സ്ത്രീകള്‍ രാത്രികള്‍ ആമി അലവി എഴുതുന്നു

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

രാവിന്റെ ഗന്ധമറിഞ്ഞു തേക്കിന്‍ കാട്ടില്‍ കൂടിയൊന്ന് നടക്കണം. 

അവിടെ തുറിച്ചു നോട്ടങ്ങള്‍ ഇല്ലാതെ, നേരമിരുട്ടുന്നു എന്ന ആധിയില്ലാതെ സായാഹ്നകളിക്കാര്‍ക്കൊപ്പം ഒരു റൗണ്ട് റമ്മി കളിക്കണം. 

രാഗത്തിലെ സിനിമയോ അക്കാദമിയിലെ നാടകമോ കാണണം. 

ഇരുട്ടിനെ നോക്കി ചൂളം വിളിക്കണം.

വിശപ്പറിയുമ്പോള്‍ തട്ടുദോശ കഴിക്കണം. 

ചോദിക്കാനും പറയാനും കുടുംബത്തു ചുണയുള്ള ആണുങ്ങളില്ലേ എന്ന സദാചാര വിചാരണയില്ലാതെ ഒരൊറ്റ രാവ് ഒന്നിറങ്ങി നടക്കണം.

വീട്, ജോലി, കുടുംബം, തിരക്കുകള്‍ അങ്ങനെയുള്ള എല്ലാ ഓട്ടപ്പാച്ചിലുകളില്‍ നിന്നും മാറി, കടല്‍ കരയിലോ റോട്ടു വക്കത്തോ നഗരത്തിരക്കിലോ അങ്ങിനെ ഏറ്റവും പ്രിയമുള്ളൊരിടത്ത് അത്രമേല്‍ സ്വതന്ത്രമായി ഒരു രാത്രിയുണ്ടാവണമെന്ന് ആശയില്ലാത്ത പെണ്ണ് ആരാണുള്ളത്?

സ്വപ്നങ്ങളെന്തെന്നൊരു പെണ്‍ മനസ്സിനോടു ചോദിച്ചാല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ടാകും സ്ഥലങ്ങളോ രീതികളോ മാറി ഇതുപോലൊരാഗ്രഹം.

മനസ്സില്‍ ഈ മോഹം ഒളിപ്പിക്കാത്ത, അടുത്ത ചങ്ങാതിയോട് ഒരിക്കലെങ്കിലും ഇതേക്കുറിച്ച് പറയാത്ത പെണ്ണുങ്ങള്‍ വിരളം.

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയാലും ടൂറിന് പോകാന്‍ സമ്മതം കിട്ടുകയില്ല. 'പെങ്കുട്ടികള് ഇത്ര ദൂരം ഒറ്റയ്ക്കു പോകുന്നത് ശരിയാകുമോ? ചോദ്യംത്തിന്റെ മുന തട്ടി ആഗ്രഹം മുറിയും. കൂട്ടുകാരികളൊക്കെ ഉണ്ടെന്നു പറഞ്ഞാലും രക്ഷയില്ല. ഒടുവില്‍ പറയും : 'നിനക്ക് കല്യാണമൊക്കെ കഴിഞ്ഞു ഭര്‍ത്താവിനൊപ്പം എവിടെ വേണേലും പോകാലോ..?

അതേ! ആണ്‍തുണയില്ലാത്ത യാത്രകളെ നമ്മുടെ സമൂഹം ഒരിക്കലും അംഗീകരിക്കുകയേയില്ല.

ഇനിയിപ്പോ വിവാഹിതയായാലോ! കുട്ടികളും വീട്ടുകാര്യങ്ങളുമൊക്കെയായി നൂറുകൂട്ടം ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ യാത്ര പോകാന്‍ നേരമെവിടെ? 

പിടിപ്പതു പണിയുള്ള ജോലി കൂടിയുണ്ടെങ്കില്‍ ഓഫിസിനും വീടിനുമിടയില്‍ കുരുങ്ങി സമയമത്രയും എരിഞ്ഞു തീരും.

യാത്രാ സ്വപ്നങ്ങളൊക്കെയും മനസ്സിലൊളിപ്പിച്ചു ബാക്കികാലം കഴിയേണ്ടി വരുന്നവള്‍ക്കെങ്ങിനെയാണ് സ്വന്തമായി ഒരു രാവുണ്ടാവുന്നത്? 
അരുതുകളുടെ സംസ്ഥാന സമ്മേളനമാണ് ഓരോ സ്ത്രീയുടെയും ജീവിതം. ഞാന്‍ പലപ്പോളും ആണ്‍കുട്ടി ആയിരുന്നെങ്കിലെന്നു മോഹിച്ചിട്ടുണ്ട്.. 

ആണിനു പോകാനാകാത്ത സ്ഥലങ്ങളോ, സമയങ്ങളോ ഇല്ല. പകലും രാത്രിയും അവനു സമം. പെണ്ണിന്റെ കഥയതല്ല.

നല്ല പെരുമാറ്റമുള്ള സ്ത്രീകള്‍ അത്യപൂര്‍വ്വമായിമാത്രം ചരിത്രം സൃഷ്ടിക്കാറുള്ളൂ. 

രാത്രികള്‍ അവളുടേതല്ല. 

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ കൗമാരത്തിലേക്ക് കാലൂന്നുമ്പോള്‍ പെണ്ണിന് വിലക്കുകള്‍ ഏറുകയും ആണിന് അവന്റെ ലോകം വിശാലമാവുകയും ചെയ്യും. 

ഒരുമാതിരി പെണ്‍കുട്ടികളൊക്കെ കുടുംബക്കാര്‍ പറയുന്നതും കേട്ടു ഒതുങ്ങിക്കഴിയാന്‍ ബാധ്യസ്ഥരാവും. പുരുഷനെപ്പോലെ ഒരു ബാഗും ചുമലിലിട്ട് പെട്ടെന്ന് ഇറങ്ങി യാത്ര പുറപ്പെടാന്‍ കഴിയുന്നതല്ല സ്ത്രീയുടെ ജീവിതം.

ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സുരക്ഷ തന്നെയാണു പ്രധാന പ്രശ്നം. കാലം മാറിയല്ലോ , സാഹചര്യങ്ങള്‍ മാറിയല്ലോ , പെണ്ണ് എന്തിനു പേടിക്കണം എന്നൊക്കെ ഭംഗി വാക്ക് പറയാമെന്നല്ലാതെ , നേരം ഇരുട്ടിയാല്‍ പെണ്ണിന് പുറത്തിറങ്ങി നടക്കുകയെന്നത് ഇന്നും ഒരു സ്വപ്നം തന്നെയാണ്.

പെണ്ണുങ്ങളുടെ എല്ലാത്തരം ഇടപെടലുകളെയും പൊതുസമൂഹം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. പെണ്ണിന്റെ സഞ്ചാരം, പെണ്ണിന്റെ വിദ്യാഭ്യാസം. പെണ്ണിന്റെ തൊഴില്‍ ഇക്കാര്യങ്ങളിലൊക്കെ പൊതുസമൂഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഇന്നും നിലനില്‍ക്കുന്നത്. ഇതൊക്കെ അധിജീവിക്കുന്നവര്‍ക്കു വിമര്‍ശനങ്ങള്‍ പതിവാണ്. 

അച്ഛനുമമ്മയും ചൂണ്ടിക്കാണിക്കുന്ന ആളെ മുന്‍പിന്‍ ആലോചിക്കാതെ കല്യാണം കഴിക്കുക. ഭര്‍തൃഗൃഹത്തില്‍ അച്ചടക്കത്തോടെ ശാന്തയായി ജീവിക്കുക. കുഞ്ഞുങ്ങളെ പ്രസവിച്ചു മുലയൂട്ടി വളര്‍ത്തുക.സ്ത്രീകള്‍ പെരുമാറേണ്ടതെങ്ങിനെ എന്ന കൃത്യമായ നിയമാവലികള്‍ നമുക്കുണ്ട്. 

പെരുമാറ്റം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നൊരു വാചകമുണ്ട്, 'Well behaved women rarely make history'.നല്ല പെരുമാറ്റമുള്ള സ്ത്രീകള്‍ അത്യപൂര്‍വ്വമായിമാത്രം ചരിത്രം സൃഷ്ടിക്കാറുള്ളൂ. 

കാലം മാറി കഥ മാറിയെന്ന് മുഖം ചുളിക്കാന്‍ വരട്ടെ. ശരിയാണ് ! മുമ്പത്തേക്കാളേറെ സ്ത്രീകള്‍ ഉദ്യോഗസ്ഥകളാണ്. സ്വന്തമായി അധ്വാനിക്കുന്ന പണമുണ്ട്. പക്ഷേ എത്രപേര്‍ക്ക് സ്വതന്ത്രമായി അത് ചിലവഴിക്കാന്‍ അനുവാദമുണ്ട്? ഒരു സാധാരണ വിനോദയാത്രപോലും വിലക്കപ്പെടുന്നെത്ര പേരുണ്ട്? ഇനി അഥവാ സാധ്യമായാല്‍ കാലെടുത്തു വെയ്ക്കുന്നിടത്തൊക്കെ അരുതുകള്‍ നിങ്ങളെ കാത്തിരിക്കും.

എന്റെ പെണ്‍കുട്ടിക്കാലത്തില്‍ അത്രമേല്‍ അരുതുകളുണ്ടായിരുന്നു. പക്ഷേ യാത്രകളെ അത്രമേല്‍ മോഹിച്ചിരുന്നിരുന്നൊരുത്തി ആയിരുന്നു ഞാന്‍.
സ്‌കൂളില്‍ നിന്ന് ടൂറു പോകാന്‍ ഒരിക്കലും അനുവാദം കിട്ടാത്തതുകൊണ്ട് കൂട്ടുകാര്‍ പറയുന്ന കഥകളെ സസൂക്ഷ്മം ശ്രദ്ധിച്ചു ഭാവനയില്‍ അത്രേടം പോയിവന്നിരുന്നൊരുത്തി. 

പിന്നെ പ്ലസ് ടൂ കാരിയായപ്പോള്‍ പെട്ടെന്നൊരു തോന്നലില്‍ കയ്യിലുള്ള പൈസയ്ക്ക് എങ്ങോട്ടേക്കോ ബസ് കയറി ആളും അനക്കവും കണ്ടു വൈകീട്ട് തിരിച്ചു വന്നു, തെണ്ടാന്‍ പോയ കഥ വീട്ടില്‍ വിളമ്പി വയറു നിറയെ ചീത്ത വാങ്ങിച്ചു സുഖമായി കിടന്നുറങ്ങി.

അതൊരു തുടക്കമായിരുന്നു. 

പിന്നീട് കോളേജില്‍ ക്ലാസ് കട്ട് ചെയ്തു.

അതിവിദഗ്ധമായി മതില്‍ ചാടി. 

തോന്നിയ ബസ്സില്‍ കയറി തോന്നിയിടത്തു ഇറങ്ങി. 

ചുറ്റും പാളിനോക്കി പരിചയക്കാരില്ല എന്നുറപ്പു വരുത്തി രാഗത്തില്‍ സിനിമയ്ക്ക് പോയി.

സിനിമ കഴിയുന്നതിന്റെ അഞ്ച് മിനിറ്റ് മുന്നിറങ്ങി ഓടി റൗണ്ടില്‍ എത്തി നെടുവീര്‍പ്പിട്ടു.

റോഡരികില്‍ നിന്നും പഴയ പുസ്തകങ്ങള്‍ വിലപേശി വാങ്ങി. 

ആരുടെയൊക്കെയോ ഒപ്പം തേക്കിന്‍കാട് മൈതാനത്തില്‍ നടന്നു. 

ആള്‍ക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടന്നു.

കിതച്ചും തളര്‍ന്നും പോവുമ്പോള്‍ ലാസറേട്ടന്റെ കടയിലെ ഉപ്പിട്ട നാരങ്ങാവെളളം കുടിച്ചു. 

ഇന്ത്യന്‍ കോഫീഹൗസിലെ ബീറ്റ്‌റൂട്ട് കട്‌ലറ്റും കാപ്പിയും കഴിച്ചു.

പബ്ലിക് ലൈബ്രറിയിലും സാഹിത്യ അക്കാദമിയിലും തെണ്ടിത്തിരിഞ്ഞു.

അന്നെനിക്ക് തിളങ്ങുന്ന കണ്ണുകളുണ്ടായിരുന്നു.

അന്നും ഞാന്‍ തട്ടമിട്ടപെണ്ണായിരുന്നു. 

എന്നിട്ടും എന്തെന്നോ ഏതൊന്നോ ആരും ചോദിച്ചില്ല.അഥവാ ആരും ധൈര്യപ്പെട്ടില്ല.

ഒറ്റയ്ക്കുള്ള യാത്രയുടെ ആനന്ദം ഇപ്പോള്‍ എനിക്കറിയാം.ആത്മവിശ്വാസം എത്രകണ്ട് കൂടുമെന്നും. സ്വാതന്ത്യമെന്നതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാവുന്ന നിമിഷങ്ങള്‍ ആണത്.

ഒരിക്കല്‍ കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയത് ഓര്‍ക്കുന്നു.

മാനം പൊട്ടി വീഴുന്നത് പോലുള്ള ഇടിയും മഴയും. അന്ന് കാടിറങ്ങി വന്നത് അതിനുള്ളിലേക്കാണ്. 

ഞാന്‍ അത്യാഹ്ലാദത്തോടെ മഴയിലേക്കിറങ്ങി. 

നനയാന്‍ നില്‍ക്കാതെ കയറി വണ്ടിയിലിരിക്കൂ.

എനിക്ക് നനയാന്‍ ഇഷ്ടമാണ്. 

എന്തിഷ്ടം! പെണ്ണാണെന്ന് ഓര്‍മ്മ വേണം. ഒരാള്‍ എന്നോട് മാത്രമായി പറഞ്ഞു. 

ഞങ്ങള്‍ ആണുങ്ങള്‍ പലയിടത്തും പോകും. മഴ നനയും. രസിക്കും. അതുകണ്ട് പെണ്ണുങ്ങള്‍ തുള്ളാന്‍ നില്‍ക്കണ്ടയെന്ന് കൂടി പിന്നെ കൂട്ടിച്ചേര്‍ത്തു. 
ഈ ലോകം മുഴുവന്‍ എന്നാണ് ആണുങ്ങള്‍ക്കുമാത്രമായി പതിച്ചുകിട്ടിയതെന്ന് ഞാനോര്‍ത്തു. അതും യാത്രയായിരുന്നു. ജീവിതത്തില്‍ ആണ്‍അഹന്തകളെ തിരിച്ചറിയാന്‍ കിട്ടിയ യാത്രാനുഭവം. 

നിങ്ങള്‍ ഉറച്ചിറങ്ങിയാല്‍ ആര്‍ക്കു പറയാനാവും പോകരുതെന്ന്...?

എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ! സ്വന്തം ഇഷ്ടങ്ങള്‍ നടപ്പിലാക്കുക എന്നത് ഒരു പെണ്ണിന് ഒട്ടും എളുപ്പമല്ല.എങ്കിലും എത്ര ആലോചിച്ചിട്ടും നടപ്പിലാക്കാതിരിക്കാന്‍ ഞാനൊരു കാരണവും കാണുന്നില്ല. നിങ്ങള്‍ക്ക് ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ കൊണ്ട് നിങ്ങള്‍ ആകാശം തൊടണം. നിരന്തരമായി ആഗ്രഹിക്കണം. ഒരിക്കലെങ്കിലും ഇറങ്ങിപ്പുറപ്പെടണം.

അങ്ങിനെ പോയിട്ടുള്ള ഒരുവളാണീ പറയുന്നത്. 

സമൂഹം നല്ലവള്‍ എന്ന പട്ടം അണിയിച്ചിട്ടുള്ള എല്ലാപെണ്ണുങ്ങളും സ്വന്തം ഇഷ്ടം ഉള്ളില്‍ പൂട്ടിവെച്ച് മറ്റൊന്നായി ജീവിക്കുന്നവരാണ്. അങ്ങിനെയൊക്കെ ചെയ്തിട്ട് നല്ല പെണ്‍കുട്ടി, അച്ചടക്കമുള്ളവള്‍, വിനീത എന്നൊക്കെ അംഗീകാരം മാത്രം മതിയോ ജീവിതത്തിന്റെ ആകെത്തുകയായി? 

സ്വന്തം ഇഷ്ടങ്ങളെ പക്ഷികളെപ്പോലെ ഒരിക്കലെങ്കിലും ആകാശത്തിലേക്കു തുറന്നു വിടേണ്ടതില്ലേ? ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കേണ്ടതില്ലേ? അതിലെല്ലാ മുപരി എപ്പോളും ഓര്‍ക്കേണ്ടത് ജീവിതം ഒന്നേയുള്ളൂവെന്നതാണ്. 

പ്രിയപ്പെട്ടവന്‍ ഒരിക്കല്‍ പറഞ്ഞു തന്നതാണ് ഒരേയിടത്തേക്കു നിങ്ങള്‍ രണ്ട് തവണ യാത്രപോകണം. ഒരിക്കല്‍ ഏറ്റവും പ്രിയമുള്ള ആളുടെ കൂടെ. ഒരിക്കല്‍ തനിച്ചും. 

അതേ! തനിച്ചുള്ളൊരു യാത്രയ്ക്ക്, ഒരു രാവിന് മാത്രം നല്‍കാന്‍ കഴിയുന്ന ചില മാസ്മരികതയുണ്ട്.

രാവിന്റെ കവിളില്‍ നിലാവിന്റെ ഞരമ്പുകള്‍ തെളിയുന്നത് കാണാന്‍ നമുക്ക് പോകേണ്ടേ?

നിനച്ചിരിക്കാത്ത നേരങ്ങളില്‍ ഞൊടിയിടയില്‍ മിന്നിത്തെളിയാന്‍ ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ? 

നിങ്ങള്‍ ഉറച്ചിറങ്ങിയാല്‍ ആര്‍ക്കു പറയാനാവും പോകരുതെന്ന്...?