ഒരിക്കല്‍ രക്ഷിച്ച ഗ്രാമത്തിന് 10 കോടിയിലേറെ രൂപ സംഭാവന ചെയ്ത് ഒരാള്‍...

By Web TeamFirst Published Feb 1, 2021, 3:46 PM IST
Highlights

രണ്ടാം ലോക മഹായുദ്ധ സമയത്ത്, ഒരു പ്രാദേശിക പാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യയും ജൂത അഭയാർഥികളെ അധിനിവേശ നാസികളിൽ നിന്ന് സംരക്ഷിക്കാൻ പരിശ്രമിച്ചിരുന്നു.

ഒരാൾ തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ഫ്രാൻസിലെ ഒരു ഗ്രാമത്തിന് സംഭാവന ചെയ്തു. ഹിറ്റ്ലർ ഭരണകൂടത്തിന്റെ കണ്ണിൽ പെടാതെ അദ്ദേഹത്തെയും കുടുംബത്തെയും ആ ഗ്രാമം സംരക്ഷിച്ചതിന് പ്രത്യുപകാരമായിട്ടായിരുന്നു അത്. 90 വയസ്സുള്ള എറിക് ഷ്വാം കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. തെക്ക് കിഴക്കൻ ഫ്രാൻസിലെ പർവതങ്ങളിൽ സ്ഥിതിചെയ്യുന്ന ലെ ചാംബൺ-സർ-ലിഗ്നൺ എന്ന ഗ്രാമത്തിന് ഏകദേശം 1.8 മില്യൺ ഡോളർ (ഏകദേശം 13 കോടി) നൽകാൻ അദ്ദേഹം വിൽപത്രത്തിൽ എഴുതിവച്ചിരുന്നു.     

90 -കാരനായ ആ ഓസ്ട്രിയക്കാരൻ 1943 -ൽ കുടുംബത്തോടൊപ്പം ആ ഗ്രാമത്തിൽ എത്തുകയും, രണ്ടാം ലോക മഹായുദ്ധം നടന്ന സമയമത്രയും അവിടെയുള്ള ഒരു സ്കൂളിൽ ഒളിച്ചു കഴിയുകയും ചെയ്തിരുന്നു. 1950 വരെ അദ്ദേഹം അവിടെ താമസിച്ചു. അദ്ദേഹത്തെ പോലെ ആയിരക്കണക്കിന് ജൂതന്മാരെ സംരക്ഷിക്കുകയും ആളുകളെ പീഡനങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്തിട്ടുള്ള ഗ്രാമമാണ് ലെ ചാംബോൺ-സർ-ലിഗ്നൺ. അതേസമയം കൃത്യമായ ഒരു കണക്ക് പറയാതെ 'ഒരു വൻ തുക' ഗ്രാമത്തിന് നൽകണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്നാണ് മേയർ ജീൻ-മൈക്കൽ പറയുന്നത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് ഷ്വാം അവിടെയുള്ള ഉദ്യോഗസ്ഥരോട് ഇതേപ്പറ്റി അന്വേഷിച്ചിരുന്നുവെന്നും മൊത്തം തുക ഏകദേശം 2 മില്യൺ ഡോളർ ആണെന്നുമാണ് മുൻ മേയർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

ഷ്വാമിന്റെ കുടുംബം യഥാർത്ഥത്തിൽ വിയന്നയിൽ നിന്നുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടറായിരുന്നു. മാതാപിതാക്കളോടും മുത്തശ്ശിയോടും ഒപ്പം 1943 -ൽ അദ്ദേഹം പട്ടണത്തിലെത്തി. അഭയാർഥി കുടുംബം എങ്ങനെയാണ് അവിടെയെത്തിയതെന്ന് അറിയില്ല. പക്ഷേ, 1942 വരെ തെക്കൻ ഫ്രാൻസിലെ സൈനിക കേന്ദ്രമായ റിവാൽസേറ്റ്സ് ക്യാമ്പിലാണ് അവരെ പാർപ്പിച്ചിരുന്നത്. ഷ്വാമിന്റെ മാതാപിതാക്കൾ യുദ്ധാനന്തരം ഓസ്ട്രിയയിലേക്ക് മടങ്ങിയെങ്കിലും 1950 -ൽ ഫാർമസി പഠനത്തിനായി അദ്ദേഹം ലിയോണിലേക്ക് മാറി. അവിടെവച്ചാണ് അദ്ദേഹം തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ദമ്പതികൾക്ക് കുട്ടികളില്ലെന്നും ഡിസംബർ 25 -ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം ഒറ്റക്കായിരുന്നുവെന്നും പറയപ്പെടുന്നു. ഷ്വാമിന്റെ പണം വിദ്യാഭ്യാസത്തിനും യുവജന സംരംഭങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് മേയർ പറഞ്ഞു.

ലെ ചാംബൺ-സർ-ലിഗ്നനിൽ ഇപ്പോൾ ഏകദേശം 2500 ആളുകൾ മാത്രമേ ഉള്ളൂവെങ്കിലും, പതിനേഴാം നൂറ്റാണ്ടിൽ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിവന്ന ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് ഹ്യൂഗനോട്ട്സിന്റെ അഭയകേന്ദ്രമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധ സമയത്ത്, ഒരു പ്രാദേശിക പാസ്റ്ററും അദ്ദേഹത്തിന്റെ ഭാര്യയും ജൂത അഭയാർഥികളെ അധിനിവേശ നാസികളിൽ നിന്ന് സംരക്ഷിക്കാൻ പരിശ്രമിച്ചിരുന്നു. ഈ ഗ്രാമം ചെറുത്തുനിൽപ്പിന്റെ കേന്ദ്രമെന്ന നിലയിൽ പേരുകേട്ടു. ഗ്രാമീണർ രക്ഷപ്പെട്ട് വരുന്നവരെ ഒളിപ്പിച്ചു. പിന്നീട് ഇസ്രായേൽ ചാംബൺ-സർ-ലിഗ്നണിന്റെ അസാധാരണമായ പരിശ്രമത്തെ അംഗീകരിക്കുകയുണ്ടായി. 
 

click me!