യുപിയിലെ റാംപൂരിൽ വൈക്കോൽ കയറ്റിയ ട്രക്ക് ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഹൈവേയിൽ ബൊലേറോ തിരിക്കുന്നതിനിടെ അപകടം ഒഴിവാക്കാൻ ശ്രമിച്ച ട്രക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ.
ഉത്തർപ്രദേശിലെ റാംപൂരിൽ, വൈക്കോൽ പൊടി നിറച്ച ട്രക്ക് ബൊലേറോയുടെ മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണന്ത്യം. ഡിസംബർ 28 ഞായറാഴ്ച, നൈനിറ്റാൾ റോഡിൽ പഹാഡി ഗേറ്റിന് സമീപത്തെ പ്രാദേശിക പവർ ഹൗസിനടുത്തായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ട്രക്കും ബൊലോറോയും
അപകടത്തിൽപ്പെട്ട ബൊലേറോ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (എസ്ഡിഒ) ഉടമസ്ഥതയിൽ ഉള്ളതായിരുന്നെന്ന് വൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ തോല നിവാസിയായ 54 -കാരനായ ഫിരാസത്ത് എന്ന ഡ്രൈവർ അപകടത്തിന് പിന്നാലെ തൽക്ഷണം മരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വൈകുന്നേരം 4:30 ഓടെ ഖൗഡ് സബ്‌സ്റ്റേഷനിൽ എസ്‌ഡിഒയെ ഇറക്കിയ ശേഷം ഫിറാസത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഹാഡി ഗേറ്റിന് സമീപമുള്ള ഒരു ഹൈവേ കട്ട് ഭാഗത്ത് ബൊലേറോ തിരിക്കാൻ ശ്രമിക്കുന്നതിനിടെ, വൈക്കോൽ കയറ്റിയ ഒരു ട്രക്ക് ബൊലോറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
ദൃശ്യങ്ങൾ വൈറൽ
പിന്നിൽ നിന്നും വന്ന വാഹനത്തെ ശ്രദ്ധിക്കാതെ ഫിരാസത്ത് ബൊലോറോ തിരിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ സമയം അപകടം ഒഴിവാക്കാൻ ട്രക്ക് ഡ്രൈവർ സെൻട്രൽ ഡിവൈഡറിലേക്ക് വാഹനം തിരിച്ചു. ഇതോടെ വാഹനത്തിന്‍റെ ടയർ ഡിവൈഡറിൽ കയറുകയും വാഹനത്തിന്‍റെ ഭാരം ഒരു ഭാഗത്ത് കേന്ദ്രീകരിക്കപ്പെടുകയും പിന്നാലെ ട്രക്ക് ബൊലോറോയുടെ മുകളിക്ക് മറിയുകയുമായിരുന്നു. വീണു കിടന്ന ട്രക്ക് ബൊലോറോയെ പൂർണ്ണമായും മൂടുന്ന നിലയിലായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപകത്തിൽ ഫിരാസത്തിന്‍റെ തലയ്ക്കും നടുവിനും ഗുരുതരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുകൾ പറയുന്നു.


