ഭീകരമായിരുന്നു ആദ്യ രാത്രി; ഒരു യുവതിയുടെ തുറന്നെഴുത്ത്

web desk |  
Published : Jul 18, 2018, 04:36 PM ISTUpdated : Oct 02, 2018, 04:26 AM IST
ഭീകരമായിരുന്നു ആദ്യ രാത്രി; ഒരു യുവതിയുടെ തുറന്നെഴുത്ത്

Synopsis

അന്നത്തെ രാത്രി ഞാന്‍ പ്രതീക്ഷിച്ചതുപോലെയൊന്നുമായിരുന്നില്ല അയാള്‍ ക്രൂരമായാണ് എന്നോട് പെരുമാറിയത് ക്രൂരമായി അയാളെന്നെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു അത് കത്തില്‍ വാക്ക് തന്നതിന് നേരെ വിപരീതമായിട്ടായിരുന്നു

നിര്‍ബന്ധിത വിവാഹങ്ങളുണ്ട്. ഒരു പെണ്‍കുട്ടി മാനസികമായി വിവാഹത്തിന് തയ്യാറല്ലാതിരുന്നിട്ടും സമൂഹത്തിനെ, ചുറ്റുമുള്ളവരെ, സംസ്കാരത്തെ ഒക്കെ ഭയന്ന് അവളെ വിവാഹം കഴിച്ചയക്കും. അവള്‍ക്ക് ജോലിയായിട്ടുണ്ടാവില്ല, അവളുടെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ നോക്കിയിട്ടുണ്ടാകില്ല. ഇത്തരം വിവാഹങ്ങള്‍ ഭൂരിഭാഗവും അവസാനിക്കുക ദുരന്തത്തിലായിരിക്കും. അതുമാത്രമല്ല, ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളില്‍, ഭീകരമായ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുള്ളവരിലൊക്കെ ഒരു വിവാഹജീവിതത്തിലേക്ക് പരുവപ്പെടാന്‍ ഒരുപാട് കാലമെടുത്തേക്കാം. അങ്ങനെ ഒരു പെണ്‍കുട്ടി തന്‍റെ അനുഭവം തുറന്നു പറയുന്നു. 

ഞാനൊരു വസ്തു മാത്രമായിരുന്നു. ഭര്‍ത്താവിനെ കാത്തിരിക്കാനുള്ള, കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള വസ്തു. 

എനിക്ക് നേരത്തേ അറിയാമായിരുന്നു. ഞാന്‍ എനിക്കിഷ്ടമില്ലാത്ത, താല്‍പര്യമില്ലാത്ത ഒരാളെ എപ്പോഴെങ്കിലും കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമായിരിക്കുമെന്ന്. എന്‍റെ കുടുംബത്തിലെപ്പോഴും പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ പ്രോപ്പര്‍ട്ടി ആയിരുന്നു. ചെറുപ്പത്തില്‍ അച്ഛനമ്മമാരുടെ, പിന്നീട് ഭര്‍ത്താവിന്‍റെ. ഞാനൊരു വസ്തു മാത്രമായിരുന്നു. ഭര്‍ത്താവിനെ കാത്തിരിക്കാനുള്ള, കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള വസ്തു. 

ആയിരക്കണക്കിന് സ്ത്രീകളുടെ അനുഭവമാണിത്. അതില്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ മൂവായിരമോ, നാലായിരമോ വരും. മൌനമായി അത് അനുഭവിക്കുന്നവര്‍ പതിനായിരമായിരിക്കാം. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹ (arranged marriage)വും, നിർബന്ധിത വിവാഹ (forced marriage)വും തമ്മില്‍ വ്യത്യാസമുണ്ട്. നിര്‍ബന്ധിത വിവാഹം പതിനെട്ട് വയസിനു മുകളിലായവരുടെ വിവാഹം അവരുടെ സമ്മതമോ, താല്‍പര്യമോ നോക്കാതെ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്നതാണ്. അതായത്, അതില്‍ വിവാഹം കഴിക്കുന്ന രണ്ട് പേര്‍ക്ക് വലിയ റോളൊന്നുമില്ലെന്നു തന്നെ. അത് അവരുടെ സമ്മതമില്ലാതെയും നടക്കാം. 

യു.കെയില്‍ 2014 മുതല്‍ നിര്‍ബന്ധിത വിവാഹം നിയമവിരുദ്ധമാണ്. ഇംഗ്ലണ്ടില്‍  ഇത്തരത്തിലുള്ള മുപ്പതിലൊരു കേസ് മാത്രമാണ് പക്ഷെ, നിയമത്തിനു മുന്നിലെത്തുന്നത്. 

ഇന്ത്യന്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ച ആളാണ് ഞാന്‍ എനിക്ക് രണ്ട് സഹോദരന്മാരാണ്. അവരേക്കാള്‍ സ്വാതന്ത്ര്യം കുറവായിരുന്നു എനിക്ക്. അവര്‍ പ്രണയിച്ചു, യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ചു. ഞാന്‍ എന്‍റെ സ്കൂള്‍തല പഠനം പൂര്‍ത്തിയാക്കി. പക്ഷെ, കോളേജില്‍ പോവാന്‍ അനുവാദമുണ്ടായിരുന്നില്ല. പകരം, എന്നെ പാചകം ചെയ്യാന്‍ പഠിപ്പിച്ചു. വീട് വൃത്തിയാക്കാന്‍ പഠിപ്പിച്ചു. അതിന് കാരണമായി അവര്‍ പറഞ്ഞത് എന്നെയൊരു നല്ല ഭാര്യയാകാന്‍ പഠിപ്പിക്കുകയാണ് എന്നാണ്.

ഞാന്‍ ജനിച്ചത് ഇംഗ്ലണ്ടിലാണ്. 1960ല്‍ വിവാഹശേഷം ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരായിരുന്നു എന്‍റെ മാതാപിതാക്കള്‍. അവരുടേത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കണ്ട് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അവരുടെ വിവാഹം. അവര്‍ രണ്ടുപേരും അവരുവരുടെ മാത്രം ജീവിതം ജീവിച്ചു. അവരൊരിക്കലും പരസ്പരം കെട്ടിപ്പിടിക്കുന്നതോ, ഉമ്മ വയ്ക്കുന്നതോ എന്തിന് പരസ്പരം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. 

വീട്ടിലെത്തിയ ശേഷം ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

എന്‍റെ കുട്ടിക്കാലം അത്രയേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എല്ലായിടത്തും ഞാന്‍ ഒറ്റപ്പെട്ടു. ക്ലാസിലെ ഒരേയൊരു ഏഷ്യന്‍ പെണ്‍കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ക്ലാസില്‍ നിന്നും ഒറ്റപ്പെട്ടു. ഒരു കുടുംബ സുഹൃത്താല്‍ പീഡിപ്പിക്കപ്പെട്ടു. ഞാനാകെ മോശമായാണ് വളര്‍ന്നതെന്നും പറഞ്ഞ് നന്നാക്കാനായി വീട്ടുകാരെന്നെ ഇന്ത്യയിലേക്ക് തന്നെ അയച്ചു. പിന്നെ അവരെനിക്കായി ഒരു ഭര്‍ത്താവിനെ തിരയാനാരംഭിച്ചു. ഒരു വിവാഹത്തിന് ഞാനൊരുക്കമല്ലെന്ന് ഞാനപ്പോഴൊക്കെ പറഞ്ഞിരുന്നു. ഞാന്‍ മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. അങ്ങനെ രണ്ട് മാസം കഴിഞ്ഞപ്പോള്‍ വീണ്ടുമെന്നെ യു.കെയിലേക്ക് തിരികെ വിളിച്ചു. 

വീട്ടിലെത്തിയ ശേഷം ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷെ, ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. അതോടെ അച്ഛനും അമ്മയും ചേര്‍ന്ന് വീണ്ടുമെനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. അവര്‍ അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിക്കാനും, മാട്രിമോണിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും തുടങ്ങി. ഒരുപാട് പേര്‍ ആലോചനകളുമായെത്തി. പലരും ചേര്‍ച്ചയില്ലെന്ന കാരണത്താല്‍ ഒഴിഞ്ഞുപോയി. ചിലര്‍ക്ക് ഉയരം കൂടി, ചിലര്‍ വളരെ പുരോഗമനക്കാരായി, ചിലര്‍ ജാതികൊണ്ട് ചേരുന്നില്ല. കാണാന്‍ വരുന്നവരോടൊക്കെ വീട്ടുകാര്‍ മാത്രം സംസാരിച്ചു. അവരുടെ വീട്ടുകാര്‍ക്ക് എന്നെ കാണാനായി മാത്രം ഇത്തിരിനേരം എന്നോട് ചെല്ലാന്‍ പറഞ്ഞു. 

അങ്ങനെ അമ്പലത്തില്‍ നിന്ന് കണ്ട് പരിചയപ്പെട്ട ഒരാളുടെ ആലോചന വന്നു. കാഴ്ചയ്ക്ക് നല്ല മനുഷ്യന്‍. അങ്ങനെ വിവാഹം തീരുമാനിച്ചു. രണ്ടുപേരും രണ്ട് സ്ഥലങ്ങളിലായിരുന്നു താമസം. വിവാഹത്തിനു മുമ്പ് അദ്ദേഹം സ്ഥിരമായി കത്തുകളെഴുതുമായിരുന്നു. 'നിന്നെ ഞാന്‍ രാജകുമാരിയെപ്പോലെ നോക്കു'മെന്ന് ഓരോ കത്തിലും അദ്ദേഹമെഴുതി. ഇതെല്ലാം മാതാപിതാക്കളെ കാണിച്ചപ്പോള്‍ എന്തായാലും നീയൊരു നല്ല ഭാര്യയാവാന്‍ പോകുന്നുവെന്ന് അവരെന്നോട് പറഞ്ഞു. 

എനിക്ക് ലൈംഗികബന്ധം ഭയമായിരുന്നു. കുടുംബസുഹൃത്തില്‍ നിന്നുണ്ടായ പീഡനത്തിനു ശേഷം ഞാനത് ഭയന്നു. അയാള്‍ എഴുതി, 'വിവാഹം കഴിഞ്ഞയുടന്‍ സെക്സ് വേണമെന്നൊന്നുമില്ല. രണ്ടുപേര്‍ക്കും നന്നായി പരിചയപ്പെട്ട ശേഷം അതാവാം.' വിവാഹമടുത്തു. തലേദിവസം കാരണമില്ലാതെ എനിക്ക് ഭയമായി. വിവാഹ ഫോട്ടോയിലൊക്കെ എന്നെ വിഷാദവതിയായാണ് കാണാനാവുക. ഹിന്ദു ആചാരപ്രകാരം അമ്പലത്തിലെ ചടങ്ങുകള്‍ കഴിഞ്ഞ് പിന്നീട് രജിസ്റ്റര്‍ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രേഖപ്പെടുത്തുകയായിരുന്നു.

ക്രൂരമായി അയാളെന്നെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു.

അന്നത്തെ രാത്രി ഞാന്‍ പ്രതീക്ഷിച്ചതുപോലെയൊന്നുമായിരുന്നില്ല. അയാള്‍ ക്രൂരമായാണ് എന്നോട് പെരുമാറിയത്. ക്രൂരമായി അയാളെന്നെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു. അത് കത്തില്‍ വാക്ക് തന്നതിന് നേരെ വിപരീതമായിട്ടായിരുന്നു. പിന്നീട് ഞങ്ങളദ്ദേഹത്തിന്‍റെ നാട്ടിലേക്ക് പോന്നു. അവിടെ ചെന്നപ്പോള്‍ സ്ഥിതി പിന്നേയും വഷളായി. സ്ത്രീധനം പോരെന്നും ഇനിയും കുറേ പണം, കാറ്, ടിവി ഇവയൊക്കെ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മായിഅമ്മ എന്നെ പീഡിപ്പിച്ചു തുടങ്ങി. രാവിലെ അഞ്ച് മണിക്കെഴുന്നേല്‍ക്കണം, എല്ലാ ദിവസവും വീട് മൊത്തം വൃത്തിയാക്കണം, പാതിരാവു വരെ എന്നെ ഉറങ്ങാന്‍ പോകാന്‍ സമ്മതിക്കില്ല. എന്‍റെ മുടിയവര്‍ മുറിച്ചു കളഞ്ഞു. എന്നെ എപ്പോഴും നിരീക്ഷിച്ചു. ഞാന്‍ കഴിക്കുന്ന ഭക്ഷണം വരെ അവരുടെ താല്‍പര്യം പോലെയായിരുന്നു. മെല്ലെ മെല്ലെ ഞാന്‍ തളര്‍ന്നു തുടങ്ങി. ആശുപത്രിയിലായി. ഡോക്ടര്‍മാര്‍ എന്‍റെ മാതാപിതാക്കളേ വിളിച്ചു. അവരെന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. അതവസാനിച്ചത് വിവാഹമോചനത്തിലാണ്. 

എന്‍റെ ഭര്‍ത്താവിനെ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം, എനിക്ക് വേണ്ടിയിരുന്നത് സ്വാതന്ത്ര്യമാണ്. വിവാഹമോചനം കഴിഞ്ഞതോടെ, ഞാനൊരു സ്വതന്ത്രയായൊരു സ്ത്രീയായി. സമയം കടന്നുപോയതോടെ ഞാനെന്‍റെ ജീവിതം  പുതുക്കിപ്പണിതു തുടങ്ങി. ഞാന്‍ റെയ്ഖി ഹീലിങ്ങ് (സ്ട്രെസ്സ് കുറക്കുന്നതിനും ശാന്തയാകുന്നതിനുമായുള്ള ജാപ്പനീസ് മെത്തേഡ്) പരിശീലിച്ചു. അതില്‍ പരിശീലനം നല്‍കാന്‍ തുടങ്ങി. 

വീണ്ടും ഞാനൊരു വിവാഹം കൂടി കഴിച്ചു. ഒരു മോളുണ്ടായി. ആ വിവാഹവും വിവാഹമോചനത്തിലാണവസാനിച്ചത്. 

ഇപ്പോള്‍ ഞാന്‍ മുപ്പതുകളുടെ മധ്യത്തിലാണ്. സിംഗിളാണ്. പക്ഷെ, ഹാപ്പിയുമാണ്. ഞാനെന്‍റെ മകള്‍ക്ക് സത്യം ചെയ്തുകൊടുത്തിട്ടുണ്ട്, എന്‍റെ വീട്ടുകാരും, ഭര്‍ത്താവും ചെയ്തതുപോലെ അവളെ ഞാനൊരു വസ്തുവായി മാത്രം കാണില്ലെന്ന്. അവളെ എനിക്ക് പഠിപ്പിക്കണം. അവളെല്ലാ സ്വാതന്ത്ര്യവും അവകാശവുമുള്ള മനുഷ്യജീവിയാണെന്ന് മനസിലാക്കി കൊടുക്കണം. മനുഷശ്യനായി അംഗീകരിക്കണം. 

എന്നെപ്പോലെ ഒരുപാട് പേരുണ്ട്. അചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയുമൊക്കെ പേര് പറഞ്ഞ് ഇങ്ങനെയൊക്കെ ജീവിക്കേണ്ടി വന്നവര്‍. 

എന്നെ സംബന്ധിച്ച് ജീവിതം, സ്നേഹിക്കാനും സ്നേഹം കണ്ടെത്താനുമുള്ളതാണ്. വേദനിച്ചുകൊണ്ട് വെറുതേ ജീവിക്കാനുള്ളതല്ല. 

കടപ്പാട്: ബിബിസി ന്യൂസ്

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
ഓർഡർ ചെയ്തെത്തിയ ചിക്കൻക്കറി പാതിയോളം കഴിച്ചപ്പോൾ കണ്ടത് 'ചത്ത പല്ലി', പിന്നാലെ ഛർദ്ദി; വീഡിയോ വൈറൽ