യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്? ജോര്‍ജ്ജ് ഫ്ലോയ്‍ഡിന്‍റെ അവസാന നിമിഷങ്ങള്‍...

By Web TeamFirst Published Jun 2, 2020, 1:58 PM IST
Highlights

20:08 ഓടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു. അപ്പോൾ ഫ്ലോയ്‍ഡ് മറ്റ് രണ്ട് പേർക്കൊപ്പം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നു. കാറിനടുത്തെത്തിയ ശേഷം ഉദ്യോഗസ്ഥരിൽ ഒരാളായ തോമസ് ലെയ്ൻ തോക്ക് പുറത്തെടുത്ത് ഫ്ലോയ്‍ഡിനോട് കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടു.

പൊലീസ്  പീഡനത്തിൽ മരിച്ച ജോർജ്ജ് ഫ്ലോയ്‍ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരന്റെ മരണത്തിൽ യുഎസിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ എഴുതിയ പ്ലക്കാർഡും പിടിച്ചാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധം കൂടുതൽ തീവ്രമാവുകയാണ്. ഒരുപക്ഷേ അമേരിക്കയുടെ മനഃസാക്ഷിയെ ഞെട്ടിച്ച ഇത്തരത്തിലൊരു സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. മിനിയാപൊളിസിലെ ഒരു കടയ്ക്ക് പുറത്ത് വച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യ്തത്.  മെയ് 25 -ന് അറസ്റ്റിലായതിന്റെ ദൃശ്യങ്ങളിൽ ഡെറിക് ചൗവിൻ എന്ന വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിക്കുന്നത് കാണാം. ഫ്ലോയ്‍ഡിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെല്ലാം അരങ്ങേറിയത് വെറും 30 മിനിറ്റുകൾക്കുള്ളിലാണ്‌. സാക്ഷികളിൽ നിന്നുള്ള വിവരങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഔദ്യോഗിക പ്രസ്‍താവനകൾ എന്നിവ അടിസ്ഥാനമാക്കി, അവിടെ അന്ന് നടന്നത് ഇതാണ്:  

ഫ്ലോയ്‍ഡിന്റെ സ്വദേശം ടെക്സസിലെ ഹ്യൂസ്റ്റനാണ്. അവിടെനിന്ന് ഫ്ലോയ്‍ഡ് മിനിയാപൊളിസിലേയ്ക്ക് താമസം മാറുകയായിരുന്നു. നഗരത്തിൽ ഒരു ബൗൺസറായി ജോലി നോക്കിയിരുന്ന അദ്ദേഹത്തിന് കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഫലമായി ജോലി നഷ്ടപ്പെട്ടു. കപ്പ് ഫുഡുസ് എന്ന കടയിൽ നിന്നുമാണ് അദ്ദേഹം സ്ഥിരമായി സാധങ്ങൾ വാങ്ങിയിരുന്നത്. ഫ്ലോയ്‍ഡ് വളരെ നല്ലൊരു വ്യക്തിയായിരുന്നുവെന്ന് സ്റ്റോർ ഉടമ മൈക്ക് അബുമയ്യാലെ പിന്നീട് എൻ‌ബി‌സിയോട് പറയുകയുണ്ടായി. സംഭവം നടന്ന അന്നും ഫ്ലോയ്‍ഡ് പതിവ് പോലെ സാധങ്ങൾ വാങ്ങാനായി കടയിൽ പോയി. എന്നാൽ അന്ന് അബുമയ്യാലെ കടയിൽ ഉണ്ടായിരുന്നില്ല. സാധങ്ങൾ വാങ്ങി പണം നൽകിയപ്പോൾ കടയിലെ ജോലിക്കാരന് ഫ്ലോയ്‍ഡ് നൽകിയ 20 $ നോട്ട് കള്ളനോട്ടാണോ എന്ന് സംശയം തോന്നി. ഫ്ലോയ്‍ഡ് വാങ്ങിയ സിഗരറ്റ് ജീവനക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ ഫ്ലോയ്‍ഡ് അതിന് തയ്യാറായില്ല. അങ്ങനെ ജീവനക്കാരൻ ഏകദേശം 20:01 മണിയായപ്പോൾ 911 ൽ വിളിച്ചു പരാതിപ്പെട്ടുവെന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതുമാത്രവുമല്ല, ഫ്ലോയ്‍ഡ് മദ്യപിച്ച്, സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജീവനക്കാരൻ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.  

20:08 ഓടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു. അപ്പോൾ ഫ്ലോയ്‍ഡ് മറ്റ് രണ്ട് പേർക്കൊപ്പം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നു. കാറിനടുത്തെത്തിയ ശേഷം ഉദ്യോഗസ്ഥരിൽ ഒരാളായ തോമസ് ലെയ്ൻ തോക്ക് പുറത്തെടുത്ത് ഫ്ലോയ്‍ഡിനോട് കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, എന്തിനാണ് യാതൊരു പ്രകോപനവും ഇല്ലാതെ തോമസ് തോക്കെടുത്തതെന്ന് സംഭവത്തെക്കുറിച്ചുള്ള വിവരണത്തിൽ പ്രോസിക്യൂട്ടർമാർ വിശദീകരിക്കുന്നില്ല. തോമസ് ഫ്ലോയ്‍ഡിനെ ബലം പ്രയോഗിച്ച് കാറിൽ നിന്ന് പുറത്തിറക്കിയെന്നും, അതിനുശേഷം പോലീസ് വിലങ്ങണിയിക്കാൻ മുതിർന്നപ്പോൾ ഫ്ലോയ്‌ഡ് അതിനെ ശക്തമായി എതിർത്തുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.   

ഒടുവിൽ വിലങ്ങണിയിച്ച് ഫ്ലോയ്‌ഡിനെ കൊണ്ടുപോയപ്പോൾ കള്ളനോട്ട് കേസിലാണ് നിന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ പക്ഷേ ഫ്ലോയ്‌ഡ് ഒന്നും മിണ്ടിയില്ല. എന്നാൽ പൊലീസിന്റെ സ്ക്വാഡ് കാറിൽ  ഫ്ലോയ്‌ഡിനെ കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ അവിടെ ഉന്തും തള്ളുമുണ്ടായി. 20:14 ഓടെ, അദ്ദേഹം നിലത്തു വീണു, താൻ ക്ലസ്റ്റ്രോഫോബിക് ആണെന്നും അതിനകത്ത് തനിക്ക് കയറാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ സമയം, ചൗവിൻ സംഭവസ്ഥലത്തെത്തി. അയാൾ ഫ്ലോയ്‌ഡിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. അയാൾക്കൊപ്പം മറ്റ് ഉദ്യോഗസ്ഥരും ചേർന്നു.    

ഈ മൽപ്പിടുത്തതിനിടയിൽ, 20:19 ന്, ചൗവിൻ ഫ്ലോയ്‌ഡിനെ വലിച്ചിഴച്ചുകൊണ്ടുപോയി നിലത്തിട്ടു. അദ്ദേഹം നിലത്തു മുഖമടിച്ച് വീണു. അപ്പോഴാണ് കാണികൾ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയത്. ഒന്നിലധികം മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ഈ നിമിഷങ്ങൾ ഫ്ലോയ്‌ഡിന്റെ അവസാനത്തെ നിമിഷങ്ങളായിരുന്നു. ഫ്ലോയ്‌ഡിന്റെ കഴുത്തിൽ ചൗവിൻ തന്റെ ഇടത് കാൽമുട്ട് ബലമായി അമർത്തി. ശ്വാസം മുട്ടിയ ഫ്ലോയ്‌ഡ് പ്രയാസപ്പെട്ട് പറഞ്ഞു "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല." "പ്ളീസ്"," പ്ളീസ്" അദ്ദേഹം യാചിച്ച് കൊണ്ടേ ഇരുന്നു. പിന്നീട് പല പ്രാവശ്യവും അദ്ദേഹം തനിക്ക് ശ്വാസം മുട്ടുന്നുവെന്നുവെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ അനങ്ങിയില്ല. എട്ട് മിനിറ്റും 46 സെക്കൻഡും ചൗവിൻ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിക്കൊണ്ടേ ഇരുന്നു, പ്രോസിക്യൂട്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു.  

എന്നാൽ ഏകദേശം ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ, ഫ്ലോയ്‌ഡ് ചലനമറ്റു. ഫ്ലോയ്‌ഡ് അനങ്ങാതായപ്പോൾ, ആളുകൾ അദ്ദേഹത്തിന്റെ പൾസ് പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത് സംഭവത്തിന്റെ വീഡിയോകളിൽ കാണാം.  ഉദ്യോഗസ്ഥരിൽ ഒരാളായ ജാ കുയംഗ് ഫ്ലോയ്‌ഡിന്റെ പൾസ് നോക്കി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥൻ പിന്മാറിയില്ല. ഒടുവിൽ 20:27 നാണ്‌ മരിച്ച് കിടക്കുന്ന ഫ്ലോയ്‌ഡിന്റെ കഴുത്തിൽ നിന്ന് ചൗവിൻ കാൽമുട്ട് മാറ്റിയത്. ചലനരഹിതനായ ഫ്ലോയ്‌ഡിനെ ഒരു ആംബുലൻസിൽ ഹെന്നെപിൻ കൗണ്ടി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

"അവൻ മരിച്ച രീതി തീർത്തും നിരാശാജനകമാണ്. അവൻ തന്റെ ജീവനുവേണ്ടി യാചിച്ചു, അപേക്ഷിച്ചു. നിയമ സംവിധാനത്തിൽ വിശ്വാസം അർപ്പിക്കാൻ ശ്രമിക്കുമ്പോൾ, അത് നിങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ലെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകുന്നു. നിയമപരമായ മാർഗ്ഗങ്ങളിലൂടെ നീതി തേടാൻ ശ്രമിക്കുമ്പോൾ, തുടർച്ചയായി നീതി നിഷേധിക്കപ്പെട്ടു കൊണ്ടിരുന്നാൽ, ഒടുവിൽ നിയമം കയ്യിലെടുക്കാൻ നിങ്ങൾ നിർബന്ധിതരാകുന്നു" ഫ്ലോയ്‌ഡിന്റെ സുഹൃത്ത് ഹാരിസ് പറഞ്ഞു.

click me!