
രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.
തികഞ്ഞ അത്ഭുതത്തോടെയാണ് രാത്രിയെ ഭയക്കുന്ന സ്ത്രീകളുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്.
കൊച്ചിയെന്ന പട്ടണത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാണോ, സ്ത്രീയെന്നോ പുരുഷനെന്നോ ഭേദം കല്‍പ്പിക്കാതെ വളര്‍ത്തിയ അച്ഛനമ്മമാരുടെ കഴിവാണോ , അതോ മാസത്തിലൊരിക്കലെങ്കിലും സെക്കന്റ് ഷോ കഴിഞ്ഞു ഓട്ടോ കിട്ടാതെ കസിന്‍സും അപ്പനുമമ്മയുമായി പാതിരാത്രികള്‍ നടന്നു നീങ്ങിയ ബാല്യകാല നഗരവീഥികള്‍ തന്ന ആത്മവിശ്വാസമാണോ, രാത്രിയോ പകലോ എന്നില്ലാതെ എന്തിനും ഏതിനും ഒറ്റയ്ക്ക് പുറത്തു വിടുന്ന ഭര്‍ത്താവിന് എന്നിലുള്ള വിശ്വാസമാണോ, എന്തെന്നറിയില്ല രാത്രിയെ ഞാന്‍ ഒരിയ്ക്കലും ഭയപ്പെട്ടിട്ടില്ല ...
രാത്രികള്‍ എന്നും എനിക്കു മനോഹരമായിരുന്നു.
കൂട്ടുകുടുംബത്തില്‍ ജനിച്ചതിനാല്‍ ആണ്‍ പെണ്‍ വ്യത്യാസമറിയാതെയാണ് വളര്‍ന്നത്. അതു കൊണ്ട് തന്നെ രാത്രി സഞ്ചാരങ്ങളും കൂടുതലായിരുന്നു . മാതാപിതാക്കള്‍ ഒരിയ്ക്കലും രാത്രിയെ ഭയക്കാന്‍ പഠിപ്പിച്ചില്ലാത്തതിനാല്‍ രാത്രി ഭയം തീരെ ഇല്ലായിരുന്നു .
ഒറ്റയ്ക്ക് ട്രെയ്‌നിലും ബസിലും വളരെയേറെ യാത്ര ചെയ്തിട്ടുണ്ട്. രാത്രികളിലെ നഗര വീഥികളായിരുന്നു ഏറെ ഇഷ്ടപ്പെട്ടിട്ടുള്ളത്. ശ്വാസം വിടാന്‍ ഇടം കിട്ടാതെ പകല്‍ അലയുന്ന, വാഹനങ്ങള്‍ വിട പറഞ്ഞ, നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞ വഴിയോരങ്ങള്‍. അതിന്റെ നടുവിലൂടെ ഇതെല്ലാം നമുക്ക് സ്വന്തം എന്ന ചെറുചിരിയുമായി ഇനിയും ഉറങ്ങാത്ത കപ്പലണ്ടിക്കാരന്റെ കയ്യില്‍ നിന്നും വാങ്ങിയ ചൂടുള്ള കപ്പലണ്ടിയും കൊറിച്ച് കൂടെയുള്ളവരുമായ് സൊറ പറഞ്ഞു നടന്നു നീങ്ങുന്ന രാത്രികള്‍ പലതും എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും ആരംഭത്തില്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.
ജീവിതം പയ്യെ കേരളത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ കൂടിക്കൂടിവന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞു ഡല്‍ഹിയിലെ ബസ്സില്‍ മിക്ക ദിവസങ്ങളും ഒറ്റയ്ക്കായിരുന്നു യാത്ര. ഒരിയ്ക്കല്‍ പോലും ഭയമോ ഭയക്കാനുള്ളതോ കണ്ടില്ല. ഒരു മണിക്കൂറിനടുത്ത് യാത്ര ചെയ്തു വീടെത്തുമ്പോള്‍ രാത്രി പത്തു കഴിയുമായിരിന്നു. അന്നൊന്നും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീയെ തുറിച്ചു നോക്കുന്നവര്‍ അവിടെ ഉണ്ടായിരുന്നില്ലേ എന്നു പല വട്ടം നിര്‍ഭയ സംഭവത്തിന് ശേഷം ചിന്തിച്ചിട്ടുണ്ട് ...
രാത്രിയെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ രാത്രികളെകുറിച്ചല്ല. മറിച്ച് , രാത്രികളെ ഭയക്കാത്ത സ്ത്രീസമൂഹത്തെ കുറിച്ചാണ്. നമ്മളിലെ ഭയങ്ങള്‍ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മളുടെ ചുറ്റുപാടുകളാണ്.നമ്മള്‍ക്കാവശ്യം സ്ത്രീ പുരുഷ ഭേദമെന്യേ അപകടങ്ങളെ കുറിച്ച് ബോധവല്‍കരണം ഉള്ള ഒരു സമൂഹമാണ്. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ അപകടം സംഭവിക്കും എന്ന ധാരണയോടെയാണ് പുതു തലമുറയെ വളര്‍ത്തുന്നത്. അത് തെറ്റാണ്. നമ്മള്‍ മുന്നോട്ട് വച്ച രണ്ടടിയില്‍ നിന്നും നാലടി പുറകോട്ടേക്കാണ് ഇപ്പോളത്തെ വളര്‍ച്ച.
രാത്രികളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ മോശമായി കാണുന്ന, മോശമായി ചിത്രീകരിക്കുന്ന സമൂഹത്തില്‍ നിന്നുള്ള മോചനം മാത്രമാണ് നമ്മുടെ നാടിന്റെ ഉയര്‍ച്ച.
ഇന്നും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ഞാന്‍ എത്തിയപ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞു.
രാത്രികളെ ഭയക്കാതെ അപകടങ്ങളെ ഭയക്കാന്‍ പഠിക്കുക. പഠിപ്പിക്കുക!
നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്ന അപകടങ്ങളെ നേരിടാന്‍ ശ്രമിക്കുക.
അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
പലപ്പോഴും നാം അപകടങ്ങളെ വിളിച്ച് വരുത്തി എന്നൊരു സംസാരമുണ്ട്. തെറ്റായ മനസ്ഥിതിയാണത്. ഇടുങ്ങിയ ചിന്താഗതിക്കാരുടെ അഭിപ്രായമാണത്. അപകടങ്ങളില്‍ ആവശ്യമായ പല സഹായങ്ങളും ഇന്ന് സര്‍ക്കാരും മറ്റും ചെയ്തിട്ടുണ്ട് . ഷീ ടാക്‌സികളും , ഹെല്‍പ്പ് ലൈനുകളും മറ്റും. വരുന്ന അപകടങ്ങളെ തരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറ്റപ്പെടുത്താതെ കൂടെ നിന്നു ശുശ്രൂഷിക്കുന്ന സ്വന്തക്കാരും ബന്ധുക്കളുമാണ് നമുക്ക് വേണ്ടത്. അങ്ങനെയുള്ള ജനങ്ങളാല്‍ നിറഞ്ഞ കേരളമാണെന്റെ സ്വപ്‌നം.
ഇത് നടക്കാവുന്ന സ്വപ്നമാണ്.
ഇതിനായി നാം നമ്മുടെ വീട്ടില്‍ നിന്നു തന്നെ ചെറിയ പാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ രാത്രിയെ ഭയക്കാത്ത സമൂഹത്തെ നമുക്ക് വളര്‍ത്താം. അതിനായ് കാത്തിരിക്കാം.
ഷംന കോളക്കോടന്‍: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?
മഞ്ജു വര്‍ഗീസ്: കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി
ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!
ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?
അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!
സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.