Asianet News MalayalamAsianet News Malayalam

ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

  • എനിക്കും ചിലത് പറയാനുണ്ട്
  • നോമിയ രഞ്ജന്‍ എഴുതുന്നു
Speak Up Nomiya Renjan

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
Speak Up Nomiya Renjan

ഇന്ന് രാവിലെയാണ്.  ഒരു സുഹൃത്ത് വാട്ട്‌സപ്പില്‍ ഒരു ഫോട്ടോ ഫോര്‍വേഡ് ചെയ്തു. ചിത്രവും അടിക്കുറിപ്പും കണ്ടപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലെത്തി. തമാശയുടെയും ചിരിയുടെയും മറവില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത് അസ്സല്‍ ബോഡി ഷെയിമിംഗ് ആണ്. ഒരാള്‍ക്കും അതിലൊരു പ്രയാസവും തോന്നുന്നോയില്ല എന്നത് ഞെട്ടിക്കുന്നതായിരുന്നു. 

ഒരു ഫേസ്ബുക്ക് പ്രണയം എന്ന തലക്കെട്ടിലാണ് ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ നാലഞ്ച് ഫോട്ടോകളാണ്. ഫോട്ടോ എന്നു പറയുമ്പോള്‍, കല്യാണ ഫോട്ടോകള്‍. നല്ല പൊക്കമുള്ള, നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പ്രകാരം സുന്ദരന്‍ എന്നു പറയാവുന്നൊരു  സാധാരണ ചെറുപ്പക്കാരന്റെ വിവാഹ ഫോട്ടോയാണ് അവന്റെ ഇണ, അതേ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പ്രകാരം, സുന്ദരി എന്ന് പറയാനാവാത്ത ഒരു യുവതി. അവരുടെ വിവാഹ ഫോട്ടോകളാണ്. നിറത്തിലും ഉയരത്തിലും മുഖലാവണ്യത്തിലും അവര്‍ തമ്മില്‍ വലിയ ചേര്‍ച്ചയില്ല എന്നതാണ് ആ പോസ്റ്റ് പറയാതെ പറയുന്നത്.

ആ ചിത്രം ഏതെന്ന് സംശയിക്കണ്ട. മിക്കവാറും നിങ്ങള്‍ക്കും ആ ഫോട്ടോ ഫോര്‍വേഡായി വന്നു കാണണം. ഇനി കണ്ടില്ലെങ്കിലും അത് ഇവിടെ ഷെയര്‍ ചെയ്യുന്നില്ല. തികച്ചും മനുഷ്യവിരുദ്ധമായ ആ ഇമേജ് കൂടുതല്‍ ആളുകളിലെത്തിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. 

ഈ ഫോട്ടോയുടെ ആധികാരികത എനിക്കറിയില്ല. ഇതില്‍ ഉള്ള സ്ത്രീയും പുരുഷനും ആരെന്നും അറിയില്ല. പക്ഷെ ഇത് വാട്‌സാപ്പില്‍ ഇങ്ങനൊരു ക്യാപ്ഷനോടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അതില്‍ ഉള്ളവര്‍ ആരെന്നോ അവര്‍ വിവാഹം കഴിച്ചോ ഒന്നിച്ചു ജീവിക്കുന്നുണ്ടോ, ഫേസ്ബുക്കില്‍ കൂടി ആണോ പരിചയപ്പെട്ടത് എന്നൊന്നും അല്ല നമ്മുടെ വിഷയം. ഓരോ ദിവസവും എത്രയോ വിവാഹങ്ങള്‍ നടക്കുന്നു , അതില്‍ ഫേസ്ബുക് വഴി പരിചയപ്പെട്ടവര്‍ ഉണ്ടാവാം, ഇല്ലാതിരിക്കാം. എന്നിട്ടും, എന്തുകൊണ്ട് ഇത് മാത്രം വാട്‌സാപ്പ് വഴി പ്രചരിക്കപ്പെടുന്നു. എന്തോ സമരത്തിനിറങ്ങിയവരെ പോലെ നമ്മള്‍ വര്‍ദ്ധിത വീര്യത്തോടെ എന്തു കൊണ്ടാണിത് ഫോര്‍വേഡ് ചെയ്യുന്നത്? അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിനു ലഭിക്കുന്ന ആനന്ദത്തിന്റെ അപകടം എന്താണ്? 

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ബോഡി ഷെയിമിങ്ങിന് ഇരയാവാത്തവര്‍ ആരുമുണ്ടാവില്ല എന്നാണു തോന്നുന്നത്. തടിച്ചത്, മെലിഞ്ഞത്, പൊക്കം കൂടിയത് ,പൊക്കം കുറഞ്ഞത്, കറുത്തത്, വെളുത്തത്, പല്ലു പൊങ്ങിയത്, പല്ലു താഴ്ന്നത്,  മുടിയില്ലാത്തത് ഇങ്ങനെ പോകുന്നു പട്ടിക. 

ഇത്തരം തരംതാണ തമാശകള്‍ക്ക് ചിലപ്പോള്‍  ഒരാളുടെ ഒരു ദിവസമോ കുറെ ദിവസങ്ങളോ അതുമല്ലെങ്കില്‍ ജീവിതം തന്നെയോ ഒക്കെ ഇല്ലാതാക്കാന്‍ കഴിയും എന്നുള്ളതാണ് യാഥാര്‍ഥ്യം. നമ്മള്‍ തിരഞ്ഞെടുത്തതല്ല നമ്മുടെ ശരീരം. പുറമെ കാണുന്ന നിറത്തിനും രൂപത്തിനും ഒക്കെ അപ്പുറമാണ് മനുഷ്യന്‍ എന്ന് ചിന്തിക്കാന്‍ നമ്മള്‍ ഇനി എന്നാണു പഠിക്കുക. 

ബോഡി ഷെയിമിങ്ങില്‍ നിന്നും പ്രശസ്തര്‍ പോലും രക്ഷപ്പെട്ടിട്ടില്ല എന്നത് മറ്റൊരു വസ്തുത. അതിനു തെളിവാണ് ദീപിക പദുകോണ്‍ , നസ്രിയ നസിം, മോഹന്‍ലാല്‍ തുടങ്ങി പലരും ഈ അടുത്ത കാലത്തു നേരിട്ട സോഷ്യല്‍ മീഡിയ ബോഡി ഷെമിങ്.

ഈ ഫോട്ടോസ് തന്നെ എടുത്തു നോക്കിയാല്‍ നമുക്ക് മനസിലാവും ഇത്തരം ഒരു പോസ്റ്റിട്ടയാളുടെ മാനസികാവസ്ഥ. എത്ര വൈകൃതം ആണത്? ഈ ഫോട്ടോസ് ഒറിജിനല്‍ ആണെങ്കില്‍, അതുമൂലം ആ പുരുഷനും സ്ത്രീക്കും ഉണ്ടായ അപമാനം ഒന്ന് ഊഹിച്ചു നോക്കൂ .

കുറെ കാലം മുമ്പുവരെക്കും കുറച്ചു തടിയുള്ള ശരീരം വീട്ടില്‍ തിന്നാനും കുടിക്കാനും ഉള്ളവരുടെ ലക്ഷണം  എന്ന രീതിയില്‍ ആയിരുന്നു കണക്കാക്കപ്പെട്ടിരുന്നത് . അന്നതൊരു സ്റ്റാറ്റസ് സിംബല്‍  ആയിരുന്നു എന്നും പറയാം.  എന്നാല്‍ ഇന്ന് പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ വരെ അവരുടെ 'ലുക്ക്' ഭയന്ന് ഭക്ഷണം ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്തുകൊണ്ടായിരിക്കും ഇത്ര ചെറിയ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ അവരുടെ ആകാരത്തെക്കുറിച്ച് ഇത്ര ആശങ്കാകുലര്‍ ആവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഉത്തരം ഒന്നേ ഉള്ളൂ, ഒരു സിനിമയോ , ടി വി ഷോയോ , ഒരു മാഗസിനോ എടുത്തു നോക്കൂ, അവിടൊക്കെ അവര്‍  കാണുന്നവര്‍ ഒരു ശതമാനം പോലും അമിത വണ്ണം ഇല്ലാത്തവര്‍ ആണ്. കുഞ്ഞുങ്ങളുടെ മനസ്സില്‍ പോലും അത് അത്രമേല്‍  രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ അല്‍പം തടിയുള്ള കുട്ടി സ്‌കൂളില്‍ ബോഡി ഷെയിമിങ്ങിനു ഇരയാവുകയും ചെയ്യുന്നു. നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും ഒരു കാര്യം പറഞ്ഞു പഠിപ്പിക്കാം, അവര്‍ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ആരോഗ്യമുള്ള ശരീരം സൂക്ഷിക്കാനാണ്, മറിച്ചു, മെലിയാനോ തടിക്കാനോ ഒന്നും അല്ല എന്ന്.

വെളുത്ത നിറം മാത്രം ആണ് നിറം എന്ന ചിന്താഗതിയും ഉടലെടുക്കുന്നത് ഇതേ രീതിയില്‍ തന്നെയാണ്.  ബോഡി ഷെയിമിങ് നടത്തുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്, ആ വ്യക്തിയുടെ ഉള്ളില്‍  അപകര്‍ഷതാ ബോധം പാകുക എന്നതാണ . 

ബോഡി ഷെയിമിങ് അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിക്കുന്ന സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ നാം  എങ്ങനെയാണ് ആരോഗ്യം/സൗന്ദര്യം  ഉള്ള ഒരു ഹൃദയത്തിന് ഉടമയായി ജീവിക്കുക? ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയും സോഷ്യല്‍ മീഡിയയും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്നത് സ്വയം സ്‌നേഹിക്കാത്ത ഒരു തലമുറയെ ആയിരിക്കുമോ?

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

 

Follow Us:
Download App:
  • android
  • ios