കൊവിഡ് 19: അമേരിക്കയിൽ തൊഴിലില്ലായ്‌മ രൂക്ഷം, 3.3 ദശലക്ഷം ആളുകൾക്ക് തൊഴില്‍ നഷ്ടമായി?

By Web TeamFirst Published Mar 28, 2020, 1:34 PM IST
Highlights

പെൻസിൽവാനിയയിൽ, മാർച്ച് 19 വരെ 15,000 ആളുകൾക്ക് മാത്രമാണ് തൊഴിൽ നഷ്ടപ്പെട്ടത് എങ്കിൽ ദിവസങ്ങൾക്കുള്ളിൽ അത് 
388,000 ആയി ഉയർന്നു.

അമേരിക്കയിൽ  കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇന്ന് പുലർച്ചെ 104,000 -ത്തിൽ അധികമായി എന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 1,700 ഓളം ആളുകൾ അസുഖത്തിന് കീഴ്പ്പെടുകയും ചെയ്തു.  ഇതോടെ അമേരിക്ക ആഗോള മഹാമാരിയില്‍ നടുങ്ങിയിരിക്കുകയാണ്. അവിടെ ജനങ്ങളുടെ ജീവിതം മാത്രമല്ല, സമ്പദ്വ്യവസ്ഥയും കൂടിയാണ് തകരാറിലാവുന്നത്. ഇതിൽ ഏറ്റവും നടുക്കുന്ന വാർത്ത ഇതുമൂലം ഏകദേശം 3.3 ദശലക്ഷം ആളുകൾക്ക് ജോലി നഷ്ടമായി എന്നതാണ്. അതും ഒരാഴ്ചയിൽ. ഇതിലൂടെ ഈ മഹാമാരിയുടെ തീവ്രത ഊഹിക്കാവുന്നതേ ഉളളൂ. അമേരിക്ക താമസിയാതെ മാന്ദ്യത്തിലേക്ക് വീഴുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഇപ്പോൾ അനുമാനിക്കുന്നത്.  

കഴിഞ്ഞ ആഴ്ച പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ 3.28 ദശലക്ഷമായിട്ടാണ് ഉയർന്നത്. 1967 -ൽ തൊഴിൽ വകുപ്പ് ഡാറ്റ ട്രാക്കുചെയ്യാൻ തുടങ്ങിയതിനുശേഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇത്. 1982 ഒക്ടോബർ 2 -ന് സമർപ്പിച്ച 695,000 ക്ലെയിമുകളായിരുന്നു മുമ്പത്തെ ഏറ്റവും ഉയർന്ന നിരക്ക്. എല്ലാവിധ പരിപാടികളും, ആഘോഷങ്ങളും റദ്ദാക്കുകയും, സംസ്ഥാന-പ്രാദേശിക സർക്കാരുകൾ പൊതുസമ്മേളനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെ ഭക്ഷ്യസേവന, ഹോസ്പിറ്റാലിറ്റി തൊഴിലാളികളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ആരോഗ്യസംരക്ഷണം, വിനോദം, ഗതാഗതം, വെയർഹൗസിംഗ്, നിർമ്മാണം എന്നിവ ഉൾപ്പെടുന്ന മറ്റ് വ്യവസായങ്ങളും കാര്യമായി ബാധിക്കപ്പെട്ടുവെന്ന് തൊഴിൽ വകുപ്പ് അഭിപ്രായപ്പെട്ടത്.  

പെൻസിൽവാനിയയിൽ, മാർച്ച് 19 വരെ 15,000 ആളുകൾക്ക് മാത്രമാണ് തൊഴിൽ നഷ്ടപ്പെട്ടത് എങ്കിൽ ദിവസങ്ങൾക്കുള്ളിൽ അത് 388,000 ആയി ഉയർന്നു. മാർച്ച് 16 -ന് സംസ്ഥാനത്ത് ആദ്യമായി അരലക്ഷത്തിലധികം തൊഴിലില്ലായ്മ ക്ലെയിമുകൾ രേഖപ്പെടുത്തിയതായി ഫിലാഡൽഫിയ ഇൻക്വയറർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചകളായി, കൊറോണ വൈറസ് മൂലം പല ബിസിനസുകളും പെട്ടെന്ന് അടച്ചുപൂട്ടേണ്ടതായി വന്നു. പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുകയോ അല്ലെങ്കിൽ വേതനം വെട്ടികുറയ്ക്കുകയോ ചെയ്‌തു. സാധാരണ സാമ്പത്തിക പ്രതിസന്ധികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൊറോണ വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി പെട്ടെന്നുള്ളതും ചുറ്റുമുള്ള എല്ലാ വ്യവസായങ്ങളെയും ബാധിക്കുന്നതുമാണ്. തൽഫലമായി, ഇനി വരുന്ന ആഴ്ചകളിൽ ദശലക്ഷക്കണക്കിന് തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ തൊഴിൽ വകുപ്പിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റായ ഹെയ്ഡി ഷിയർ‌ഹോൾസ്, തൊഴിലില്ലായ്മയുടെ വർദ്ധനവ് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് അവകാശപ്പെടുന്നു. "കൊറോണ വൈറസ് ആഘാതം കാരണം വേനൽക്കാലത്ത് 14 ദശലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ഞങ്ങൾ കണക്കാക്കുന്നു” അവർ ട്വീറ്റിൽ പറഞ്ഞു.  എന്നാൽ, തൊഴിലില്ലായ്മ ഇൻഷുറൻസ് നിലവിൽ ചില പാർട്ട് ടൈം തൊഴിലാളികളെയോ ലിഫ്റ്റ്, ഉബർ, ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ ഡ്രൈവറുകളെയോ ഉൾക്കൊള്ളുന്നില്ല. അതുകൊണ്ട് തന്നെ അത്തരം തൊഴിലാളികൾക്ക് ഈ കാലം പ്രയാസമേറിയതായിരിയ്ക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഇത് മറ്റ് രാജ്യങ്ങൾക്കും ഒരു പാഠമാണ്. തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നീട് അതൊരു വലിയ തീയായി പടർന്ന് നമ്മെ തന്നെ ദഹിപ്പിച്ച് കളയും. 

(ചിത്രം പ്രതീകാത്മകം)

click me!