Asianet News MalayalamAsianet News Malayalam

ഒറ്റയ്‌ക്കൊരു രാത്രി!

  • സ്ത്രീകള്‍ രാത്രികള്‍
  • അര്‍ഷിക സുരേഷ് എഴുതുന്നു
Arshika women nights

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Arshika women nights

ഉറക്കമില്ലായ്മ അലോസരപ്പെടുത്തുന്ന രാത്രികളില്‍ ,  പരീക്ഷയുടെ ചൂരടിച്ച് ഉറക്കം കെടുന്ന രാത്രികളില്‍ നാടും നഗരവും ഉറങ്ങുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട് ഒന്നു വെറുതേയൊന്ന് പുറത്തേക്കൊന്ന് നടന്നാലോയെന്ന്. കൃത്യമായി പറഞ്ഞാല്‍ മാടനും മറുതയും റോന്ത് ചുറ്റുന്ന, പ്രേതപിശാചുക്കള്‍ ഇരുട്ടിന്റെ മറവില്‍ പ്രേമ സല്ലാപം നടത്തി ഇരയെയും തേടി നടക്കുന്ന രാവുകള്‍ എന്ന് അച്ചമ്മയുള്‍പ്പടെ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ട് തഴമ്പ് വീണ ചില നട്ടപ്പാതിരാ  നേരങ്ങള്‍. കൊഴുപ്പ് നിറഞ്ഞ ഇരുട്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പലപ്പോഴും വല്ലാത്തൊരു കൗതുകം തോന്നിയിട്ടുണ്ട്. ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിലേക്ക്  കണ്ണുകളുടക്കി നിശ്ശബ്ദതയെ ആസ്വദിക്കാറുണ്ട്. അപ്പോഴൊക്കെ ചില നാടോടി കഥകളില്‍ കേട്ട  പോലെ അദൃശ്യയാവാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിലെന്ന് വ്യര്‍ത്ഥമായി മോഹിച്ചിരുന്നു .  

രാത്രി എന്ന അനുഭവം മിക്ക പെണ്ണുങ്ങള്‍ക്കും സ്വപ്നമാണ്. അല്ലെങ്കില്‍ എത്രയോ അകലത്തായി സ്ഥിതി ചെയ്യുന്ന എന്തോ ഒന്ന്. രാത്രികള്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയതിലുള്ള നൈരാശ്യവും അസൂയയും മിക്കപ്പോഴും തോന്നിയിട്ടുണ്ട് .  അതിലൊന്ന് കസിന്‍ ഏട്ടന്‍മാരോടാണ്. ഇടയ്ക്ക് വിദേശത്തു നിന്ന് എത്തുന്ന സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച് അല്ലെങ്കില്‍ ഏതെങ്കിലും തെയ്യക്കാലത്ത് ഞങ്ങളൊക്കെ മുതിര്‍ന്നവരോടൊപ്പം വീടണഞ്ഞാലും രാത്രി 12 മണിക്ക് കേറി വരുന്ന ഏട്ടന്‍മാരോട് അങ്ങനെയൊരു ദീര്‍ഘമായ  ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ല. ഒരു പക്ഷെ അവരൊക്കെ മുതിര്‍ന്നവരായതു കൊണ്ടായിരിക്കാം എന്നാണ് അന്ന് ഊഹിച്ചത് . കാലം പിന്നെയും കഴിഞ്ഞപ്പോള്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് സുഹൃത്തുക്കളോടൊപ്പം പോകുന്ന അനിയനോട് അസൂയ തോന്നിയിട്ടുണ്ട്. പുറത്ത് പൊട്ടിയമരുന്ന പടക്കങ്ങളുടെ ശബ്ദവും ആകാശത്ത് വിരിയുന്ന പടക്കങ്ങളെയും ടിവിയില്‍ മാറി മാറി വരുന്ന പ്രോഗ്രാമുകളും കണ്ട് സ്വയം ബലമായി ആത്മ നിവൃതിയടയുകയായിരുന്നു. .

ഇടയ്ക്ക് അമ്മയുമായി ഉണ്ടാകുന്ന വഴക്കുകള്‍ക്കൊടുവില്‍ വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങുന്ന അച്ഛനോടും  തോന്നിയിട്ടുണ്ട്. ഏതു നേരത്തും ആണുങ്ങള്‍ക്ക് പുറത്തേക്കിറങ്ങാം. പെണ്ണുങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍  മാത്രമാണ് സമയവും അസമയവും നേരം കെട്ട നേരവുമായി നിശ്ചയിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു രാത്രിയെങ്കിലും എനിക്കും സൂക്ഷിക്കാനായി സ്വന്തമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച നിരവധി രാത്രികള്‍ എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നു പോയിട്ടുണ്ട്. കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ മോന്തിയുടെ അഭൗമമായ സൗന്ദര്യത്തെ ഒരു കാലം വരെ അച്ഛന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ വണ്ടിയിലെ ദൂര കാഴ്ചയായി മാറാറാണ് പതിവ്.  ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ പോലും രാത്രിയല്ലേ .. നീ ഇപ്പോള്‍ വരേണ്ട  പിറ്റേന്ന് കാലത്ത് പോകാമെന്ന്  പലരും പലരോടായി പറയുന്നതിനും സാക്ഷിയായിട്ടുണ്ട്. 

ചത്ത സെല്‍ഫോണുമെടുത്ത് വീട്ടില്‍ എത്തിയപ്പോഴാണ് സീന്‍ എത്രത്തോളം കോണ്‍ട്രയാണെന്ന് മനസിലായത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പിജി പഠനകാലത്ത് വഴി തിരിച്ചു വിട്ട അനുഭവം പറയാതെ വയ്യ.  കോളേജ് വീട്ടില്‍ നിന്നും ഒരല്‍പം അകലെയായിരുന്നു. ഒരു ദിവസത്തെ വരവും പോക്കിനുമായി ഫുള്‍പൈസയാണ് കൊടുക്കുന്നതെങ്കില്‍ ഏകദേശം 60 ഉറുപ്പികയ്ക്ക് മേലെയാകും. കോളേജില്‍ ചേര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് കല്ലേന്‍ പൊക്കുടന്‍, നടന്‍ ശ്രീനിവാസന്‍,  ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഒരു  പ്രോഗ്രാമുണ്ടായിരുന്നു. അല്‍പം കൂടി അല്‍പം കൂടി എന്ന് പറഞ്ഞ് ഒടുവില്‍ നേരം ഇരുട്ടിയതറിഞ്ഞില്ല. വൈകിയതിനാല്‍ തുരുതുരെ ബസ് പിടിക്കാനായി ഓടുന്ന അധ്യാപികയ്ക്ക് പിറകിലായി ഞാനും നടന്നെങ്കിലും നേരം അത്രയൊന്നും ആവാത്തതിനാലും അധ്യാപികയെ പരിചയമില്ലാത്തതിനാലും എന്തോ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. ആദ്യമായി ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന എനിക്ക് എന്നോടൊരു മതിപ്പ് തോന്നി. മാത്രവുമല്ല പറഞ്ഞറിയിക്കാനാവാത്ത ഒരാത്മധൈര്യം വന്നതു പോലെ. ബസിനുള്ളില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും മിക്ക സീറ്റുകളും ആണുങ്ങള്‍ കൈയ്യടക്കിയിരുന്നു. ഓരോ സ്‌റ്റോപ്പ് കഴിയുന്തോറും കൊഴിഞ്ഞു പോക്കും അതിനനുസൃതമായി തിരക്കും തുടര്‍ന്നു കൊണ്ടിരുന്നു. ചില ചില്ലറ തുറിച്ചു നോക്കല്‍ കലാ പരിപാടികള്‍ പതിനാല് സെക്കന്റിലധികം കടന്നു പോയി. ആദ്യമായി ഒറ്റയ്ക്ക് രാത്രിയില്‍ യാത്ര ചെയ്യുന്നതിന്റെ ത്രില്ലും നെടുവീര്‍പ്പും പേടിയും പരസ്പരം ചേര്‍ന്നുള്ള അനുഭവം മറക്കാന്‍ കഴിയില്ല.  

ചത്ത സെല്‍ഫോണുമെടുത്ത് വീട്ടില്‍ എത്തിയപ്പോഴാണ് സീന്‍ എത്രത്തോളം കോണ്‍ട്രയാണെന്ന് മനസിലായത്. സമയം ഏകദേശം 8:45, ആധി പിടിച്ച് അമ്മ, പരുക്കന്‍ ഭാവത്തോടെ നോക്കുന്ന  അച്ഛന്‍.  ഇതാണ് ഫ്രെയിമില്‍. ഏതോ അറിയാത്ത ഓട്ടോയില്‍ കേറി വന്നതിലും ദിവസേന പത്രത്തില്‍ വരുന്ന വാര്‍ത്തകളും അമ്മയുടെ മുഖത്ത് ഒറ്റയടിക്ക് മിന്നിമറയുന്നത് എനിക്ക് ഊഹിക്കാമായിരുന്നു. അവസാനം എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും ഉപദേശ്ങ്ങളും ശിരസാവഹിച്ച് ഹൃദയത്തില്‍ പൊടിഞ്ഞ സങ്കടത്തോടെയും എനിക്ക് പറയാനുണ്ടായിരുന്ന വാക്കുകള്‍ തൊണ്ടക്കുഴിയില്‍ അടിഞ്ഞു കൂടിയതിനാല്‍ വര്‍ധിച്ച ഗദ്ഗദത്തോടെയും അന്നെനിക്ക് നിശബ്ദയായിരിക്കേണ്ടി വന്നിട്ടുണ്ട്. 

ഈ കാര്യം പിന്നീട് സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്റെ മിഴിച്ചുള്ള ഇമോജിയുടെ അര്‍ത്ഥം ആയിരം ചോദ്യങ്ങള്‍ക്കുള്ള വകയാണെന്ന് മനസിലായി. 

പിന്നീടങ്ങോട്ടുള്ള നിരവധി രാത്രികളില്‍ ഒറ്റയ്ക്ക് നടന്നു വന്നിട്ടുണ്ട്. എല്ലാ രാത്രി കാഴ്ചകളും ഏറ്റുവാങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി തുറിച്ചു നോക്കലുകളെ കണ്ടെന്നും കണ്ടില്ലെന്നു നടിച്ചുമുള്ള നിരവധി രാത്രി യാത്രകള്‍. ചിലപ്പോള്‍ ഒറ്റയ്ക്ക് മറ്റു ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പം. അതില്‍ പ്രിയപ്പെട്ട രാത്രികള്‍ സമ്മാനിക്കുന്നത് ഐഎഫ്എഫ്‌കെ കാലത്താണ്. കണ്ട സിനിമയുടെ  ഇഴകളെ കീറിമുറിച്ചും ചീന്തിയെടുത്തും കാണാത്തതിനെ കുറിച്ച് പരാതിപ്പെട്ടും നല്ല ആസ്വാദകയായി സ്വയം അവരോധിക്കപ്പെടുന്ന കുറേ പാതിരാ നിമിഷങ്ങള്‍. 

ഒരു രാത്രിയെങ്കിലും എനിക്കും സൂക്ഷിക്കാനായി സ്വന്തമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച നിരവധി രാത്രികള്‍

രാത്രിയില്‍ പ്രിയ ഫുഡും തേടി അലഞ്ഞിട്ടുള്ളത് മറ്റൊതു അസല്‍ അനുഭവമാണ്. നല്ല തണുപ്പുള്ള രാത്രികളില്‍ ഏറ്റവും അവസാനം അടക്കുന്ന പാര്‍ലറില്‍ നിന്ന് കോണും  വാങ്ങി സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിലൂടെ നടക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാനാവില്ല. തൊണ്ടക്കുഴിയില്‍ അലിയുന്ന ക്രീമിന്റെ തണുപ്പും പുറത്തെ തണുപ്പും കണ്ണിലലിയുന്ന ഇരുട്ടും സമാസമം ചേരുന്ന അവസ്ഥ..ഗ്രേറ്റ്ഫുള്‍!

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരാറ്റം  ബോംബെന്ന പോലെ ഏതു നേരവും ജാഗരൂകരായിരിക്കാന്‍  സമൂഹം ആവശ്യപ്പെടുന്നതെന്തിനെന്ന് മനസിലാവുന്നില്ല. ഇനിയൊട്ട് അറിയാനും താത്പര്യവുമില്ല. പറഞ്ഞു പഴകിയ വാക്കുകള്‍ വീണ്ടും വീണ്ടും  ആവര്‍ത്തിക്കുന്നതു കൊണ്ട് യാതൊരര്‍ത്ഥവുമില്ല. പെണ്ണ് എന്ന പരിഗണന ആഗ്രഹിക്കുന്നില്ല. വ്യക്തിയെന്ന അംഗീകാരം മാത്രം മതി.  ഒന്നു ഫ്രീയായി നടക്കണം. പേടിയില്ലാതെ, ഒന്നിനെ കുറിച്ചോര്‍ത്തും വ്യാകുലപ്പെടാതെ പതുക്കെ തെരുവുകളിലൂടെ നിഴലുകളോട് കഥ പറഞ്ഞ് രാത്രിയോട് പുലരുവോളം പരിഭവം പറഞ്ഞ് അങ്ങിനെ  ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും  രാത്രിക്ക് കൂട്ടിരിക്കണം കുറേ നേരം.

Follow Us:
Download App:
  • android
  • ios