Latest Videos

ഭാരതമാകുമോ ഇന്ത്യ? സുപ്രീം കോടതി ഇന്ന് പരിഗണിക്കാൻ പോകുന്ന ചരിത്രപ്രധാനമായ ഹർജി ഇങ്ങനെ

By Web TeamFirst Published Jun 2, 2020, 12:54 PM IST
Highlights

രാജ്യത്തിൻറെ പേര് അതിന്റെ മൗലികനാമമായ 'ഭാരത്' -നു പകരം കൊളോണിയൽ ശക്തികൾ  ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല എന്നാണ് ഹർജിക്കാരൻ പറയുന്നത്.

ഇന്ന്, 2020 ജൂൺ രണ്ടാം തീയതി സുപ്രധാനമായ ഒരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാൻ പോവുകയാണ്. ഇത് ഒരു പക്ഷേ, ഇനിയങ്ങോട്ടുള്ള രാഷ്ട്രത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാൻ പോന്ന ഒന്നാണ്. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹർജിയാണ് ഇത്. ഇത്തരത്തിൽ ഒരു മാറ്റമുണ്ടായാൽ, അത് നമ്മുടെ കൊളോണിയൽ ഭൂതകാലത്തെ കുടഞ്ഞു കളഞ്ഞ്, രാജ്യത്തെ പൗരന്മാരിൽ സ്വന്തം ജന്മനാടിനെപ്പറ്റിയുള്ള സ്വാഭിമാനമേറ്റുന്ന ഒന്നാകും എന്നാണ് ഹർജിക്കാരന്റെ വാദം. 
 

ഹർജിക്കാരൻ 'നമ' 

ദില്ലി നിവാസിയായ നമ എന്ന വ്യക്തിയാണ് ഹർജിക്കാരൻ. അദ്ദേഹം പറയുന്നത്, ഇങ്ങനെ ഒരു പേരുമാറ്റത്തിന് ഇതിൽപ്പരം അനുയോജ്യമായ ഒരു സന്ദർഭമില്ല എന്നാണ്. രാജ്യത്തെ പല നഗരങ്ങളും അതാതിന്റെ പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പൊയ്ക്കഴിഞ്ഞ ഈ സാഹചര്യത്തിൽ രാജ്യത്തിൻറെ പേര് അതിന്റെ മൗലികനാമമായ 'ഭാരത്' നു പകരം കൊളോണിയൽ ശക്തികൾ  ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല എന്നാണ്  ഹർജിക്കാരൻ പറയുന്നത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിക്കുന്നത്. " ഇംഗ്ലീഷിലുള്ള 'ഇന്ത്യ' എന്ന പേര് മാറ്റി 'ഭാരത്' എന്നാക്കുന്ന പ്രവൃത്തി ഏറെക്കുറെ പ്രതീകാത്മകം തന്നെയാണ് എങ്കിൽ കൂടിയും, അത് ജനങ്ങളിൽ നമ്മുടെ ദേശീയതയെച്ചൊല്ലി അഭിമാനം ഉണ്ടാക്കുമെന്നും, വരും തലമുറയിൽ ആ ബോധം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടങ്ങുന്ന ഒരു ബെഞ്ചിന് മുന്നിൽ ഈ ഹർജി വരാനിരുന്നതാണ്. എന്നാൽ അന്ന് അദ്ദേഹം വേറെ ചില തിരക്കുകളിൽ പെട്ടതുകൊണ്ട് അതിന്റെ വാദം നീണ്ടുപോവുയാണുണ്ടായത്. അന്ന് മാറ്റിവെച്ച വാദമാണ് ഇന്ന് വീണ്ടും നടക്കാനിരിക്കുന്നത്. ഇന്നും ചീഫ് ജസ്റ്റിസ് തന്നെയാണ് ബെഞ്ചിനെ നയിക്കുക. 

1948 -ൽ കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ ആർട്ടിക്കിൾ 1 -നെച്ചൊല്ലി നടന്ന സംവാദത്തെപ്പറ്റിയും ഹർജിയിൽ പരാമർശമുണ്ട്. ആ സംവാദത്തിൽ എച്ച് വി കാമത്ത് എന്ന ജനപ്രതിനിധി 'ഭാരത്' അല്ലെങ്കിൽ 'ഹിന്ദ്' എന്ന പേര് മതി എന്ന ശക്തമായി അഭിപ്രായപ്പെടുകയുണ്ടായി. പുതിയ രാജ്യത്തിന്റെ നാമകരണം കുറേക്കൂടി ഗൗരവത്തോടെ കാണണം എന്നും, ഹിന്ദ്, ഹിന്ദുസ്ഥാൻ, ഭാരത് വർഷ്, ഭാരത് ഭൂമി എന്നൊക്കെ ഉള്ള നാമങ്ങൾ പരിഗണിക്കണം എന്നും കാമത്ത് അന്ന് അഭിപ്രായപ്പെട്ടിരുന്നത്രെ. എന്നാൽ, അടിമത്തത്തിന്റെ ഹാങ്ങോവറിൽ നിന്ന് മോചിതമാകാതിരുന്ന ഭരണനേതൃത്വം കൊളോണിയൽ ചിഹ്നമായ 'ഇന്ത്യ' എന്ന പേര് പകരം തെരഞ്ഞെടുക്കുകയാണുണ്ടായത് എന്ന് ഹർജിക്കാരൻ ആക്ഷേപിക്കുന്നു. 2014 -ൽ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര്  'ഭാരതം' എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിട്ടുണ്ട്. 

 

 

'ഒരു പേരിലെന്തിരിക്കുന്നു' എന്ന് പറഞ്ഞത് ഷേക്സ്പിയറാണ്. എന്നാൽ, ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണം എന്ന ആവശ്യം പല കേന്ദ്രങ്ങളിലും നിന്ന് ഉയർന്നു തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്ന് ആ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു ഹർജി നമ്മുടെ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ മുന്നിൽ വരുമ്പോൾ, അതിന്റെ വാദപ്രതിവാദങ്ങളിലേക്ക് രാജ്യം മുഴുവൻ സാകൂതം കാതോർക്കും എന്നുറപ്പാണ്. 

click me!