ആന്റിഫ : എന്താണ് കലാപങ്ങളുടെ പേരിൽ ട്രംപ് 'ഭീകരസംഘടനയായി' പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന ഈ മുന്നേറ്റം?

By Web TeamFirst Published Jun 2, 2020, 12:06 PM IST
Highlights

ആവശ്യമെങ്കിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിരാനും ആന്റിഫക്കാർ മടിച്ചു നിൽക്കാറില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം സൂചിപ്പിക്കുന്നത്.

ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു എന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന ഒരു മുന്നേറ്റമാണ് ആന്റിഫ (ANTIFA). അധികം താമസിയാതെ ആ പ്രഖ്യാപനമുണ്ടാകും എന്നുതന്നെയാണ് ട്രംപ് സൂചിപ്പിച്ചത്.

 

The United States of America will be designating ANTIFA as a Terrorist Organization.

— Donald J. Trump (@realDonaldTrump)

 

മുൻകാലങ്ങളിലെ ഈ സംഘടനയെ തീവ്രസ്വഭാവമുള്ള ഒന്നായിതന്നെയാണ് ട്രംപ് പരാമർശിച്ചിട്ടുള്ളത്. യൂറോപ്പിൽ ശക്തമായ വേരുകളുള്ള ഈ സംഘടന, കഴിഞ്ഞ വർഷം ജൂണിൽ ഒറിഗോണിൽ നടന്ന ഒരു സംഘർഷത്തോടെയാണ് അമേരിക്കൻ മണ്ണിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. 

എന്താണ് ആന്റിഫ?

ആന്റിഫ എന്നത് 'ആന്റി ഫാസിസ്റ്റ് ആക്ഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ്. യൂറോപ്പിലെ ഫാസിസ്റ്റ് സംഘടനകൾക്കെതിരായ പ്രതിരോധങ്ങളോടെ 1920 -കൾ മുതൽക്കുതന്നെ ഇങ്ങനെ ഒരു മുന്നേറ്റം നിലവിലുണ്ട്. ആന്റിഫ, ദി ആന്റി ഫാസിസ്റ്റ് ഹാൻഡ് ബുക്ക് എന്ന പുസ്തകത്തിന്റെ രചയിതാവായ മാർക്ക് ബ്രെയ് പറയുന്നത്, അമേരിക്കൻ ആന്റി ഫാസിസ്റ്റ് സംഘടനകളുടെ ഏകോപനം സംഭവിക്കുന്നത് 1980 അടുപ്പിച്ചു മാത്രമാണ് എന്നാണ്. അന്ന് അതിന്റെ പേര് ആന്റി റേസിസ്റ്റ് ആക്ഷൻ എന്നായിരുന്നു. മധ്യ പശ്ചിമ നിയോ നാസി അധോലോകത്തെ തെരുവുകളിൽ വെച്ച് കായികമായിത്തന്നെ നേരിടുന്ന നയമാണ് അന്നവർ സ്വീകരിച്ചു പോന്നത്. ഈ ഒരു മുന്നേറ്റം 2000 അടുപ്പിച്ച് ഏറെക്കുറെ നിശ്ചലമായി. 
 


 

പിന്നീട് അത് രണ്ടാമതും  സടകുടഞ്ഞെണീക്കുന്നത് ഡോണൾഡ് ട്രംപിന്റെ 'ആൾട്ട്-റൈറ്റ്' ഗ്രൂപ്പിന്റെ ഉദയത്തോടെ, അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്. നിയോ നാസിസം, നിയോ ഫാസിസം, വൈറ്റ് സുപ്രിമസിസം എന്നിങ്ങനെയുള്ള വംശീയ വെറികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്നതായിരുന്നു ആന്റിഫയുടെ പ്രഖ്യാപിത ലക്‌ഷ്യം. ഇത് ഒരൊറ്റ സംഘടനയല്ല, മറിച്ച് വംശവെറിക്കെതിരെ പ്രവർത്തിക്കുന്ന പല സംഘനകളുടെ ഒരു കൂട്ടായ്മ, അഥവാ നെറ്റ്‌വർക്ക് പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. അതിന് കൃത്യമായ ഒരു കേഡർ സ്വഭാവമോ അധികാര ഘടനയോ ഇല്ല. ലോകവ്യാപകമായി അത് പ്രവർത്തിക്കുന്നതും ഒരേ ശൈലിയിലല്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു മുന്നേറ്റത്തിന്റെ സാന്നിധ്യം ഒരു രാജ്യത്ത് ഉണ്ടെങ്കിൽ പോലും അത് തിരിച്ചറിയുക ഏറെ ദുഷ്കരവുമാണ്. വിപ്ലവകരമായ, അധികാരപ്രമത്തതാ വിരുദ്ധമായ നയങ്ങളാണ് പൊതുവിൽ അവർ സ്വീകരിച്ചു പോരുന്നത് എന്നുമാത്രം. 

സാങ്കേതിക വിദ്യയിൽ അഗ്രഗണ്യർ 

തങ്ങളുടെ പ്രവർത്തനങ്ങൾക്കായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ മടിക്കാത്തവരാണ് ആന്റിഫക്കാർ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഒരു വൻനിര ഈ മുന്നേറ്റത്തോട് അനുഭവം പുലർത്തുന്നവരായിട്ടുണ്ട് അമേരിക്കൻ മണ്ണിൽ. ഒരു പ്രസ്ഥാനം എന്ന നിലയിൽ അത് പ്രകടിപ്പിക്കുന്ന രാഷ്ട്രീയധിഷണയും, സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവും അനതിസാധാരണമാണ്.

 

 

പ്രതിഷേധങ്ങളും സമരങ്ങളും ഒക്കെ സംഘടിപ്പിക്കാൻ ആന്റിഫ സാമൂഹിക മാധ്യമങ്ങളെ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വരുന്നു. അത് തങ്ങളുടെ ഹാക്കർമാരുടെ നെറ്റ്‌വർക്ക് വഴി എതിരാളികളുടെയും തങ്ങളുടെ നിരീക്ഷണപ്പട്ടികയിൽ ഉള്ളവരുടെയും ഒക്കെ സോഷ്യൽ മീഡിയാ പ്രവൃത്തികൾ നിരന്തരം ട്രാക്ക് ചെയ്യുന്നു. ഇത് പലപ്പോഴും അവർക്ക് മാനസികവും നയതന്ത്രപരവുമായ മുൻകൈ നൽകുകയും ചെയ്യാറുണ്ട്. 

സായുധപ്രതിരോധത്തിനും മടിക്കില്ല

ആവശ്യമെങ്കിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിരാനും ആന്റിഫക്കാർ മടിച്ചു നിൽക്കാറില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം സൂചിപ്പിക്കുന്നത്. ഫാസിസ്റ്റുകളും നിയോ നാസികളും നടത്തുന്ന അക്രമങ്ങളെ സായുധമായിത്തന്നെ പ്രതിരോധിക്കുന്നതിൽ തെറ്റില്ല എന്നാണ് അവർ കരുതുന്നത്.  പൊലീസുമായോ, എതിരാളികളുമായോ ഒക്കെ ഒരു സായുധ പോരാട്ടമുണ്ടായാൽ അതിൽ പരിക്കേൽക്കാതെ കാക്കാൻ വേണ്ട സംരക്ഷണ കവചങ്ങളും അണിഞ്ഞുകൊണ്ടാണ് അവർ തെരുവിലിറങ്ങാറുള്ളത്. കറുത്ത നിറത്തിലുള്ള വസ്ത്രധാരണമാണ് ആന്റിഫയുടെ മറ്റൊരു മുഖമുദ്ര.

 

 

ഇപ്പോൾ മിനിയാപോളിസിൽ ജോർജ് ഫ്ലോയിഡിന്റെ കസ്റ്റഡി മരണത്തെത്തുടർന്നുള്ള കലാപങ്ങൾക്ക് പിന്നിലെ ഗൂഢാലോചനകൾ ആന്റിഫയുടേതാണ് എന്ന ധ്വനിയോടെയാണ് ട്രംപ് പ്രസ്തുത സംഘടനയെ നിരോധിച്ചേക്കും എന്ന സൂചന നൽകി ട്വീറ്റിട്ടത്. അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന കലാപത്തിന് പിന്നിൽ  ആന്റിഫ ആണോ എന്ന ചോദ്യത്തിന്, "അമേരിക്കയിലെ റാഡിക്കൽ ലെഫ്റ്റ് മുന്നേറ്റമെന്നത് ആന്റിഫ എന്ന സംഘടനയേക്കാൾ ഒക്കെ എത്രയോ വലുതാണ്. അമേരിക്കയിൽ ഇന്ന് നടക്കുന്ന അക്രമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണമോ റാഡിക്കൽ ലെഫ്റ്റ് സംഘടനകളുടെ അംഗബലത്തേക്കാൾ എത്രയോ അധികവും" എന്നാണ് ബ്രെയ് മറുപടി പറഞ്ഞത്. 

അമേരിക്കയിലെ തീവ്രവാദ നിയമങ്ങൾ 

ആന്റിഫ എന്നത് വ്യവസ്ഥാപിതമായ ഒരു സംഘടന അല്ലാത്തതുകൊണ്ടുതന്നെ അതിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കുന്നതിലോ നിരോധിക്കുന്നതിലോ ഒന്നും വലിയ കാര്യമില്ല. ആന്റിഫ എന്നത് ഒരു പ്രാദേശിക മുന്നേറ്റം ആയതുകൊണ്ടുതന്നെ, അമേരിക്കൻ ഗവണ്മെന്റിന്റെ ലിസ്റ്റിലുള്ള ഐറിഷ് റിപ്പബ്ലിക്കൻ ആർമിയോ ഇസ്ലാമിക് സ്റ്റേറ്റോ പോലെ ഒരു വൈദേശിക ഭീകരവാദ പ്രസ്ഥാനം എന്നും ഇതിനെ ചാപ്പകുത്താൻ സാധിക്കില്ല. അമേരിക്കയിൽ ഇന്നുവരെ ഒരു പ്രാദേശിക സംഘടനയെയോ മുന്നേറ്റത്തെയോ ഭീകരവാദ സംഘടന എന്ന് മുദ്രകുത്തിയ ചരിത്രമില്ല.  

 

 

അമേരിക്കയിൽ നിലനിൽക്കുന്ന നിയമങ്ങൾ പ്രകാരം, ഒരു വ്യക്തിയെ അയാൾ ചെയ്ത കുറ്റങ്ങളുടെ പേരിൽ വിചാരണ ചെയ്യാം എങ്കിലും, ഏതെങ്കിലും പ്രാദേശിക മുന്നേറ്റങ്ങളുടെ ഭാഗമായി എന്നും പറഞ്ഞുകൊണ്ട് അയാളെ പ്രോസിക്യൂട്ട് ചെയ്യാൻ തല്ക്കാലം നിയമമില്ല. അങ്ങനെ ചെയ്യുന്നത് ഒന്നാമത്തെ അമെൻഡ്മെന്റ് ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശം പ്രയോജനപ്പെടുത്തി ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ ആന്റിഫയെ ഭീകരവാദ സംഘടനായി പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം എത്രകണ്ട് വിജയം കാണും എന്ന് കാത്തിരുന്നു കാണാം. 
 

click me!