അപ്രതീക്ഷിതമായത് സംഭവിക്കും, ഇത് വടകര മണ്ഡലം!

By Nizam SyedFirst Published Mar 9, 2019, 3:58 PM IST
Highlights


വടകര ഇത്തവണയും കണക്കുതെറ്റിക്കുമോ? 

നിസാം സെയ്ദ് എഴുതുന്നു

കഴിഞ്ഞ രണ്ടു തവണ വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മല്‍സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക്, ആരാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? തങ്ങളുടെ കോട്ടയെന്നു സി.പി.എം. കരുതുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ എന്തു തന്ത്രമാണ് അവര്‍ സ്വീകരിക്കുക?  വീരേന്ദ്രകുമാറിന്റെയും മകന്റെയും പാര്‍ട്ടി മുന്നണി മാറിയത് അന്തിമ ഫലത്തെ സ്വാധീനിക്കുമോ? കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് 18,000 വോട്ട് നേടിയ ആര്‍ എം പിയുടെ നിലപാട് എന്തായിരിക്കും? അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ അതോ യു.ഡി.എഫിന് പരസ്യ പിന്തുണ നല്‍കുമോ?

വടകര നിയോജകമണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കഴിഞ്ഞ രണ്ടു തവണ വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മല്‍സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക്, ആരാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? തങ്ങളുടെ കോട്ടയെന്നു സി.പി.എം. കരുതുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ എന്തു തന്ത്രമാണ് അവര്‍ സ്വീകരിക്കുക? യു.ഡി.എഫ്. വിജയിച്ച രണ്ടു തവണയും അവരോടൊപ്പം ഉണ്ടായിരുന്ന, വടകര മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന വീരേന്ദ്രകുമാറിന്റെയും മകന്റെയും പാര്‍ട്ടി (ഇടയ്ക്കിടെ ആ പാര്‍ട്ടിയുടെ പേരുമാറുന്നതു കൊണ്ട്, ഇങ്ങനെ പറയുന്നതാണ് ജനങ്ങള്‍ക്ക് മനസ്സിലാക്കാനെളുപ്പം) മുന്നണി മാറിയത് അന്തിമ ഫലത്തെ സ്വാധീനിക്കുമോ? കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് 18,000 വോട്ട് നേടിയ ആര്‍ എം പിയുടെ നിലപാട് എന്തായിരിക്കും? അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ അതോ യു.ഡി.എഫിന് പരസ്യ പിന്തുണ നല്‍കുമോ? ഇവയെല്ലാം ഇത്തവണ വടകരയെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

അപ്രതീക്ഷിതമായതു പലതും സംഭവിച്ച ചരിത്രമാണ് വടകര ലോക്സഭാ മണ്ഡലത്തിന്‍േറത്. 1967 വരെ ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. 1971-ല്‍ വടകരമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കെപിസിസി  നിര്‍ദ്ദേശിച്ചത് ലീലാ ദാമോദരമേനോനെയായിരുന്നു. അക്കാലത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏകകണ്ഠമായി നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ അഖിലേന്ത്യാ നേതൃത്വം തിരുത്തല്‍ വരുത്തുന്ന പതിവില്ലായിരുന്നു. പക്ഷേ പതിവിന് വിപരീതമായി അത്തവണ വടകരമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി  കെ.പി ഉണ്ണികൃഷ്ണനെ നിര്‍ദ്ദേശിച്ചു. കേരളത്തിലെ മഹാഭൂരിപക്ഷം കോണ്‍ഗ്രസുകാരും ആ പേരു കേള്‍ക്കുന്നതു തന്നെ ആദ്യമായായിരുന്നു. മാതൃഭൂമി ലേഖകനായിരുന്ന ഉണ്ണികൃഷ്ണനെ ഇന്ദിരാഗാന്ധി നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേന്ദ്ര കോണ്‍ഗ്രസ്സ് നിര്‍ദ്ദേശത്തിനെതിരെ കെപിസിസി നേതൃത്വം പ്രതിഷേധിക്കുകയും ടെലിഗ്രാം അടിക്കുകയും ചെയ്തു. വടകരയില്‍ ലീലാ ദാമോദരമേനോനുവേണ്ടി ചുവരെഴുത്ത് ആരംഭിച്ചതാണ്. അവരെ ജനീവയിലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിറ്റിയില്‍ അംഗമാക്കി താല്‍ക്കാലികമായി പ്രശ്നം പരിഹരിച്ചു. പിന്നീട് അവരെ രാജ്യസഭാംഗവുമാക്കി. 

ഇന്ദിരാതരംഗത്തില്‍ ഉണ്ണികൃഷ്ണന്‍ സിറ്റിംഗ് എം.പി.യായ അരങ്ങില്‍ ശ്രീധരനെ വന്‍ഭൂരിപക്ഷത്തില്‍ തോല്പിച്ചു. 

അടിയന്തിരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തെരഞ്ഞെടുപ്പിലും കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും ഉണ്ണികൃഷ്ണന്‍ അരങ്ങില്‍ ശ്രീധരനെ വീണ്ടും തോല്പിച്ചു.  
എണ്‍പതായപ്പോഴേക്കും കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ ഇന്ദിരാവിരുദ്ധ പക്ഷത്തിന്റെ ശക്തനായ വക്താവായി മാറിയിരുന്നു ഉണ്ണികൃഷ്ണന്‍. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം കന്നി അങ്കത്തിനിറങ്ങിയ മുല്ലപ്പള്ളി രാമചന്ദ്രനെ അനായാസം തോല്‍പ്പിച്ചു.

എണ്‍പത്തിനാലില്‍ ഭാഗ്യം വീണ്ടും ഉണ്ണികൃഷ്ണനെ തുണച്ചു. ഐക്യജനാധിപത്യമുന്നണിയില്‍ മൂന്നാം സീറ്റിനുവേണ്ടി കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തിയ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റ് അവസാനനിമിഷം എസ് ആര്‍ പിക്ക് നല്‍കേണ്ടി വന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാതിരുന്ന എസ് ആര്‍ പി, ആരും അന്നേവരെ കേട്ടിട്ടില്ലാത്ത കെ.എം. രാധാകൃഷ്ണന്‍ എന്നൊരു സ്ഥാനാര്‍ത്ഥിയെ എവിടെനിന്നോ കെട്ടിയിറക്കി. രാജ്യമെങ്ങും ഇന്ദിരാ സഹതാപതരംഗം വീശിയടിച്ച ആ തെരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണന്‍ കഷ്ടിച്ചു ജയിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെങ്കില്‍ ഉണ്ണികൃഷ്ണന്റെ പരാജയം ഉറപ്പായിരുന്നു. അടുത്ത തവണ, എണ്‍പത്തിയൊന്‍പതില്‍ സുജനപാലിനെ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ വി.പി.സിംഗ് മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായി.

തൊണ്ണൂറ്റിയൊന്നില്‍ വടകര വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസും ബി.ജെ.പി.യും പിന്‍തുണ നല്‍കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി അഡ്വ. രത്നസിംഗിനെ അവതരിപ്പിച്ചു. കോലീബി സഖ്യം എന്ന പേരില്‍ അറിയപ്പെട്ട, വടകരയിലും ബേപ്പൂരും നടത്തിയ ഈ പരീക്ഷണം, കോണ്‍ഗ്രസിന് വന്‍ അവമതിപ്പാണ് ഉണ്ടാക്കിയത്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ തരംഗത്തെ അതിജീവിക്കാന്‍ ഉണ്ണികൃഷ്ണനെ ഈ പാളിപ്പോയ പരീക്ഷണം സഹായിച്ചു.

തുടര്‍ച്ചയായി വിജയിക്കുമ്പോഴും ഉണ്ണികൃഷ്ണന്‍ വടകരയിലെ വോട്ടര്‍മാര്‍ക്ക് ഒരു കാണാക്കനിയായിരുന്നു. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും 'ഇനിയെന്നു കാണും ഉണ്ണികൃഷ്ണാ' എന്ന പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പതിവായിരുന്നു.

മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ശക്തമായ വോട്ടുബാങ്കിന്റെ അടിത്തറയില്‍ വിജയിച്ചു കൊണ്ടിരുന്ന ഉണ്ണികൃഷ്ണന് പക്ഷേ അവസാനത്തെ ചാട്ടം വല്ലാതെ പിഴച്ചു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയിലെ ഒരു ഹൗസിംഗ് സൊസൈറ്റി സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങള്‍ ഉയര്‍ത്തി നടത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് പറയപ്പെടുന്നു, ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തൊണ്ണൂറ്റിയാറില്‍ സി.പി.എം.ലെ ഒ. ഭരതനോട് ഉണ്ണികൃഷ്ണന്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. അങ്ങനെ വടകരയുടെ ചരിത്രത്തിലെ കെ.പി. ഉണ്ണികൃഷ്ണന്‍ യുഗം അവസാനിച്ചു.

അടുത്ത മൂന്നു തെരഞ്ഞെടുപ്പുകളില്‍ സി.പി.എം.ന് വനിതാ സ്ഥാനാര്‍ത്ഥികളെ പരീക്ഷിക്കാനുള്ള സുരക്ഷിത മണ്ഡലമായി വടകര. രണ്ടുവട്ടം എം.കെ. പ്രേമജവും ഒരുവട്ടം പി. സതീദേവിയും വിജയിച്ചു.

സവിശേഷമായ സാഹചര്യങ്ങളിലാണ് വടകരയില്‍ 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയത്. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഉണ്ടായ ആര്‍ എം പി ഓഞ്ചിയം മേഖലയില്‍ സി.പി.എമ്മിന് വലിയ ഭീഷണിയായി മാറി. ഈ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും ടി.പി. ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും യു.ഡി.എഫില്‍ അഭിപ്രായമുയര്‍ന്നു. വടകര ഒഴിച്ചിട്ട് കേരളത്തിലെ കോണ്‍ഗ്രസ് പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. പക്ഷേ ചന്ദ്രശേഖരന്‍ യു.ഡി.എഫ് ക്ഷണം നിരസിച്ചു. വയനാട് സീറ്റീല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള ശ്രമം നടത്തി പരാജയപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നിര്‍ബന്ധിച്ചാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അവിടെ ഒരു വിജയസാധ്യത മുല്ലപ്പള്ളി പോലും കണ്ടിരുന്നില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പി. സതീദേവിയെ 56,000 വോട്ടിന് തോല്‍പ്പിച്ചു. 

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അത്. ടി.പി. ചന്ദ്രശേഖരന്റെ വധത്തെത്തുടര്‍ന്ന് നടന്ന പതിനാലിലെ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വീണ്ടും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയിച്ചു. സി.പി.എമ്മിന്റെ ശക്തികേന്ദ്രം എന്ന പാരമ്പര്യമാണോ, സമീപകാലത്തെ കോണ്‍ഗ്രസ് ചരിത്രമാണോ വടകര ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് ഈ പ്രാവശ്യത്തെ മില്യന്‍ ഡോളര്‍ ചോദ്യം.

മണ്ഡലകാലം:
കോട്ടയം
ഇടുക്കി
തിരുവനന്തപുരം

 

click me!