തന്റെ പ്രിയതമനുവേണ്ടി സ്‌മാരകം പണിത മുഗൾ സാമ്രാജ്യത്തിലെ ആദ്യ രാജ്ഞി, ബെഗാ ബീഗം

By Web TeamFirst Published Mar 9, 2020, 12:28 PM IST
Highlights

വടക്കൻ ഇറാനിലെ ഖുറാസാനിൽ നിന്നുള്ള പ്രഭുക്കന്മാരുടെ കുടുംബത്തിൽ ജനിച്ച ബീഗം തന്റെ 19 -ാമത്തെ വയസ്സിലാണ് ബന്ധുവായ നാസിർ-ഉദ്-ദിൻ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇന്ത്യ ഭരിക്കുകയും, ഹുമയൂൺ എന്ന പേരിൽ മുഹമ്മദ് അറിയപ്പെടുകയും ചെയ്തു. 

അനശ്വര സ്നേഹത്തിന്റെ മായാത്ത പ്രതീകമാണ് ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്‍മഹല്‍. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസ് മഹയുടെ ഓർമ്മക്കായി പണികഴിപ്പിച്ചതാണ് അത്. അദ്ദേഹത്തിന്റെ ഉദാത്തമായ സ്നേഹത്തിന്റെ  അടയാളമായിട്ടാണ് നമ്മൾ താജ് മഹലിനെ കാണുന്നത്. എന്നാൽ, അദ്ദേഹത്തിന് ഇത്തരമൊന്ന് പണികഴിപ്പിക്കാനുള്ള പ്രചോദനം എന്തായിരുന്നു? ഭാര്യയോടുള്ള അകമഴിഞ്ഞ സ്നേഹം ഈ രീതിയിൽ പ്രകടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആരാണ്? മറ്റാരുമല്ല, അത് ഹുമയൂണിന്റെ ഭാര്യ ബെഗാ ബീഗമാണെന്നാണ് പറയുന്നത്.  

ഒരു നൂറ്റാണ്ടിന് മുൻപ് ബീഗം സ്വന്തം ഭർത്താവായ ഹുമയൂണിന്റെ ഓർമ്മയ്ക്കാ‍യി പണിത ഒരു ശവകുടീരമാണ് കൊച്ചുമകനായ ഷാജഹാന് പ്രചോദനമായി തീർന്നത്. ദില്ലിയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം ഏറ്റവും മികച്ച സംരക്ഷിത മുഗൾ സ്മാരകങ്ങളിലൊന്നാണ്. ശവകുടീരത്തിനേക്കാളും, ഒരാഡംബര കൊട്ടാരത്തെ ഓർമിപ്പിക്കുന്നതാണ് അതിന്റെ നിർമ്മിതി. എന്നാൽ, ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ ആദ്യത്തെ ഉദാഹരണമായി പറയാവുന്ന ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ഒരു സ്ത്രീയാണ് എന്നത് അത്ഭുതമുണർത്തുന്ന ഒന്നാണ്. വളരെ കരുത്തുറ്റ ഒരു ധീര വനിതയായിരുന്നു ബെഗാ ബീഗം. ഇത് അവരുടെ കഥയാണ്. 

വടക്കൻ ഇറാനിലെ ഖുറാസാനിൽ നിന്നുള്ള പ്രഭുക്കന്മാരുടെ കുടുംബത്തിൽ ജനിച്ച ബീഗം തന്റെ 19 -ാമത്തെ വയസ്സിലാണ് ബന്ധുവായ നാസിർ-ഉദ്-ദിൻ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇന്ത്യ ഭരിക്കുകയും, ഹുമയൂൺ എന്ന പേരിൽ മുഹമ്മദ് അറിയപ്പെടുകയും ചെയ്തു. വർഷങ്ങൾക്കുശേഷം, ഹുമയൂൺ പാദുഷയായി (രാജാവിന് തുല്യമായ പേർഷ്യൻ പദവി) കിരീടമണിഞ്ഞപ്പോൾ, ബീഗം ആഗ്രയിൽ എത്തി. അവിടെ അവർ ഒരു ആൺകുട്ടിയെ പ്രസവിച്ചു. നിർഭാഗ്യവശാൽ ശൈശവാവസ്ഥയിൽ തന്നെ ആ കുഞ്ഞ് മരിച്ചു. ഈ ദാരുണമായ നഷ്ടത്തെക്കുറിച്ച് ചരിത്രത്തിൽ വ്യക്തമായ പരാമർശമില്ലെങ്കിലും, കുഞ്ഞിന്റെ മുത്തച്ഛനായ ബാബർ ചക്രവർത്തി കുഞ്ഞിന് ‘അൽ-അമാൻ’ എന്ന പേര് തെരഞ്ഞെടുക്കുന്നതിനോട് യോജിച്ചില്ല എന്നൊരു പരാമർശം നമുക്ക് അതിൽ കാണാം.  

പിന്നീട്, ബീഗം മറ്റൊരു കുഞ്ഞിനെ കൂടി പ്രസവിച്ചു. ഇത്തവണ ഒരു പെൺകുഞ്ഞായിരുന്നു, പേര് അഖിക. എന്നാൽ, ദുരന്തം അവരെ പിന്തുടർന്നുകൊണ്ടേയിരുന്നു. ബീഹാറിലെ ചൗസയിൽ ഷേർ ഷാ സൂരിയുമായുള്ള കുപ്രസിദ്ധമായ യുദ്ധത്തിന്റെ സമയത്ത് ആറുവയസ്സുകരിക്ക് ജീവൻ നഷ്ടപ്പെട്ടു (മുങ്ങിമരിച്ചുവെന്നാണ് കരുതപ്പെടുന്നത്). ആ യുദ്ധത്തിൽ ബീഗത്തിനെയും തടവുകാരിയായി കൊണ്ടുപോയെങ്കിലും ഷേർ ഷാ വളരെ മര്യാദയോടെയും ബഹുമാനത്തോടെയുമാണ് അവരോട് പെരുമാറിയതെന്ന് ചരിത്രം പറയുന്നു. കൂടാതെ ഷാ മറ്റുള്ളവരോടൊപ്പം അവരെ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ ദുരന്തങ്ങളിൽ ബീഗം തളർന്നില്ല. “ബീഗം ശക്തയും, ബുദ്ധിമതിയുമായിരുന്നു. ചക്രവർത്തിയോട് പോലും മനസ്സ് തുറന്ന് സംസാരിക്കാൻ ഭയപ്പെടാത്തവരായിരുന്നു അവര്‍. അവര്‍ക്ക് ശത്രുവിന്റെ തടവുകാരിയായി പിടിക്കപ്പെട്ടതും മക്കളുടെ മരണവും നേരിടാനുമുള്ള മനക്കരുത്തുമുണ്ടായിരുന്നു. അതുകൂടാതെ മുഗൾ സാമ്രാജ്യത്തിൽ ശക്തമായ ഒരു സ്ഥാനം നിലനിർത്താനും അവർക്ക് സാധിച്ചു” ചരിത്രകാരിയും, എഴുത്തുകാരിയുമായ റാണ സഫ്വി പറഞ്ഞു.  

വർഷങ്ങളുടെ പ്രക്ഷുബ്ധമായ യുദ്ധങ്ങളെത്തുടർന്ന്, ഹുമയൂൺ തന്റെ സിംഹാസനം വീണ്ടെടുത്തു. എന്നാൽ, ദില്ലിയിലെ തന്റെ ലൈബ്രറിയിൽ ഒരു പടിക്കെട്ടിൽ നിന്ന് അദ്ദേഹം വീണു മരിക്കുകയായിരുന്നു. തന്റെ ഭർത്താവിന്റെ മരണത്തിൽ അതീവ ദുഃഖിതയായി തീർന്ന ബീഗം, തന്റെ ജീവിതം ഏക ലക്ഷ്യത്തിനായി സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അന്തരിച്ച ചക്രവർത്തിയുടെ ഓർമ്മക്കായി സാമ്രാജ്യത്തിലെ ഏറ്റവും മഹത്തായ ശവകുടീരം ദില്ലിയിലെ യമുനാ നദിതീരത്ത് പണിയുക എന്നതായിരുന്നു ആ ലക്ഷ്യം.   

ബീഗം 1564 -ൽ മക്കയിലേക്കും മദീനയിലേക്കും ഹജ്ജിന് പോയി. അവരുടെ സഹോദരി ഗുൽബാദരും ബീഗത്തിനൊപ്പം കൂടി. 1567 -ൽ ഹജ്ജിന് പോയി മടങ്ങിയെത്തിയ അവർ ദില്ലിയിൽ തന്റെ സ്വപ്‍ന പദ്ധതി നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ശവകുടീരത്തിന്റെ നിർമ്മാണത്തിനായി ബീഗം പേർഷ്യൻ വാസ്തുശില്പിയായ മിറക് മിർസ ഗിയാസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിൽ താൽപ്പര്യമുണ്ടായിരുന്ന ബീഗം, ശവകുടീരത്തിനടുത്ത് ഒരു മദ്രസയും സ്ഥാപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഹിന്ദുസ്ഥാനി വാസ്തുവിദ്യയുടെയും, മധ്യേഷ്യൻ വാസ്തുവിദ്യയുടെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് തനതായ ശൈലിയിൽ ഒരു ശവകുടീരം അവർ പണിതു. താഴികക്കുടവും, റേഡിയൽ ജ്യാമിതിയും, ചുവന്ന മാർബിൾ കല്ലുകളും എല്ലാം ആ സ്മാരകത്തെ വേറിട്ടതാകുന്നു.  

ജീവിച്ചിരിക്കുമ്പോൾ ഹുമയൂണിനെ ജീവനുതുല്യം സ്നേഹിച്ച ബീഗം, മരണശേഷം അദ്ദേഹത്തെ ലോകം എന്നും ഓർക്കണമെന്ന ആഗ്രഹത്തിലാണ് സ്‍മാരകം പണിതത്. അത് മാത്രവുമല്ല, ആ ശവകുടീരത്തിനടുത്തായി ഒരു ചെറിയ വീടും അവർ പണിയുകയുണ്ടായി. എന്തിനെന്നോ? തന്റെ ഭർത്താവിനെ എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ. ബീഗത്തിന്റെ മരണദിവസം വരെ ആ ശവകുടീരത്തിലേയ്ക്ക് നോക്കി അവർ തന്റെ വീടിന് മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുമായിരുന്നു. ആ വിധവ തന്റെ ജീവിതം പ്രാർത്ഥനയ്ക്കും, ദാനധർമ്മത്തിനും വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു. അഞ്ഞൂറോളം പാവപ്പെട്ടവരെ അവർ തന്റെ ദാനധർമ്മത്തിലൂടെ സംരക്ഷിച്ചിരുന്നു.   

1582 -ൽ ഒരു ചെറിയ അസുഖത്തെ തുടർന്നാണ് ബീഗം മരിക്കുന്നത്. ബീഗത്തിനെ വളരെയധികം സ്നേഹിക്കുകയും ഒരു അമ്മയായി കരുതുകയും ചെയ്ത അക്ബർ ചക്രവർത്തി അവരുടെ മരണത്തിൽ വളരെ ദുഃഖിതനായി തീർന്നു. ബീഗത്തിന് അവരുടെ ഭർത്താവിനോടുള്ള അഗാധമായ സ്നേഹം അറിയാമായിരുന്ന അക്ബർ അവരുടെ മൃതദേഹം ഹുമയൂണിന്റെ ശവകുടീരത്തിന്റെ അടുത്ത് തന്നെ അടക്കം ചെയ്തു.  
 

click me!