെയിലും മഴയും വെളിച്ചവും തട്ടി വളരട്ടെ!

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

 

 

Follow Us:
Download App:
  • android
  • ios