ബാര്‍ബിയുടേതുപോലുള്ള ശരീരം കിട്ടാന്‍ പട്ടിണി കിടന്ന മനുഷ്യര്‍; ബാര്‍ബിക്കിന്ന് 61 വയസ്സ്

By Web TeamFirst Published Mar 9, 2020, 10:03 AM IST
Highlights

ബാർബി ഡോളിനെപ്പോലെ ശരീരഘടന ഉണ്ടാക്കാൻ വേണ്ടി പട്ടിണി കിടന്ന് പല പെൺകുട്ടികളും അനൊറെക്സിയ പോലുള്ള അസുഖങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി പരാതി ഉയർന്നിരുന്നു.

ഇന്ന് ബാർബിയുടെ അറുപത്തൊന്നാം ജന്മദിനമാണ്. ഏത് ബാർബി എന്നോ? ലോകപ്രസിദ്ധമായ ഒരു കളിപ്പാവയാണ് ബാർബി. മുഴുവൻ പേര് ബാർബറാ മില്ലിസെന്റ് റോബർട്ട്സ്. 1997 -ലിറങ്ങി ഹിറ്റ് ചാർട്ടുകളിൽ ഏറെക്കാലം തുടർന്ന അക്വയുടെ "അയാം എ ബാർബി ഗേൾ, ഇൻ എ ബാർബി വേൾഡ്' എന്ന മെഗാഹിറ്റ് ഗാനം കേട്ടിട്ടില്ലേ? അതിൽ പറയുന്ന അതേ ബാർബി. അമേരിക്കൻ വ്യവസായ സംരംഭകയായ റൂത്ത് ഹാൻഡ്‌ലർ തന്റെ ഭർത്താവുമൊത്ത് 1959 മാർച്ച് 9 -ന് നിർമിച്ചു തുടങ്ങിയ ബാർബി പാവകൾ ലോകം കീഴടക്കി. 

150 രാജ്യങ്ങളിലായി വർഷാവർഷം ആറുകോടിയിലധികം ബാർബി പാവകൾ വിറ്റുപോകുന്നുണ്ട് എന്നാണ് കണക്ക്. ഒരു മിനിറ്റിൽ 100 പാവകൾ വീതം. ഒരു സെക്കൻഡിൽ ഒന്നിലധികം പാവകൾ. പതിനൊന്നരയിഞ്ചാണ് ബാർബിയുടെ ഉയരം. പാവക്കുട്ടികളെക്കൊണ്ട് കളിക്കുക അന്ന് അമേരിക്കയിലെ കുഞ്ഞുങ്ങളുടെ പ്രധാന വിനോദമായിരുന്നു. എന്നാൽ അന്നുവരെ വിപണിയിൽ വന്നിരുന്ന പാവകൾ ഒക്കെയും കുട്ടികളുടെ രൂപത്തിലുള്ളവയായിരുന്നു. ഒരു ദിവസം സ്വന്തം മകളായ ബാർബറയുടെ കളികൾ കണ്ടുകൊണ്ടിരുന്ന റൂത്ത് ഹാൻഡ്‌ലർ ഒരു കാര്യം ശ്രദ്ധിച്ചു. എത്രയോ പാവക്കുട്ടികൾ ഉണ്ടായിരുന്നിട്ടും മകൾ പേപ്പറിൽ പല റോളുകളിലുള്ള മുതിർന്ന സ്ത്രീകളുടെ രൂപങ്ങൾ വെട്ടിയെടുത്ത് അതുകൊണ്ടാണ് 'റോൾ പ്ലേ' നടത്തുന്നത്. അന്നാണ് അവർ തന്റെ ജീവിതത്തിലേക്ക് കോടിക്കണക്കിനു ഡോളർ കൊണ്ടുവരാൻ പോകുന്ന ആ ആശയം തിരിച്ചറിഞ്ഞത്. പെൺകുട്ടികൾക്ക് പാവക്കുട്ടികളേക്കാൾ പ്രിയം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് എന്ന്. അതായത് ഒരു പിഞ്ചുകുഞ്ഞിന്റെ പാവയെക്കാൾ അവർക്ക് ഇഷ്ടം നഴ്‌സോ, ഡോക്ടറോ, പൊലീസോ, സയന്റിസ്റ്റോ, അസ്ട്രോണട്ടോ, സൂപ്പർ മോഡലോ ഒക്കെ ആയ മുതിർന്ന സ്ത്രീകളുടെ പാവരൂപങ്ങളാണ് എന്ന്. തന്റെ ആ ജീനിയസ് ഐഡിയ നടപ്പിലാക്കാൻ വേണ്ടി അവർ ഭർത്താവായ എലിയട്ട് ഹാൻഡ്‌ലറുമൊത്ത് 'മാറ്റ്ൽ ഇൻകോർപറേറ്റഡ്' എന്ന പേരിൽ ഒരു കളിപ്പാട്ടക്കമ്പനി തുടങ്ങുന്നു. 

 


പുതുതായി നിർമിച്ച പാവ അവർ ന്യൂയോർക്ക് ടോയ്ഫെയറിൽ അവതരിപ്പിച്ചു. സീബ്രയെപ്പോലുള്ള നീല സ്ട്രൈപ്പുകളുള്ള ഒരു സ്വിമ്മിങ് സ്യൂട്ട് ആയിരുന്നു ബാർബിയുടെ ആദ്യത്തെ വസ്ത്രം. ബൈൽഡ് ലില്ലി എന്ന മറ്റൊരു പാവയുടെ രൂപത്തിന്റെ ഏകദേശാനുകരണമായിരുന്നു ബാർബിഡോൾ. അതിന്റെ പേരിൽ ബൈൽഡ് ലില്ലിയുടെ നിർമാതാക്കളായ ലൂയി മാർക്സ് കമ്പനിയുമായി ഒരു നിയമയുദ്ധവും നേരിടേണ്ടി വന്നു മാറ്റ്ലിന്. ഒടുവിൽ ബൈൽഡ് ലില്ലിയുടെ പേറ്റന്റ് വിലകൊടുത്തുവാങ്ങിയാണ് അവർ ആ പ്രശ്നം പരിഹരിച്ചത്. പൂർണ്ണമായും  ടെലിവിഷനെ ആശ്രയിച്ച് വിപണനം ചെയ്യപ്പെട്ട ഒരുത്പന്നമായിരുന്നു ബാർബി ഡോൾ. 

 

 

അറുപതുകളിൽ സ്ത്രീകൾക്ക് പല തൊഴിലുകളിലും വിലക്കുണ്ടായിരുന്നു. വിലക്കില്ലാതിരുന്ന പല തൊഴിലുകളിലും അന്ന്  സ്ത്രീകൾ പൊതുവെ കടന്നുവരാത്ത അവസ്ഥയും ഉണ്ടായിരുന്നു. ആ തൊഴിലുകളിൽ പലതിലും അന്ന്  ബാർബി ഡോൾ ഏർപ്പെട്ടു. ഇരുനൂറിലധികം കരിയറുകളിൽ ബാർബി പ്രത്യക്ഷപ്പെട്ടിരുന്നു. ബഹിരാകാശ സഞ്ചാരി, പൈലറ്റ്, ഫയർ ഫൈറ്റർ, ജേർണലിസ്റ്റ്, ബിസിനസ് വുമൺ അങ്ങനെയങ്ങനെ പലതും. ആദ്യമായി ഒരു പുരുഷൻ ചന്ദ്രനിൽ ഇറങ്ങുന്നതിനു വർഷങ്ങൾ മുമ്പുതന്നെ ബാർബി ബഹിരാകാശ സഞ്ചാരിയായി. 1992 -ൽ ബാർബി അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്കുവരെ മത്സരിച്ചു. 1973 -ൽ ബാർബി സർജൻ റോളിൽ പ്രത്യക്ഷപ്പെട്ടു. അന്നൊക്കെ ഓപ്പറേഷൻ തിയേറ്ററിൽ വനിതകളുടെ സാന്നിധ്യം ഇന്നത്തത്ര സാധാരണമായിരുന്നില്ല. സ്ത്രീകളെ ആധുനികമായ കരിയറുകളിലേക്ക് ക്ഷണിക്കാനായി ബാർബി താമസിയാതെ റോബോട്ടിക്‌സ് എഞ്ചിനീയർ ആയും, വീഡിയോ ഗെയിം ഡെവലപ്പർ ആയും, സോഫ്റ്റ് വെയർ എഞ്ചിനീയർ ആയും ഒക്കെ പ്രത്യക്ഷയായി. 

 

 

ഇന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ള ഓരോ ബാർബി ഡോളിനും പിന്നിൽ നൂറുകണക്കിന് ഫാഷൻ ഡിസൈനർമാരും മെയ്ക്ക് അപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും അടക്കം നൂറോളം വിദഗ്ധരുടെ ഏകോപനമുണ്ട്. ഇന്ന് ബാർബി ഡോളുകൾക്ക് പുറമെ അനുബന്ധ ഉത്പന്നങ്ങൾ പലതും വിറ്റുപോകുന്നുണ്ട്. ബാർബി ടി ഷർട്ടുകൾ, ബാഗുകൾ, ബാർബി ഡ്രീം ഹോമുകൾ, ബാർബി തീം ബർത്ത് ഡേ കെയ്ക്കുകൾ അങ്ങനെ പലതും. ഫെയ്‌സ്ബുക്കിൽ ഒന്നരക്കോടിയിലേറെ ഫോളോവേഴ്‌സുണ്ട് ബാർബിക്ക്. സമാനമായ ഫാൻസ്‌ ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലും ബാർബിക്കുണ്ട്.

 

 

എന്നാൽ കഴിഞ്ഞ ആറുപതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ ബാർബിഡോൾ നിരന്തരം വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. ഒട്ടും യാഥാർഥ്യത്തിന് നിരക്കാത്ത ഒരു ശരീരപ്രകൃതമാണ് ബാർബിയുടേത് എന്നും, അത് സ്ത്രീകളിൽ അവരവരുടെ ശരീരത്തെപ്പറ്റി അപകർഷതാബോധമുണ്ടാക്കുന്ന ഒന്നാണ് എന്നും പരക്കെ ആക്ഷേപമുയർന്നു. ബാർബി ഡോളിനെപ്പോലെ ശരീരഘടന ഉണ്ടാക്കാൻ വേണ്ടി പട്ടിണി കിടന്ന് പല പെൺകുട്ടികളും അനൊറെക്സിയ പോലുള്ള അസുഖങ്ങൾ ക്ഷണിച്ചുവരുത്തുന്നതായി പരാതി ഉയർന്നിരുന്നു.

 

 

അന്നത്തെ സ്ത്രീകളുടേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബാർബിയുടെ അഴകളവുകൾ. 36 ഇഞ്ച് മാറിടം, 18 ഇഞ്ച് അരക്കെട്ട്, 33 ഇഞ്ച് പൃഷ്ഠം. ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഋതുമതിയാകാൻ വേണ്ടതിനേക്കാൾ 17 മുതൽ 22 ശതമാനം വരെ കുറവായിരിക്കും ഈ ശരീരഘടന വെച്ച് ബാർബിയുടെ ദേഹത്തെ കൊഴുപ്പ് എന്ന് പഠനങ്ങൾ കണ്ടെത്തുകയുണ്ടായി. വിമർശനങ്ങളെത്തുടർന്ന് ആദ്യകാല ഡിസൈനുകളിലുള്ളതിനേക്കാൾ വിസ്താരമുള്ളതാക്കി മാറ്റുകയുണ്ടായി ബാർബിയുടെ അരക്കെട്ട്. വംശീയവെറി ആക്ഷേപത്തെത്തുടർന്ന് ബ്ലാക്ക്/ഇന്ത്യൻ/ചൈനീസ്/സ്പാനിഷ് ബാർബികളും ഹിജാബ് ഇട്ട ബാർബികളും ഒക്കെ മാറ്റ്ൽ പുറത്തിറക്കിയിരുന്നു. 

 

വയസ്സ് അറുപത്തൊന്നു തികഞ്ഞെങ്കിലും ഇന്നും ബാർബിയുടെ മുഖത്ത് ഒരു ചുളിവുപോലുമില്ല. ഇനിയും എത്രയോ കാലം ഇതേ ഗ്ലാമറോടെ ലക്ഷക്കണക്കിന് പെൺകുട്ടികളെ തങ്ങളുടെ ഭാവിയെപ്പറ്റി സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ചുകൊണ്ട് അവരുടെ കളിക്കൂട്ടുകാരികളായി ഈ 'മുതിർന്ന' ബാർബിപെണ്ണുങ്ങൾ ഇനിയുമുണ്ടാകും. വയസ്സെത്ര ആയെന്നു പറഞ്ഞാലും അതൊന്നും ബാർബിയെ ഇനിയങ്ങോട്ടും ബാർബിയെ ഏശിയെന്നു വരില്ല. 

click me!