
മനുഷ്യന്‍റെ ഏറ്റവും വലിയ ഭയവും ആകുലതയുമാണ് അയല്‍ക്കാര്‍, അല്ലെങ്കില്‍ മറ്റുള്ളവരെന്ത് പറയും എന്നത്. സമൂഹത്തിലെത്രയോ പേരെ അത് കൊന്നുകളഞ്ഞിട്ടുണ്ട്. ഇഷ്ടമില്ലാത്ത ജീവിതത്തില്‍ തളച്ചിട്ടുണ്ട്.
അതിന്‍റെ ഇരകളാണ് നീലവും ഭര്‍ത്താവ് ദിനേഷും. മൂന്നു വര്‍ഷം മുമ്പാണ് അവരുടെ മകന്‍ ആകാശ് ആത്മഹത്യ ചെയ്തത്. ഇന്ന് ഈ അച്ഛനും അമ്മയും മറ്റുള്ളവരോട് അവരുടെ മക്കളെ കുറിച്ച്, അവരുടെ മാനസികാരോഗ്യത്തെ കുറിച്ച് ഒക്കെ സംസാരിക്കുകയാണ്. അതിനായി ഒരു സന്നദ്ധ സംഘടനയും അവര്‍ നടത്തുന്നുണ്ട്. സൌത്ത് ഏഷ്യന്‍ വംശജര്‍ക്കിടയിലുള്ള മാനസിക അനാരോഗ്യത്തെ കുറിച്ച് പഠിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ഇതാണ് ആകാശിന്‍റെ കഥ: നീലം പറയുന്നു, 'അവന്‍ ഏറ്റവും നല്ല മകനായിരുന്നു. ഞാനെപ്പോഴെല്ലാം തളര്‍ന്നു പോയിട്ടുണ്ടോ അപ്പോഴൊക്കെ അവനാണ് എന്‍റെ അടുത്ത് ചേര്‍ന്നിരുന്ന്, എല്ലാം ശരിയാവുമെന്ന് പറഞ്ഞിരുന്നത്. '
'അവനെന്താണോ ചെയ്യണമെന്ന് തോന്നുന്നോ, അതൊക്കെ അവന്‍ ചെയ്തിരുന്നു, അതേ അവന്‍ ചെയ്തിരുന്നുള്ളൂ. രാത്രി പന്ത്രണ്ട് മണിക്ക് പാട്ടുപാടണമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ അവനത് ചെയ്യും. ' അച്ഛന്‍ ദിനേഷ് പറയുന്നു.
രാവിലെ അഞ്ചര മണിക്ക് നഗരത്തിന്‍റെ സൌന്ദര്യം ആസ്വദിക്കാനിറങ്ങിയ ആകാശിനേയും മാതാപിതാക്കളേയും ഒരു വീഡിയോയില്‍ കാണാം. ആകാശ് തന്നെ സ്വയം തയ്യാറാക്കിയ മ്യൂസിക് ആല്‍ബവുമുണ്ട്. മരിക്കുമ്പോള്‍ വെറും 21 വയസ് മാത്രമായിരുന്നു ആകാശിന്‍റെ പ്രായം. അവന്‍റെ സുഹൃത്തുക്കള്‍ അവനെ വിളിച്ചിരുന്നത് ആകാശം (SKY) എന്നായിരുന്നു. അവരുടെയൊക്കെ പ്രിയപ്പെട്ടവന്‍...
നീലം തുടരുന്നു, 'അന്ന് ഞാന്‍ ജോലിക്ക് പോയിരുന്നു. മനസിലെന്തോ ഒരു അസ്വസ്ഥത തോന്നി. എന്തുകൊണ്ടാണ് എന്നറിയാത്ത ഒരു അസ്വസ്ഥത. ഒരു മണി കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് വന്നു. ഞാനവന്‍റെ മുറിയുടെ വാതിലില്‍ മുട്ടി. അത് തുറന്നില്ല. ഇനിയും ഉറക്കം കഴിഞ്ഞില്ലേ, വാതില്‍ തുറക്ക് എന്ന് പറഞ്ഞ് ഞാനകത്തേക്ക് കടന്നു... അതോടെ ഞങ്ങളുടെ ജീവിതം... അവന്‍ മാത്രമായിരുന്നില്ല അവസാനിച്ചത്. അവനോടൊപ്പം ഞങ്ങളും അവസാനിച്ചു.'
'മാനസിക പ്രശ്നങ്ങളെ കുറിച്ച് വിഷാദത്തെ കുറിച്ചൊന്നും നമുക്കൊന്നും അറിയില്ല. ആകാശിന്‍റെ മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. പക്ഷെ, അവന്‍റെ സുഹൃത്തുക്കള്‍ പറയുന്നത് അവന്‍റെ ബോഡിലാംഗ്വേജും, ബന്ധങ്ങളും എല്ലാം അവനില്‍ വിഷാദമുണ്ടാക്കിയിരുന്നു എന്നാണ്.' എന്നും നീലം പറയുന്നു.
ആകാശ് സ്വവര്‍ഗാനുരാഗിയായിരുന്നു. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ തന്നെ അവനത് തന്നോട് തുറന്നു പറഞ്ഞിരുന്നുവെന്നും നീലം പറയുന്നുണ്ട്. 'ആദ്യം തനിക്കത് അംഗീകരിക്കാനായില്ല. എന്നാല്‍ താനവനോട് പറഞ്ഞു. നിന്നെ ദൈവമെനിക്കു തന്നതാണ്. അതിങ്ങനെയാണ് തന്നതെങ്കില്‍ ഇങ്ങനെ തന്നെ നിന്നെ ഞാന്‍ അംഗീകരിക്കുന്നുവെന്ന്. ചുറ്റുമുള്ള ലോകത്തെ എനിക്ക് ഭയമുണ്ടായിരുന്നു. എങ്കിലും ഞാനവനോടൊപ്പം നിന്നു. ' പക്ഷെ, സമൂഹത്തോടോ, മറ്റുള്ളവരെന്ത് പറയുമെന്ന ഭയം കൊണ്ടോ ആകാശ് ആത്മഹത്യ ചെയ്തു കളഞ്ഞു.
ആകാശിന്‍റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ സ്കൈ ശര്‍മ്മ ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ വീട്ടില്‍ തന്നെയാണ്. ഈ സംഘടനയിലൂടെ ബ്രിട്ടനിലുള്ള സൌത്ത് ഏഷ്യന്‍ വംശജരോട് മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ആകാശിനെ ഓര്‍ക്കുകയാണവര്‍.
ബിബിസി തയ്യാറാക്കിയ വീഡിയോ കാണാം
കടപ്പാട്: ബിബിസി
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം