കൊവിഡ് 19: നാടിനൊപ്പം ചേര്‍ന്നുനിന്ന് ഈ ഐഎഎസ് ഓഫീസര്‍മാരും

By Web TeamFirst Published Mar 28, 2020, 12:06 PM IST
Highlights

രാജ്യത്തൊട്ടാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചയുടനെ, അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ ലഭിക്കുമോ എന്ന ആശങ്കയിലായി ആളുകൾ. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോൾ അവഗണിച്ചുകൊണ്ട് സാധനങ്ങൾ വാങ്ങാനായി ആളുകൾ കടകളുടെ മുൻപിൽ കൂട്ടത്തോടെ നിൽക്കാൻ തുടങ്ങി.

ഇന്ത്യ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് നാല് ദിവസമായി. നമ്മിൽ പലരും വീടുകളിലിരിക്കുമ്പോൾ നമ്മുടെ സുരക്ഷ ഉറപ്പാക്കാനായി സ്വന്തം ജീവൻ പോലും നോക്കാതെ രാവും പകലും അധ്വാനിക്കുന്ന കുറേപേർ പുറത്തുണ്ട്. നമ്മുടെ കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ അതിലുൾപ്പെടുന്നു. ഒരുദിവസം പോലും അവധിയെടുക്കാതെ, തങ്ങളുടെ കുടുംബങ്ങളെ പോലും മറന്ന് അവർ നമുക്കായി കഷ്ടപ്പെടുന്നു. അവരിൽ ചില ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്.  

കേരളത്തിലെ ഫാസ്റ്റ് ട്രാക്ക് പ്രവർത്തനം

കേരളത്തിലെ പത്തനംതിട്ട കളക്ടർ പി.ബി നൂഹ് അത്തരമൊരാളാണ്. മാർച്ച് 7 -ന്, തന്റെ ജില്ലയിലെ ആദ്യത്തെ മൂന്ന് കോവിഡ് -19 കേസുകളുടെ വാർത്ത ലഭിക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. അർദ്ധരാത്രിയോടെ ജില്ലയിൽ തിരിച്ചെത്തിയ നൂഹ്, ഉടൻ തന്നെ ഡോക്ടർമാർ, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുമായി ചേർന്ന് രോഗികളെ കണ്ടെത്താൻ ഒരു കൺട്രോൾ റൂം തുറന്നു. മൂന്ന് മണിക്കൂറിനുള്ളിൽ അവരെ കണ്ടെത്തി ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തന്നെ അഞ്ച് രോഗികൾ കൂടി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോൾ, സൂപ്രണ്ടിന്റെ സഹായത്തോടെ നൂഹ് അവരുടെ ഫോണുകളും ടവർ ലൊക്കേഷനുകളും ട്രാക്കു ചെയ്തു. ആറ് ദിവസത്തിനുള്ളിൽ അവരെയെല്ലാം ഐസൊലേഷൻ വാർഡിൽ എത്തിച്ചു. ജില്ലയിലുടനീളം രോഗബാധ സംശയിക്കുന്ന 4,000 പേരെ വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുകയും ചെയ്‌തു. ഇതിനൊപ്പം കാസര്‍കോട് അടക്കമുള്ള ജില്ലകളിലെ കളക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതു തന്നെയാണ്. 

എം‌പിയിലും തമിഴ്‌നാട്ടിലും കുറഞ്ഞ ചെലവില്‍ ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും

രോഗം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഹാൻഡ് സാനിറ്റൈസറുകൾക്കും മാസ്കുകൾക്കും ആവശ്യക്കാരേറെയായി. എന്നാൽ, അവയെല്ലാം ആവശ്യത്തിന് ലഭ്യമല്ല എന്ന് തിരിച്ചറിഞ്ഞ തമിഴ്നാട് കളക്ടർ ഹർഷിക സിംഗ് അതിനുള്ള മാർഗ്ഗം അന്വേഷിക്കാൻ തുടങ്ങി. ഇതിനായി  ജില്ലയിലുടനീളമുള്ള സ്വാശ്രയ ഗ്രൂപ്പുകളിൽ നിന്നുള്ള 150 സ്ത്രീകളെ ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അവര്‍ നിയമിച്ചു. പ്രതിദിനം 1,500 സാനിറ്റൈസർ വരെ അവർ തയ്യാറാക്കി. അതും വെറും 10-25 രൂപയ്ക്കാണ് അവ വിൽക്കുന്നത്.  കൂടാതെ, 20 രൂപയ്ക്ക് മാസ്കുകളും ലഭ്യമാണ്. ഈ സ്ത്രീകൾ സാമൂഹിക അകലം പാലിച്ചാണ് ജോലി ചെയ്യുന്നത്. കൂടാതെ ഉൽപ്പന്നങ്ങൾ വീട്ടിൽ തന്നെ ഇരുന്നാണ് തയ്യാറാക്കുന്നതും.  

അഹമ്മദാബാദിൽ വീടുകൾ തോറും പച്ചക്കറികൾ

രാജ്യത്തൊട്ടാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചയുടനെ, അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ ലഭിക്കുമോ എന്ന ആശങ്കയിലായി ആളുകൾ. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോൾ അവഗണിച്ചുകൊണ്ട് സാധനങ്ങൾ വാങ്ങാനായി ആളുകൾ കടകളുടെ മുൻപിൽ കൂട്ടത്തോടെ നിൽക്കാൻ തുടങ്ങി. ഇതറിഞ്ഞ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എ.എം.സി) കമ്മീഷണർ വിജയ് നെഹ്റ ഇതിനൊരു പോംവഴി കണ്ടെത്തി. ആളുകൾക്ക് അവരുടെ വീടുകളിൽ പച്ചക്കറികൾ എത്തിക്കുന്നതിന് ഓട്ടോറിക്ഷകൾ നഗരത്തിന്റെ എല്ലാ കോണുകളിലും അദ്ദേഹം വിന്യസിപ്പിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം പത്ത് ഇ-റിക്ഷകൾ അനുവദിക്കുകയും സ്വയം സഹായ ഗ്രൂപ്പുകളിൽ നിന്ന് സ്ത്രീകളെ നിയമിക്കുകയും ചെയ്തു. 48 മണിക്കൂറിനുള്ളിൽ അദ്ദേഹം അതിന്റെ പ്രവർത്തനവും ആരംഭിച്ചു. കൂടാതെ എഎംസി റെസ്റ്റോറന്റുകളുമായും ഫുഡ് ജോയിന്റുകളുമായും ചേർന്ന് പ്രവർത്തിച്ച് ദിനംപ്രതി കൂലിപ്പണിക്കാർക്കും ഭവനരഹിതർക്കും നിരാലംബർക്കും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു.    

ഛത്തീസ്‌ഗഢില്‍ ആരോഗ്യച്ചെലവിനായി ഒരു മാസത്തെ ശമ്പളം

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാൻ കബീർഹാമിലെ ജില്ലാ കളക്ടർ അവനിഷ് ശരൺ തയ്യാറായി. പൗരന്മാർ അവരുടെ സൗകര്യത്തിനനുസരിച്ച് സാമ്പത്തിക സംഭാവന നൽകാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളെ സംബന്ധിച്ചിടത്തോളം, കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ജില്ലാ നിരീക്ഷണ യൂണിറ്റും കോൾ സെന്ററും ശരൺ സ്ഥാപിച്ചിക്കുകയും ചെയ്യ്തു. പൗരന്മാർക്ക് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ അതിൽ വിളിക്കാം. അടച്ചുപൂട്ടൽ കാരണം കുടുങ്ങിക്കിടക്കുന്ന കബീർഹാമിന് പുറത്തുള്ള ജില്ലയിലെ താമസക്കാർക്കും ജില്ലയിൽ താമസിക്കുന്ന പ്രവാസികൾക്കും ഏത് സഹായത്തിനും അദ്ദേഹത്തെ നേരിട്ട് സന്ദർശിക്കാനും അനുവാദമുണ്ട്.  

 

click me!