സമാധാനത്തിനുള്ള നൊബേലിൽ നിന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്തിയ ഭരണാധികാരിയിലേക്കുള്ള ദൂരം, ആങ് സാൻ സ്യൂചി ​

By Web TeamFirst Published Feb 2, 2021, 1:24 PM IST
Highlights

സൈനിക നടപടികളെ അനുകൂലിച്ച് സംസാരിച്ച അവരുടെ നയങ്ങളെ ദലൈലാമ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി അപലപിക്കുകയും അവർക്ക് ലഭിച്ച നിരവധി അംഗീകാരങ്ങൾ റദ്ദാക്കുകയും ചെയ്തു.

പതിറ്റാണ്ടുകളായി മ്യാൻമർ ഭരിച്ച ക്രൂര സൈനിക മേധാവികളെ വെല്ലുവിളിച്ച ഒരു ധീര നേതാവായിരുന്നു ആങ് സാൻ സ്യൂചി. അതിനായി സ്വന്തം സ്വാതന്ത്ര്യം തന്നെ ബലികഴിച്ചു അവർ. മനുഷ്യാവകാശത്തിന്റെ വക്താവെന്ന് വാഴ്ത്തപ്പെട്ട അവർ സൈനിക ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ രണ്ട് പതിറ്റാണ്ടോളമാണ് വീട്ടുതങ്കലിൽ കഴിഞ്ഞത്. നന്മയുടെ പ്രതീകമായി എല്ലാവരും കണക്കാക്കിയിരുന്ന അവരെ ഏഷ്യയിലെ നെൽസൺ മണ്ടേല എന്നാണ് വിളിച്ചിരുന്നത്. മ്യാൻമറിന്റെ പ്രിയപ്പെട്ട "ലേഡി" എന്നറിയപ്പെട്ട സ്യൂചി, 2015 -ൽ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണ് പൂവണിഞ്ഞത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന്റെ ആദ്യത്തെ സിവിലിയൻ ഗവൺമെന്റ് സ്ഥാപിക്കാൻ അവർക്കായി. എന്നാൽ, പിന്നീടാണ് ആളുകളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാൻ തുടങ്ങിയത്. 

റോഹിംഗ്യൻ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായി സൈനിക നേതൃത്വം നടത്തിയ ശക്തമായ ആക്രമണത്തെ തടുക്കാൻ അവർക്ക് സാധിച്ചില്ല. മ്യാൻ‌മറിൽ‌, സ്യൂചിയ്ക്ക് ആരാധകരേറെ ഉണ്ടെങ്കിലും, രാജ്യത്തെ വംശീയ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനോ പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനോ ആ നൊബേൽ സമ്മാന ജേതാവിന് സാധിച്ചില്ല. മാധ്യമങ്ങൾക്കും സിവിൽ സമൂഹത്തിനും മേലുള്ള അവരുടെ കർശന നിയന്ത്രണങ്ങളും പ്രശ്‍നങ്ങളുടെ ആക്കം കൂട്ടി. എന്നാൽ, 2021 -ൽ ഒരു അട്ടിമറിയിലൂടെ സൈന്യം വീണ്ടും നിയന്ത്രണം ഏറ്റെടുക്കുകയും അവരെയും അവരുടെ ചുറ്റുമുള്ള രാഷ്ട്രീയ നേതൃത്വത്തെയും സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.  

1945 -ൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ബർമയിലാണ് സ്യൂചി ജനിച്ചത്. ഒരു ബർമീസ് രാഷ്ട്രീയക്കാരനും വിപ്ലവകാരിയുമായിരുന്നു അവരുടെ അച്ഛൻ, ജനറൽ ആംഗ് സാൻ. ഇന്നത്തെ മ്യാൻമറിന്റെ രാഷ്ട്ര പിതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ബർമയെ മോചിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെങ്കിലും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആറുമാസം മുൻപ് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പിന്നീട് 1960 -ൽ ഡൽഹിയിൽ മ്യാൻമറിന്റെ അംബാസഡറായി നിയമിതയായ അമ്മ ഡാവ് ഖിൻകിക്കൊപ്പം സ്യൂചിയും ഇന്ത്യയിലേക്ക് എത്തി. നാലുവർഷത്തിനുശേഷം യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ അവർ ചേർന്നു. അവിടെ തത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവ പഠിച്ചു. അവിടെ വച്ചാണ് ഭാവി ഭർത്താവ് മൈക്കൽ അരിസിനെ കണ്ടുമുട്ടുന്നത്.  

ജപ്പാനിലും ഭൂട്ടാനിലും താമസിച്ചതിന് ശേഷം അവർ മക്കളായ അലക്സാണ്ടറിനെയും കിമ്മിനെയും കൊണ്ട് യുകെയിൽ സ്ഥിരതാമസമാക്കി. പക്ഷേ, അപ്പോഴും മ്യാൻമർ ഒരിക്കലും അവരുടെ ചിന്തകളിൽ നിന്ന് അകലെയായിരുന്നില്ല. ഒടുവിൽ തീരെ കിടപ്പിലായ അമ്മയെ നോക്കാൻ 1988 -ൽ അവർ യാങ്കോണിൽ തിരിച്ചെത്തിയപ്പോൾ, മ്യാൻമർ ഒരു വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിലായിരുന്നു. ജനാധിപത്യ പരിഷ്കരണം ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും ബുദ്ധ സന്യാസിമാരും തെരുവിലിറങ്ങിയ സമയം. 1988 ഓഗസ്റ്റ് 26 -ന് യാങ്കോണിൽ നടത്തിയ ഒരു പ്രസംഗത്തിൽ "എന്റെ പിതാവിന്റെ മകൾ എന്ന നിലയിൽ എനിക്ക് നിസ്സംഗത പുലർത്താൻ കഴിയില്ല" എന്ന് അവർ പറയുകയുണ്ടായി. അന്നത്തെ ഏകാധിപതി ജനറൽ വിന്നിനെതിരായ കലാപത്തിന് അവർ നേതൃത്വം നൽകി.

യുഎസ് പൗരാവകാശ നേതാവ് മാർട്ടിൻ ലൂതർ കിങ്ങിന്റെയും ഇന്ത്യയുടെ മഹാത്മാഗാന്ധിയുടെയും അഹിംസാ പ്രചാരണങ്ങൾ പിന്തുടർന്ന് രാജ്യമെമ്പാടും സമാധാനപരമായ റാലികൾ നടത്തുകയും ജനാധിപത്യ പരിഷ്കരണത്തിനും സ്വതന്ത്ര തെരഞ്ഞെടുപ്പിനും ആഹ്വാനം ചെയ്യുകയും ചെയ്തു അവർ. എന്നാൽ, സൈന്യം ഈ പ്രകടനങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും അടുത്ത വർഷം സ്യൂചിയെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. 1990 മെയ് മാസത്തിൽ സൈനിക സർക്കാർ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിൽ സ്യൂചിയുടെ എൻ‌എൽ‌ഡി വിജയിച്ചു. എന്നാൽ, നിയന്ത്രണം കൈമാറാൻ ഭരണകൂടം വിസമ്മതിച്ചു. ജനതയ്ക്ക് വേണ്ടിയുള്ള അവരുടെ ത്യാഗത്തിനും നന്മയ്ക്കും 1991 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അവരെ തേടി വന്നു. 1997 -ൽ അവരുടെ ഭർത്താവ് അരിസ് മരണമടഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ സ്യൂചിക്ക് പങ്കെടുക്കാനായില്ല. തിരിച്ച് രാജ്യത്തേക്ക് വരാൻ അനുവദിച്ചില്ലെങ്കിലോ എന്നവർ ഭയപ്പെട്ടു. 1998 -ൽ വീട്ടുതടങ്കലിൽ നിന്ന് മോചിതനായപ്പോൾ, അനുയായികളെ കാണാൻ യാങ്കോണിന് പുറത്തേക്ക് പോകാൻ അവർ ശ്രമിച്ചു. എന്നാൽ, സൈന്യം അവരെ തടഞ്ഞു. കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ചിട്ടും സ്യൂചി ദിവസങ്ങളോളം അവരുടെ വാനിനുള്ളിൽ തന്നെ ഇരുന്നു. ദാഹിക്കുമ്പോൾ അവരുടെ കൈയിൽ ഉണ്ടായിരുന്ന കുടയിൽ മഴവെള്ളം പിടിച്ച് കുടിച്ച് ജീവൻ നിലനിർത്തി. പിന്നീട് അവരെ വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചു. 

ഒടുവിൽ 2002 മെയ് മാസത്തിൽ അവർ നിരുപാധികമായി മോചിതയായി. പക്ഷേ, ഒരു വർഷത്തിനുശേഷം അവളുടെ അനുയായികളും സർക്കാർ പിന്തുണയുള്ള ഒരു ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു. 2010 നവംബർ 7 -ന് രണ്ട് പതിറ്റാണ്ടിനിടയിൽ മ്യാൻമറിലെ ആദ്യ തെരഞ്ഞെടുപ്പിൽ വന്ന സമയത്ത് അവർ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. പുതിയ സർക്കാർ പരിഷ്കരണ പ്രക്രിയ ആരംഭിക്കുമ്പോൾ, സ്യൂചിയും അവരുടെ പാർട്ടിയും രാഷ്ട്രീയ പ്രക്രിയയിൽ വീണ്ടും ചേർന്നു. 2012 ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച 45 സീറ്റുകളിൽ 43 -ലും അവരുടെ പാർട്ടി വിജയിച്ചു. എംപിയും പ്രതിപക്ഷ നേതാവുമായി സ്യൂചി സത്യപ്രതിജ്ഞ ചെയ്തു.  

മ്യാൻമറിന്റെ സ്റ്റേറ്റ് കൗൺസിലർ ആയതിനുശേഷം, രാജ്യത്തെ മുസ്ലീം റോഹിംഗ്യൻ ന്യൂനപക്ഷത്തോടുള്ള സമീപനത്തിന്റെ പേരിൽ അവർ ഏറെ വിമർശിക്കപ്പെട്ടു. റാഖൈൻ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ റോഹിംഗ്യൻ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് സൈന്യം 2017 -ൽ നൂറുകണക്കിന് റോഹിംഗ്യൻ ഗ്രാമങ്ങൾ കത്തിക്കുകയും, അവരെ കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. രാജ്യത്ത് നടക്കുന്ന ബലാൽസംഗം, കൊലപാതകം, വംശഹത്യ എന്നിവ തടയാൻ സ്യൂചിക്കായില്ല. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി രാജ്യത്ത് ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യയുടെ പേരിൽ രാജ്യം ഒരു കേസ് നേരിട്ടുകൊണ്ടിരിക്കയാണ്. 

സൈനിക നടപടികളെ അനുകൂലിച്ച് സംസാരിച്ച അവരുടെ നയങ്ങളെ ദലൈലാമ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി അപലപിക്കുകയും അവർക്ക് ലഭിച്ച നിരവധി അംഗീകാരങ്ങൾ റദ്ദാക്കുകയും ചെയ്തു. തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും ഗുരുതരമായ രീതിയിൽ കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് മ്യാൻമർ. രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗൺ ഇതിനകം തന്നെ മോശമായ സാമ്പത്തിക അടിത്തറയെ ഒന്നുകൂടി ഉലച്ചു. ഇതെല്ലാം 2021 -ലെ സൈനിക അട്ടിമറിക്ക് കാരണങ്ങളായി ചൂണ്ടി കാട്ടുന്നു. എന്നിരുന്നാലും സ്യൂചി ഇപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ടവൾ തന്നെ. 2020 -ൽ പീപ്പിൾസ് അലയൻസ് ഫോർ ക്രെഡിറ്റ് ഇലക്ഷൻസ് നടത്തിയ ഒരു സർവേയിൽ 79% ആളുകൾക്കും അവരിൽ വിശ്വാസമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. എങ്കിലും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരജേതാവിൽ നിന്നും ക്രൂരയായ ഒരു ഭരണാധികാരിയിലേക്കുള്ള അവരുടെ മാറ്റത്തെ ലോകം അപലപിക്കുന്നു.

click me!