ഗവേഷകരെ അമ്പരപ്പിച്ച് കുഴിമാടത്തിലെ അസ്ഥികളില്‍ നിറയെ മുറിവുകള്‍; അതിനു പിന്നിലെ സത്യം

By Web TeamFirst Published Sep 27, 2018, 3:13 PM IST
Highlights

മുറിവുകള്‍ക്ക് പിന്നിലെ സത്യം തേടിച്ചെന്ന ഗവേഷകര്‍ പല നിഗമനങ്ങളിലുമെത്തിച്ചേര്‍ന്നു. നരഭോജികളായിരിക്കാം അവിടെ ജീവിച്ചിരുന്നത് എന്നുവരെ. പിന്നെ കരുതിയിരുന്നത് അനുവാദമില്ലാതെ കടന്നുവന്നവര്‍ക്ക് നല്‍കിയ ശിക്ഷയാകാം എന്നാണ്.

വാറം പേഴ്സി: കുഴിമാടം പരിശോധിക്കുന്ന ചരിത്രകാരന്മാര്‍ക്ക് അതില്‍ നിന്ന് നിറയെ വെട്ടും പരിക്കുമേറ്റ എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടിയാലെന്തായിരിക്കും അവസ്ഥ. ഇവിടെ സംഭവിച്ചത് അതാണ്. സ്ഥലം ഇംഗ്ലണ്ടിലെ യോക് ഷെയറിനടത്തുള്ള വാറം പേഴ്സി. ആവിടെയിപ്പോള്‍ മനുഷ്യന്മാരൊന്നുമില്ല. ആകെയുള്ളത് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളാണ്. പുരാവസ്തു വകുപ്പിന്‍റെ കീഴിലാണിത്. ടൂറിസ്റ്റ് കേന്ദ്രം എന്നതിനപ്പുറം  നിരന്തരം പുരാവസ്തുഗവേഷം നടക്കുന്ന സ്ഥലം കൂടിയാണിത്. ആര്‍ക്കിയോളജിസ്റ്റുകളും, ചരിത്രകാരന്മാരും, ബൊട്ടാണിസ്റ്റുകളും അവിടെ പഠനം നടത്തുന്നു. 

മധ്യകാലഘട്ടത്തിലാണ് അവിടെ ആളുകള്‍ ജീവിച്ചിരുന്നത്. കൃഷിയായിരുന്നു വരുമാന മാര്‍ഗം. കാലം ചെന്നപ്പോള്‍ എല്ലായിടത്തേയും പോലെ തന്നെ കൃഷിയൊക്കെ നിന്നു. വാറം പേഴ്സി തന്നെ ജനങ്ങളുപേക്ഷിച്ചു. ഹിസ്റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും, സതാംപ്ടണ്‍ സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിന്‍റെ ഭാഗമായാണ് അവിടെ കുഴിമാടം പരിശോധിച്ചത്. മുറിവുകളേറ്റ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടതോടെ ഗവേഷകര്‍ അമ്പരന്നു. 137 എല്ലിന്‍ കഷ്ണങ്ങളാണ് കണ്ടെത്തിയത്. അതില്‍ 137ലും ഉണ്ടായിരുന്നു മുറിവുകള്‍. 11-14 നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരുടേതായിരുന്നു എല്ലുകള്‍. ആ എല്ലുകള്‍ ഗവേഷകസംഘം സൂക്ഷ്മമായി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് കത്തി, കോടാലി ഒക്കെ ഉപയോഗിച്ചാണ് മുറിവുകളേറ്റതെന്നും മനസിലായി.

പലതരം നിഗമനങ്ങള്‍

മുറിവുകള്‍ക്ക് പിന്നിലെ സത്യം തേടിച്ചെന്ന ഗവേഷകര്‍ പല നിഗമനങ്ങളിലുമെത്തിച്ചേര്‍ന്നു. നരഭോജികളായിരിക്കാം അവിടെ ജീവിച്ചിരുന്നത് എന്നുവരെ. പിന്നെ കരുതിയിരുന്നത് അനുവാദമില്ലാതെ കടന്നുവന്നവര്‍ക്ക് നല്‍കിയ ശിക്ഷയാകാം എന്നാണ്. എന്നാല്‍ സത്യം അതൊന്നുമായിരുന്നില്ല. പരിശോധനയില്‍ കിട്ടിയ അവശിഷ്ടങ്ങള്‍ ആ വാറം പേഴ്സിയില്‍ തന്നെ താമസിച്ചിരുന്നവരുടേതായിരുന്നു എന്ന് മനസിലായി. എല്ലുകളില്‍ പ്രധാന പേശികളോട് ചേര്‍ന്നവയില്‍ വെട്ടുകളില്ലായിരുന്നു. സാധാരണ നരഭോജികള്‍ പ്രധാനപേശികളോട് ചേര്‍ന്നുള്ള എല്ലുകളിലാണ് വെട്ടുക. അതോടെ ആ രണ്ട് നിഗമനവും തെറ്റി. 

സംഭവിച്ചതെന്ത്
പക്ഷെ, സംഭവിച്ചത് ഇതാണ്, അവിടെയുള്ള മനുഷ്യര്‍ ഭയങ്കര പേടിക്കാരായിരുന്നു. പേടി വേറൊന്നിനെയുമല്ല. മരിച്ചുപോകുന്ന മനുഷ്യരെയാണ്. അവര്‍ പിന്നീട് ദുരാത്മാക്കളായും, പ്രേതങ്ങളായും തിരിച്ചുവരുമെന്നാണ് അവര്‍ ധരിച്ചിരുന്നത്. 

ഇതിന്‍റെ ഭാഗമായി ഉണ്ടായതാണ് ഈ വിശ്വാസവും. മരിച്ചുപോയവര്‍ ഇങ്ങനെ തിരികെയെത്തുമെന്ന് പ്രത്യേകിച്ച് ജീവിച്ചിരിക്കുമ്പോള്‍ ആഭിചാരക്രിയകളും കൂടോത്രവും നടത്തുന്നവര്‍. അങ്ങനെയുള്ളവര്‍ മരിച്ചുകഴിഞ്ഞ് തിരികെ വരാതിരിക്കാനാണ് കണ്ടം തുണ്ടം വെട്ടിനുറുക്കി കുഴിമാടത്തിലാക്കുന്നത്. ഇങ്ങനെ വെട്ടിയാല്‍ പിന്നെ കുഴിമാടം വിട്ട് പുറത്തുവരാനാകില്ലെന്നായിരുന്നുവത്രേ വിശ്വാസം. അതുകൊണ്ട് മരിച്ചയുടനെ ആളിനെ വെട്ടി കഷ്ണങ്ങളാക്കും. എല്ലുകളും ഒടിച്ചുകളയും. ഹിസ്റ്റോറിക് ഇംഗ്ലണ്ട് ഹ്യുമന്‍ സ്കെലറ്റല്‍ ബയോളജിസ്റ്റ് സൈമണ്‍ മേയ്സ് അന്ന് പറഞ്ഞത്, ഇത്തരം പ്രവൃത്തികളും അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നുവെന്നതിന് കിട്ടിയ ഏറ്റവും വലിയ തെളിവാണ് അതെന്നാണ്. 

ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സിലാണ് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ശാസ്ത്രം, കല, കൃഷി എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ചത് എന്ന് വിശ്വസിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്രയും അന്ധവിശ്വാസമുള്ള മനുഷ്യരെങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ ഗവേഷണം തുടരുകയാണ്.

click me!