Asianet News MalayalamAsianet News Malayalam

കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

  • സ്ത്രീകള്‍ രാത്രികള്‍
  • മഞ്ജു വര്‍ഗീസ് എഴുതുന്നു


 
'

Manju M Varghese on women nights

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Manju M Varghese on women nights

ഇല വന്നു മുള്ളേല്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും ഇലയ്ക്ക് തന്നെയാ  കേട്'. 

'നേരം ഇരുട്ടിയ സമയത്തു എങ്ങും പോകണ്ട, നീയൊരു പെണ്‍കൊച്ചല്ലേ'- രാത്രി സഞ്ചാരത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ജീവിതത്തില്‍ കേട്ട് മടുത്ത സംഭാഷണങ്ങള്‍.
 
അമ്മച്ചിയുടെ കൂടെ സന്ധ്യയ്ക്കും രാത്രി സമയങ്ങളിലും സഞ്ചരിച്ച, ഒഴിച്ച് കൂടാനാവാത്ത ചില യാത്രകളില്‍ നിന്ന് തന്നെയാകാം തുടക്കം. കാരണം, ഒഴിവാക്കാന്‍ പറ്റാവുന്ന ഇത്തരം 'അസമയത്തുള്ള' യാത്രകള്‍  ഞങ്ങള്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും നിഷിദ്ധമാണല്ലോ. ഒരമ്മക്ക് മുന്‍പിലും, പുറകിലും കണ്ണുണ്ടെന്നും, മക്കളെ സംരക്ഷിക്കാന്‍ രണ്ടു കൈകളല്ല, അനേകം കൈകളുണ്ടെന്നും ബോദ്ധ്യപ്പെട്ട നാളുകള്‍! പൊതുവെ ശാന്തസ്വഭാവിയും ആരോടും ഒരു വഴക്കിനും പോകാത്തതുമായ എന്റെ അമ്മച്ചി ഏറ്റവും കൂടുതല്‍ പ്രതികരിച്ചു കണ്ടതും ഈ സമയങ്ങളിലാണ്..
 
പൊക്കം കുറഞ്ഞു ഉരുണ്ട് ഇരു നിറത്തിലുള്ള ശരീരവും ചാടിയ മുന്‍ നിര പല്ലുകളും നല്‍കിയ അപകര്‍ഷത ബാധിച്ച കൗമാരക്കാരിയെ സന്ധ്യക്കും രാത്രിയും സഞ്ചരിക്കുമ്പോള്‍ റോഡിലും, കടകളിലും നിന്നുമെല്ലാം വരുന്ന ആഴ്ന്നിറങ്ങുന്ന നോട്ടങ്ങള്‍ പലതരത്തിലാണ് ചിന്തിപ്പിച്ചത്. 'ദൈവമേ, അമ്മച്ചി എന്ത് വിചാരിക്കും! ഇനി ഇങ്ങനെ പോലും പുറത്തിറങ്ങാന്‍ അനുവാദം കിട്ടില്ല'.  ഈ ഭയമായിരുന്നു അതില്‍ മുന്നില്‍ നിന്നത്. ആകെയുള്ള ചെറിയ സ്വാതന്ത്ര്യം പോലും തകര്‍ക്കുന്ന ഇക്കൂട്ടരോട് അപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത്. ശരീരത്തെ അളന്നു മുറിക്കുന്ന ആ നോട്ടങ്ങളെ ഞാന്‍ വല്ലാതെ വെറുത്തിരുന്നു.
 
ചുറ്റും നടക്കുന്നത് അറിയുന്നുണ്ടെന്ന് എനിക്കും കൂടി ബോദ്ധ്യപ്പെടാന്‍ അമ്മച്ചി ഇങ്ങനെ പറയും. 'ഇവരൊക്കെ എന്താ പെണ്‍പിള്ളേരെ കണ്ടിട്ടില്ലേ? ഓരോരുത്തര് നോക്കണ നോട്ടം കണ്ടാല്‍ മതി.. വേഗം നടക്ക് കൊച്ചെ!'. ആരെങ്കിലും മൂളിപ്പാട്ടോ ചൂളം വിളിയോ എന്തെങ്കിലും കമന്‍േറാ പറഞ്ഞു പോയാല്‍ അപ്പോള്‍ ഞാനോര്‍ക്കും, 'ദൈവമേ, കഴിഞ്ഞു!' അതിനിടയില്‍ അവരുടെ പാട്ടിനെ നിശ്ശബ്ദമാക്കാന്‍ പറ്റുന്ന കത്തിക്കുത്തു പോലെയുള്ള ഒരു നോട്ടം അമ്മച്ചി വീശി എറിഞ്ഞിട്ടുണ്ടാകും. പിന്നെ എത്ര ക്ഷീണവും , തളര്‍ച്ചയും ഉണ്ടെങ്കിലും നീളം കുറഞ്ഞ എന്റെ കാലുകള്‍ എന്റെ രണ്ടിരട്ടി പൊക്കമുള്ളയാള്‍ നടക്കുന്നതിനേക്കാള്‍ വേഗത്തിലാകും.  ആരോ ചെയ്യുന്ന തെറ്റിന് സ്വയം ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ ഇനി ഒരിക്കലും ഒരു പെണ്ണായി ജനിക്കരുത് എന്ന് അറിയാതെ ആഗ്രഹിച്ചു പോയിട്ടുണ്ട്. 
 
അടുത്ത കടമ്പയാണ് ബസ് യാത്ര. ബസില്‍ എത്ര സ്ഥലം ഉണ്ടെങ്കിലും പെണ്ണുങ്ങളുടെ സീറ്റിനരികില്‍ മാത്രം നില്‍ക്കാന്‍ ശ്രമിക്കുന്നവരെയും എങ്ങും പിടിക്കാതെ ഓരോ  ബ്രേക്കിലും ദേഹത്തേക്ക് ചാഞ്ഞു വരുന്ന പുരുഷ കേസരികളെയും ഒരു സ്പര്‍ശനത്തില്‍ തന്നെ ഉദ്ധാരണത്തിന് കാത്തുനില്‍ക്കുന്നവരെയും എനിക്ക് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ലെങ്കിലും അമ്മച്ചി നാവു കൊണ്ട് വാള്‍പ്പയറ്റ് നടത്തി ഭയപ്പെടുത്തുകയും ഫുട്ബോള്‍  കളിക്കാനുള്ള  സ്ഥലം എനിക്ക് ചുറ്റും  ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ഇതെല്ലാം മറികടക്കാന്‍ ഏറ്റവും മുന്‍സീറ്റിനടുത്തു സ്ഥലം പിടിക്കുമായിരുന്ന എന്റെ നേരെ വന്ന ഡ്രൈവറുടെ ചില കണ്ണേറുകളെ, 'മുന്‍പിലേക്ക് നോക്കി വണ്ടി ഓടിക്ക്' എന്ന ഒറ്റ ഡയലോഗില്‍ കോര്‍ത്തിട്ടുണ്ട് അമ്മച്ചി. 'കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ്' എന്നത് എത്ര സത്യം എന്നോര്‍ത്ത് ഉള്ളില്‍ ഇടയ്ക്കു ഞാന്‍ ചിരിച്ചിട്ടുമുണ്ട്.

അമ്മച്ചി ഏറ്റവും കൂടുതല്‍ പ്രതികരിച്ചു കണ്ടതും ഈ സമയങ്ങളിലാണ്..

രണ്ടാമത്തെ എന്റെ ചിന്ത, 'കാണാന്‍ ഇങ്ങനെയൊക്കെ ആണേലും നോക്കാന്‍ ആളുണ്ട്ട്ടോ' എന്ന ഒരു  സമാധാനപ്പെടുത്തല്‍ ആയിരുന്നു. ചില കുത്തിമുറിക്കുന്ന നോട്ടങ്ങള്‍ കാണുമ്പൊള്‍ ഒഴിച്ചാല്‍ ഒരു സന്തോഷമൊക്കെ തോന്നും. തിരിച്ചു വന്നു കണ്ണാടി നോക്കുമ്പോള്‍ പറന്നു പോകുന്ന ചില ഹാലജന്‍ ബലൂണ്‍ ചിന്തകള്‍ മാത്രം ആണ് അവയെന്ന് താമസിയാതെ തിരിച്ചറിയുകയും ചെയ്യും.
 
കൗമാരകാലത്തു അപ്പച്ചന്റെ കൂടെ പോയിട്ടുള്ള യാത്രകളില്‍ പ്രധാനപ്പെട്ട ഒന്ന് സിനിമകള്‍ കാണാനായിരുന്നു. ഇടയ്ക്കു സര്‍പ്രൈസ് സിനിമാ യാത്രകള്‍  ഉണ്ടായിരുന്നു. എന്റെ കൂടെ കാണാന്‍ വന്നിട്ടുള്ള ഒരു സിനിമ പോലും അപ്പച്ചന്‍ പൂര്‍ണ്ണമായി, മനസ്സമാധാനത്തോടെ കണ്ടിട്ടില്ല. തീയേറ്ററിനകത്തെ കുറ്റാക്കുറ്റിരുട്ടില്‍ അപ്പച്ചന്റെ കണ്ണുകള്‍ സൂക്ഷ്മമായി എന്റെ പുറകിലും സൈഡിലും ഉള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കും. കറങ്ങുന്ന ക്യാമറ പോലെ അഞ്ചു മിനിറ്റില്‍ ഒരിക്കലെങ്കിലും ഭ്രമണം നടത്തിയിരിക്കും ആ കണ്ണുകള്‍.  ഒറ്റയ്ക്ക് വന്നിരുന്നെങ്കില്‍ എത്ര നന്നായി സിനിമ ആസ്വദിക്കാമായിരുന്നു അപ്പച്ചന് എന്നോര്‍ത്ത് അപ്പോള്‍ എന്നോടു തോന്നുന്നതിനേക്കാള്‍ അപ്പച്ചനോട് സഹതാപം തോന്നിയിട്ടുണ്ട്. മാന്യന്മാര്‍ ആണ് അടുത്ത് ഇരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ അവരോടും സഹതാപം തോന്നിയിട്ടുണ്ട്. ചുരുക്കം ചിലര്‍ ചെയ്ത വൃത്തികേടുകളുടെ ഫലമാണല്ലോ എന്നോര്‍ക്കുമ്പോള്‍ ആ വിവരദോഷികളോട് വിദ്വേഷവും.
 
തനിയെ യാത്ര ചെയ്യേണ്ടി വന്ന രാത്രികളില്‍ ഒരു പിന്നും മുട്ട് കൈയും തീ പാറുന്ന രണ്ടു കണ്ണുകളും ദേഷ്യം അതിരൂക്ഷമായി പ്രകടിപ്പിക്കാന്‍ പഠിച്ച  മുഖലക്ഷണവുമായി സ്വയം നേരിട്ടു,  അനാവശ്യമായി നീണ്ടു വരുന്ന ഓരോ പുരുഷാവയങ്ങളെയും. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും ടൂറിനൊക്കെ പോകുമ്പോള്‍ ഇരുട്ടിലും പെങ്ങന്മാരെ പോലെ ഞങ്ങളെ സംരക്ഷിച്ച സഹപാഠികളോട് എന്നും ബഹുമാനവും സ്നേഹവുമാണ്. അത് പോലെ പ്രതിസന്ധികളില്‍ തങ്ങളുടേതായ രീതിയില്‍ സംരക്ഷിച്ച അന്യപുരുഷന്മാരോടും ബഹുമാനം തന്നെ. 
 
ഈ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ച സ്വപ്നങ്ങള്‍ ഏറെയാണ്.
 
കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ അസാന്നിദ്ധ്യത്തില്‍ എനിക്കൊരു രാത്രി യാത്ര ചെയ്യണം. പഴയ കൗമാരക്കാരിയായി വീണ്ടും എനിക്ക് അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ ആ പഴയ കാലത്തു സുരക്ഷിതയായി നടക്കണം. ഭയക്കാതെ സിനിമ കണ്ടാസ്വദിക്കണം. എന്നെക്കുറിച്ചു അല്‍പം പോലും ആശങ്കപ്പെടാതെ അവര്‍ക്കു യാത്രയുടെ ഓരോ നിമിഷവും  ആസ്വദിക്കാന്‍ സാധിക്കണം. ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വപ്നങ്ങള്‍!
 
പിന്നെ, കൂട്ടുകാരുമൊത്തു എനിക്ക് നഷ്ടമായ എല്ലാ സ്വപ്നങ്ങളെയും തിരികെ പിടിക്കണം. സൂര്യോദയവും രാത്രി നക്ഷത്രങ്ങളും സൂര്യാസ്തമയവും തിരകളും  കണ്ടു കൊണ്ട് ഒരു രാത്രി മുഴുവന്‍ ബീച്ചില്‍ കഥ പറഞ്ഞും ചിരിച്ചും ചിലവഴിക്കണം..
 
എല്ലാ അര്‍ത്ഥത്തിലും എന്‍േറതാതായ എന്റെ  പുരുഷനുമൊത്തു   തോണിയില്‍ രാത്രി സവാരി നടത്തണം. മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരു പ്രണയ ഗാനം കേട്ട് കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ആ മടിയില്‍ കിടക്കണം. 
   
'പെണ്‍കുട്ടിയാണ്, ഒറ്റയ്ക്ക് പോകണ്ട' തുടങ്ങിയ നിബന്ധനകളില്ലാതെ, സ്വാതന്ത്ര്യത്തോടെ , ഭയമില്ലാതെ എങ്ങോട്ടും സഞ്ചരിക്കാന്‍ സാധിക്കുക എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ രാത്രി സ്വപ്‌നം..

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

Follow Us:
Download App:
  • android
  • ios