എനിക്കും ചിലത് പറയാനുണ്ട് അനിത എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

പണ്ടൊക്കെ രാജസദസുകളില്‍ നൃത്തമാടി സദസ്യരെ സന്തോഷിപ്പിക്കുന്നവരെ രാജാവ് സമ്മാനം നല്‍കി ആദരിക്കുന്നതുപോലെ നമ്മള്‍ കാശു കൊടുത്ത് നമ്മെ രസിപ്പിക്കുന്ന ഒരു വിഭാഗം തൊഴിലാളികളാണ് അഭിനേതാക്കള്‍. പക്ഷേ എന്തിനാണവര്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല. എഴുത്തുകാരന്‍ സൃഷ്ടിച്ച കഥ, സംവിധായകന്‍ പറയുന്നത് പോലെ അഭിനയിച്ചു കാണിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളൂ. 

എഴുത്തുകാരന്റെ ബുദ്ധിയും ആശയവും സംവിധായകന്റെ വിശാലമായ കാഴ്ചപ്ാടും ദൃശ്യാവിഷ്‌കാരവുമാണ് കൂടുതല്‍ ബഹുമാനമര്‍ഹിക്കുന്നത്. അതിനു ശേഷം അതു നമുക്കു മുന്നില്‍ ദൃശ്യാവിഷ്‌കാരം നടത്തുന്ന സംവിധായകനും ക്യാമറാമാനും, അതിനു ശേഷം അഭിനേതാക്കള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ബഹുമാനം കൊടുക്കുക. എന്തിനാണ് അവര്‍ക്കു മാത്രമായി ഇത്രയേറെ അവാര്‍ഡുകള്‍? അവരുടെ ജോലിക്ക് അംഗീകാരം കൊടുക്കണം. പക്ഷേ അവരെ സാംസ്‌കാരിക നായകന്‍മാരായി പ്രതിഷ്ഠിക്കുന്നതെന്തിനാണെന്ന് നാം പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. നന്നായി അഭിനയിക്കുന്നു എന്ന ഒറ്റ ഗുണം അവരെ നമ്മുടെ സംസ്‌കാരത്തിന്റെ വക്താക്കള്‍ വരെയാക്കുന്നതിലെ യുക്തിയില്ലായ്മ പുനപരിശോധിക്കേണ്ടതു തന്നെയാണ്. 

മറ്റു ജോലികള്‍ വിദഗ്ധമായി ചെയ്യുന്നവര്‍ക്ക് എന്താ ഇത്ര ബഹുമാനമില്ലാത്തത്?

ഉദാഹരണത്തിന് നാമൊക്കെ സമാധാമായി ജീവിക്കാന്‍ അതിര്‍ത്തിയില്‍ മണ്ണും പൊടിയും പുകയും ഏറ്റ് ജീവിതം ഹോമിക്കുന്നവര്‍ക്കും ഒരു വിദഗ്ധ കൃഷിക്കാരനും സര്‍ക്കാരുദ്യോഗസ്ഥനും ശാസ്ത്രജ്ഞര്‍ക്കുമൊന്നും എന്താ ഇത്ര അംഗീകാരമില്ലാത്തത്...?

എഴുത്തുകാരന്‍ പറഞ്ഞുവച്ച ഡയലോഗ് നായകന്‍ പഠിച്ച് ആവര്‍ത്തിക്കുന്നു. അത് നായകന്റെ അഭിപ്രായമാണെന്ന് കരുതി നായകനെ ആരാധിക്കുന്ന വിഡ്ഡിത്തം എന്ന് മതിയാക്കും? അയാളുടെ അഭിനയപാടവത്തെ മാത്രം ബഹുമാനിച്ചാല്‍ പോരേ..? ഇനി അതല്ല, നന്നായി അഭിനയിക്കുന്ന വ്യക്തി സാംസ്‌കാരിക നേതാവിന്റെ കസേരയിലിരുന്ന് ജനസഹസ്രങ്ങളുടെ ബഹുമാനം നേടുന്നുവെങ്കില്‍ അവര്‍ക്ക് തിന്‍മയ്‌ക്കെതിരെ പ്രതികരിക്കാനുള്ള ചില ഉത്തരവാദിത്വങ്ങളുമില്ലേ എന്നു സംശയിച്ചു പോകുന്നു.

ഒരു സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വളരെ അശക്തരായി പക്ഷപാതപരമായി പെരുമാറി അവരുടെ യഥാര്‍ത്ഥ രൂപം കാണിച്ച വലിയ നായകവീരന്‍മാര്‍ സാംസ്‌കാരിക നേതാക്കന്‍മാരാകുന്നതെങ്ങനെ? അവര്‍ നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിനിധികളാകുന്നത് എന്തടിസ്ഥാനത്തിലാണ്
.. ? അവരൊക്കെ കഥാപാത്രമാകുമ്പോള്‍ ഇതേ പോലുള്ള കഥാസാഹചര്യങ്ങളില്‍ അമാനുഷികരും കുറ്റവാളികളെ ശിക്ഷിക്കുന്നവരുമാകുന്നതു കണ്ട് നാം രോമാഞ്ചമണിയുന്നു. അത് പക്ഷേ എഴുത്തുകാരന്റെ, സംവിധായകന്റെ വീക്ഷണമാണ്.

അവര്‍ വെറും അഭിനേതാക്കള്‍ മാത്രമാണെന്നും അശക്തരായ വെറും മനുഷ്യര്‍ മാത്രമാണെന്നും അവര്‍ തന്നെ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. അതൊക്കെ മറന്ന് താരാരാധനക്ക് പോകുന്ന നമ്മള്‍ വിഡ്ഡികളാകുന്നുവോ?....

പണ്ട് നമ്മെ രസിപ്പിച്ച ചില നായകന്‍മാര്‍ വൃദ്ധരായശേഷവും മകളാകാന്‍ പ്രായമുള്ള ചെറിയ പെണ്‍കുട്ടികളുടെ കാമുകവേഷം കെട്ടുന്നതുപോലെതന്നെ തികച്ചും ലജ്ജാവഹം തന്നെയാണ് അന്ധമായ താരാരാധനയും. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ കെല്‍പ്പിില്ലാതെ ഏവരും സ്തുതിപാഠകരാകുന്നതെന്തുകൊണ്ട്...? അടിച്ചമര്‍ത്തപ്പെട്ട,ആക്രമിക്കപ്പെട്ട, നിസഹായരായവരെ സഹായിക്കുന്ന നായകന്‍മാര്‍ക്കുവേണ്ടി ആത്മഹത്യ വരെ ചെയ്യാന്‍ തയാറാകുന്നവര്‍ എന്നാണറിയുക അത് വെറും അഭിനയം മാത്രമായിരുന്നെന്ന്?

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍ കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ് നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!