സിഗാറിലും പേനയിലും വിഷം, സ്ഫോടനവസ്‍തുക്കളൊളിപ്പിച്ച ചിപ്പി; കാസ്ട്രോയ്‍ക്ക് നേരെയുണ്ടായത് 634 വധശ്രമങ്ങള്‍

By Web TeamFirst Published Mar 1, 2020, 12:39 PM IST
Highlights

ഇതൊന്നും സി‌ഐ‌എയെ അവരുടെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. 1963 -ൽ കൂടുതൽ വിപുലമായ പദ്ധതികൾ അവർ ആവിഷ്‍കരിച്ചു. കാസ്ട്രോയുടെ സ്‍കൂബ ഡൈവിംഗിനോടുള്ള ഇഷ്‍ടം മുതലെടുത്ത് അദ്ദേഹത്തെ അട്ടിമറിക്കാൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പദ്ധതിയിട്ടു.

ക്യൂബൻ വിപ്ലവ നേതാവായിരുന്നു ഫിഡൽ കാസ്ട്രോ. തന്നെ ഇല്ലാതാക്കാനുള്ള യുഎസിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജനഹൃദയങ്ങളെ കീഴടക്കി മുന്നേറി. ഒടുവിൽ തന്റെ 90 -ാമത്തെ വയസ്സിൽ പ്രായത്തിന്‍റേതായ അസ്വാസ്ഥ്യങ്ങളെ തുടന്ന് അദ്ദേഹം വിട വാങ്ങി. കാസ്‌ട്രോയെ വധിക്കാൻ അമേരിക്കയുടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ CIA നാല്‍പ്പത് വർഷത്തോളം നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. പത്തും ഇരുപതും പ്രാവശ്യമല്ല, 634 വധശ്രമങ്ങളാണ് അവർ നടത്തിയത്. കേൾക്കുമ്പോൾ ഒരു കെട്ടുകഥ പോലെ തോന്നിയേക്കാം. പക്ഷേ, സിഐഎ റിപ്പോർട്ടുകളിൽ നിന്നും, ചില കൊലയാളികളുടെ സാക്ഷ്യങ്ങളിൽ നിന്നും, ഏജൻസി ധാരാളം തവണ കാസ്ട്രോയെ കൊല്ലാൻ ശ്രമിച്ചു എന്ന് വേണം മനസ്സിലാക്കാൻ. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സമയത്ത് 42 തവണയാണ് കാസ്ട്രോയെ വധിക്കാൻ അമേരിക്ക ശ്രമിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പല വിചിത്ര മാർഗ്ഗങ്ങളും അവർ ഇതിനായി സ്വീകരിച്ചു. ഒരുപക്ഷേ, ജെയിംസ് ബോണ്ടിന്റെ സിനിമയെക്കാൾ കാല്‍പ്പനികമായിരുന്നു അവയിൽ ചിലത്.  

പൊട്ടിത്തെറിക്കുന്ന സിഗാർ

കാസ്‌ട്രോയുടെ ചുണ്ടിൽ എപ്പോഴും എരിയുന്ന ഒരു സിഗരറ്റ് ഉണ്ടാകും. 1960 -ൽ അദ്ദേഹത്തെ കൊല്ലാൻ സിഐഎ ആയുധമാക്കിയത് അതേ സിഗററ്റുതന്നെയാണ്. കാസ്ട്രോ അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തിനുശേഷം, ഏജൻസി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സിഗാറുകളിൽ ബോട്ടുലിനം ടോക്സിൻ നിറച്ചു. ബോട്ടുലിനം എന്ന കൊടിയ വിഷം വായിൽ വെക്കുന്ന നിമിഷം തന്നെ ആളുകളെ കൊല്ലാൻ കഴിവുള്ളതാണ്. 1961 -ൽ ഒരു അജ്ഞാത വ്യക്തിക്ക് സിഗാറുകൾ കൈമാറിയതായി ഉപസമിതി പറയുന്നു, എന്നാൽ അതിനുശേഷം ആ സിഗാറുകൾക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. ജനനായകൻ അത് ഒരിക്കലും ഉപയോഗിച്ചില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!

 

ഗുണ്ടാ സംഘങ്ങള്‍

പ്രസിഡന്റ് ഡ്വൈറ്റ് ഐസൻ‌ഹോവറിന്റെ കാലാവധി അവസാനിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, കാസ്ട്രോയെ വധിക്കാൻ രണ്ട് ഗുണ്ടാസംഘങ്ങളെ സിഐഎ നിയമിച്ചു. 150,000 ഡോളർ (ഇന്നത്തെ പണത്തിന്റെ മൂല്യം വച്ച്  കുറഞ്ഞത് എട്ടുകോടി രൂപ) ഇതിനായി ഏജൻസി അവർക്ക് നൽകിയിരുന്നു. ചിക്കാഗോ മാഫിയയുടെ മേധാവിയായ സാം ജിയാൻകാനയും മാഫിയയുടെ ക്യൂബൻ പ്രവർത്തനങ്ങളുടെ തലവനായ സാന്‍റോസ് ട്രാഫിക്കന്‍റും ആയിരുന്നു ആ ഗുണ്ടാനേതാക്കൾ. ഇരുവരും എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ അംഗങ്ങളായിരുന്നു. തോക്കുകളേക്കാൾ നല്ലത് വിഷം കലർന്ന ഗുളികകളാണ് എന്ന് ജിയാൻകാന കണ്ടെത്തി. അതിനാൽ കാസ്‌ട്രോയ്ക്ക് വിശ്വാസമുള്ള ഒരു ക്യൂബൻ ഉദ്യോഗസ്ഥന്റെ പക്കൽ സിഐഎ ഉയർന്ന മാരക വിഷം കലർന്ന ആറ് ഗുളികകൾ ഏല്പിച്ചു, ഉപസമിതി പറഞ്ഞു. എന്നാൽ, നിരവധി പരാജയ ശ്രമങ്ങൾക്ക് ശേഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 

സ്ഫോടക വസ്‍തുക്കളൊളിപ്പിച്ച ചിപ്പി

ഇതൊന്നും സി‌ഐ‌എയെ അവരുടെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. 1963 -ൽ കൂടുതൽ വിപുലമായ പദ്ധതികൾ അവർ ആവിഷ്‍കരിച്ചു. കാസ്ട്രോയുടെ സ്‍കൂബ ഡൈവിംഗിനോടുള്ള ഇഷ്‍ടം മുതലെടുത്ത് അദ്ദേഹത്തെ അട്ടിമറിക്കാൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പദ്ധതിയിട്ടു. ഒരു വലിയ കടൽ ചിപ്പിക്കുള്ളിൽ സ്ഫോടകവസ്‍തുക്കൾ ഒളിപ്പിക്കാനും, അതിൽ മനോഹരമായ ചായങ്ങൾ പൂശി സമുദ്രത്തെ സ്നേഹിക്കുന്ന ആ കമ്മ്യൂണിസ്റ്റുകാരന്റെ ശ്രദ്ധ ആകർഷിക്കാനും അവർ പദ്ധതിയിട്ടു. എന്നാൽ ഈ ആശയവും അപ്രായോഗികമെന്ന് കണ്ട് നിരസിക്കപ്പെട്ടു.

ഫംഗസ് ബാധിച്ച ഡൈവിംഗ് സ്യൂട്ട്

അതേവർഷം തന്നെ, കാസ്ട്രോയുടെ ഡൈവിംഗ് സ്യൂട്ടുകളിലൊന്നിൽ ഒരു ഫംഗസ് ഉപയോഗിച്ച് മലിനമാക്കാൻ സിഐഎ പദ്ധതിയിട്ടു. അത് വിട്ടുമാറാത്തതും, ഗുരുതരവുമായ ചർമ്മരോഗങ്ങൾ ഉണ്ടാക്കുവാൻ പ്രാപ്‍തമായിരുന്നു. ക്യൂബൻ നേതാവുമായി അടുപ്പമുള്ള അമേരിക്കൻ അഭിഭാഷകൻ ജെയിംസ് ഡൊനോവൻ വഴി ഡൈവിംഗ് സ്യൂട്ടും രോഗബാധയുള്ള ശ്വസന ഉപകരണവും കാസ്ട്രോയ്ക്ക് നൽകാനാണ് അവർ ഉദ്ദേശിച്ചത്. ഡോനോവൻ കാസ്ട്രോയ്ക്ക് സ്യൂട്ട് മാറി നൽകിയതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു.  

വിഷംപുരണ്ട പ്രണയം

മാരിറ്റ ലോറൻസ് കാസ്ട്രോയുടെ കാമുകിയായിരുന്നു. 1959 -ന്റെ അവസാനത്തിൽ കാസ്ട്രോയുടെ കാമുകിയായിരുന്നപ്പോൾ തന്നെ സിഐഎയുടെ കരാർ ഏജന്റായി അവർ റിക്രൂട്ട് ചെയ്യപ്പെടുകയും, ക്യൂബൻ നേതാവിനെ വധിക്കാൻ ഏജൻസി അവരെ ചുമതലപ്പെടുത്തുകയും ചെയ്‍തു. കാസ്ട്രോയുടെ പാനീയത്തിൽ രണ്ട് ബോട്ടുലിനം-ടോക്സിൻ ഗുളികകൾ കലക്കാൻ മാരിറ്റയെ ചുമതലപ്പെടുത്തി. ഒരാളെ 30 സെക്കൻഡിനുള്ളിൽ കൊല്ലാൻ ഒരു ഗുളിക തന്നെ ധാരാളമായിരുന്നു. പക്ഷേ, ക്യൂബൻ തലസ്ഥാനത്ത് വന്നിറങ്ങിയപ്പോൾതന്നെ തനിക്കിത് ചെയ്യാനാവില്ലെന്ന് മാരിറ്റ മനസ്സിലാക്കി. അദ്ദേഹത്തെ കൊല്ലാൻ അവൾ ആഗ്രഹിച്ചിരുന്നെങ്കിൽ പോലും, അവൾക്ക് അത് വേണ്ട രീതിയിൽ ചെയ്യാൻ സാധിച്ചിരുന്നില്ല. ഒരു തണുത്ത ക്രീം നിറഞ്ഞ പാത്രത്തിൽ അവൾ ആ ഗുളികകൾ കലക്കി. എന്നാൽ, അത് ഉപയോഗശൂന്യമായി തീർന്നു. എന്തായാലും, കാസ്ട്രോ അവളുടെ ശ്രമം കൈയോടെ പിടിച്ചു. പിന്നീട് തന്‍റെ കയ്യിലിരുന്ന തോക്ക് തന്‍റെ കാമുകിക്ക് കൈമാറി. എന്നിട്ട് അവളോട് പറഞ്ഞു ''നിനക്ക് എന്നെ കൊല്ലാൻ കഴിയില്ല. ആർക്കും എന്നെ കൊല്ലാൻ കഴിയില്ല" ഇത്രയും പറഞ്ഞുകഴിഞ്ഞ് അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ സിഗാർ പുകച്ചു കൊണ്ടിരുന്നുവെന്നാണ് പറയുന്നത്... 'അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം എന്റെ അരികിൽ വന്ന് എന്നെ വാരിപ്പുണർന്നു, ഞങ്ങൾ പരസ്പരം സ്നേഹിച്ചു' എന്നും പിന്നീട് അവൾ പറഞ്ഞു.  

വിഷമുള്ള പേന

പേനയ്ക്കുള്ളിൽ ഒളിപ്പിച്ച ഒരു ഹൈപ്പോഡെർമിക് സൂചി ഉപയോഗിച്ച് കാസ്ട്രോയെ കൊല്ലാനായിരുന്നു സിഐഎയുടെ മറ്റൊരു പദ്ധതി. സൂചിയിൽ വിഷം കലർത്തി കാസ്ട്രോയെ കുത്തിവയ്ക്കാൻ ഒരു ക്യൂബൻ ഉദ്യോഗസ്ഥനെ സി‌ഐ‌എ ഏർപ്പെടുത്തി. എന്നാൽ കഷ്‍ടകാലത്തിന് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന്‍റെ അന്നാണ് അദ്ദേഹത്തിന് പേന ലഭിച്ചത്. കെന്നഡിയുടെ മരണത്തെ തുടർന്ന് ആ ശ്രമത്തിൽ നിന്ന് ഏജൻസി പിൻമാറുകയും, അതോടെ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യ്തു.

സൈകഡെലിക് പ്രസംഗം

 

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി ശക്തനായ നേതാവിന്റെ പൊതു പ്രതിച്ഛായയെ ദുർബലപ്പെടുത്താൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചു. 1960 -ൽ, അദ്ദേഹത്തിന്റെ പ്രക്ഷേപണ സ്റ്റുഡിയോയിൽ ഒരു രാസവസ്‍തു തളിയ്ക്കാൻ ഏജൻസി പദ്ധതിയിട്ടു. ആ രാസവസ്‍തു കഞ്ചാവിന് സമാനമായ ഭ്രമാത്മകത ഉണ്ടാക്കി കാസ്ട്രോയുടെ പ്രസംഗങ്ങളെ അട്ടിമറിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പിന്നീട് അദ്ദേഹം പ്രസംഗിക്കുന്നതിന് മുൻപ് പുകവലിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹത്തിന്റെ ബുദ്ധിയെ മറയ്ക്കാൻ സിഗാറുകളിൽ മയക്കുമരുന്ന് പോലുള്ള ഒരു രാസവസ്‍തു നിറയ്ക്കാൻ അവർ തീരുമാനിച്ചു. പിന്നീട് താലിയം ലവണങ്ങൾ അദ്ദേഹത്തിന്റെ ഷൂസിൽ വിതറാനും അവർ ശ്രമിച്ചു. ഇത് കാസ്ട്രോയുടെ താടി പൊഴിയാൻ ഇടയാക്കുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ഇതെല്ലം, കാസ്‌ട്രോയ്‌ക്കെതിരായ മറ്റ് നൂറുകണക്കിന് പദ്ധതികൾ പോലെ, പരാജയപ്പെടുകയായിരുന്നു. 

click me!