
ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ, പ്രശസ്ത യൂട്യൂബർ ഫിന്നി ഡാ ലെജൻഡും ഭാര്യ ബബ്ലിയും വെടിയേറ്റു മരിച്ചു. ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിന്‍സിന് സമീപം ജൂൺ 8 ഞായറാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
അക്രമി ഇവർക്ക് നേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ടിരുന്ന ലൈവ് സ്ട്രീം ആദ്യം യൂട്യൂബിൽ സംപ്രേഷണം ചെയ്തിരുന്നെങ്കിലും പിന്നീടിത് നീക്കം ചെയ്തു. എന്നാൽ ഇപ്പോൾ ഇവരുടെ മരണനിമിഷം മാത്രം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ വീണ്ടും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പ്രകാരം ദമ്പതികൾ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്.
ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് (എൽവിഎംപിഡി) പറയുന്നതനുസരിച്ച്, സൗത്ത് ലാസ് വെഗാസ് ബൊളിവാർഡിൽ രാത്രി 10:40 ഓടെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. സംഭവസ്ഥലത്തിനു സമീപത്തായി പട്രോൾ നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ രണ്ടു വ്യക്തികൾ വെടിയേറ്റ് കിടക്കുന്നതായാണ് കണ്ടത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തരമായി സഹായം ലഭ്യമാക്കിയെങ്കിലും അതിനുള്ളിൽ തന്നെ ദമ്പതികൾ മരിച്ചിരുന്നു.
41 വയസ്സുള്ള മാനുവൽ റൂയിസ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. വെടിവെച്ച് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ പൊലീസിന് കീഴടങ്ങി. മാരകായുധം ഉപയോഗിച്ചുള്ള കൊലപാതക കുറ്റം ചുമത്തിയ ഇയാളെ അറസ്റ്റ് ചെയ്ത് ക്ലാർക്ക് കൗണ്ടി തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതാണ് പൊലീസ് പ്രസ്താവനയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരായിരുന്നു ഈ യൂട്യൂബർ ദമ്പതിമാർക്ക് ഉണ്ടായിരുന്നത്. ഫിന്നി ഡാ ലെജന്റിന്റെ ഭാര്യയായ ബബ്ലി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം