രാജ്യം ഞെട്ടിയ പ്രഖ്യാപനം, നോട്ട് നിരോധനത്തിന് പത്താണ്ട്; ആദ്യ സർജിക്കൽ സ്ട്രൈക്കെന്ന് വിശേഷണം, ഇന്ന് നേട്ടമായി ഉയർത്തിക്കാട്ടാതെ ബിജെപി

Published : Nov 08, 2026, 10:29 AM IST
10 years of demonetisation

Synopsis

2016 നവംബർ 8 രാത്രി 8 മണി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ ഒന്നടങ്കം ഞെട്ടിയ നിമിഷം. അഞ്ഞൂറ് ആയിരം നോട്ടുകൾക്ക് കടലാസിന്റെ വിലപോലുമില്ലാതായി. അന്ന് രാജ്യം മുഴുവൻ പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്.

നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്നേക്ക് പത്ത് വർഷം. മോദി സർക്കാറിന്റെ ആദ്യ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും പത്ത് വർഷത്തിനിപ്പുറം നടപടി നേട്ടമായി ഉയർത്തിക്കാട്ടാൻ ബിജെപിയും മുതിരുന്നില്ല. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാക്കി എന്ന വിമർശനം പ്രതിപക്ഷം തുടരുകയാണ്. ഡിജിറ്റൽ പണമിടപാടിലേക്ക് ജനങ്ങളെ അടുപ്പിക്കാനായി എന്നതാണ് നോട്ട് നിരോധനത്തിന്റെ നേട്ടം.

2016 നവംബർ 8 രാത്രി 8 മണി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ ഒന്നടങ്കം ഞെട്ടിയ നിമിഷം. അഞ്ഞൂറ് ആയിരം നോട്ടുകൾക്ക് കടലാസിന്റെ വിലപോലുമില്ലാതായി. അന്ന് രാജ്യം മുഴുവൻ പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്. ഇത് ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ 86.9% മൂല്യം വരും. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നടപടി മൂലം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാറിനും അറിയാമായിരുന്നു. പക്ഷേ കള്ളപ്പണക്കാർക്കെതിരായ യുദ്ധപ്രഖ്യാപനമായി മോദി ജനങ്ങൾക്ക് മുന്നിൽ നടപടിയെ അവതരിപ്പിച്ചു. 50 ദിവസം സമയം തരാൻ ആണ് മോദി ആവശ്യപ്പെട്ടത്. പക്ഷേ നിരോധിച്ച നോട്ടെല്ലാം അതേപടി തിരിച്ചെത്താൻ തുടങ്ങിയതോടെ നടപടി പാളിയെന്ന് വ്യക്തമായി.

ആകെ നിരോധിച്ച 15.41 ലക്ഷം കോടിയിൽ 15.31 ലക്ഷം കോടിയും അഥവാ 99.3 ശതമാനം പണവും അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിയതോടെ കള്ളപ്പണക്കാർ കുടുങ്ങുമെന്ന പ്രഖ്യാപനം വെറുതെയായി. എന്നാൽ കള്ളനോട്ടും, ഭീകരർക്കുള്ള ഫണ്ടിങ്ങും അടക്കം തടയാൻ ആയെന്ന വാദമാണ് കേന്ദ്രസർക്കാർ നിരത്തിയത്. കാഷ്ലെസ് എക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ വേഗം കൂട്ടിയതും നോട്ട് നിരോധനമാണ്. ഇന്ന് ഡിജിറ്റൽ പണമിടപാടിൽ ലോകത്ത് മുന്നിൽ നില്ക്കാൻ അന്നു തുടങ്ങിയ ശീലങ്ങൾ സഹായിച്ചു. പക്ഷേ പിന്നീട് നോട്ട് നിരോധനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നരേന്ദ്രമോദിയോ കേന്ദ്രസർക്കാറോ മുതിർന്നില്ല. ചെറുകിട വ്യാപാരികളും, കർഷകരും നോട്ട് നിരോധനത്തിന്റെ ഇരകളായെന്നാണ് പ്രതിപക്ഷ വിമർശനം. നോട്ട് നിരോധനത്തിന് പിന്നാലെ നടന്ന ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ എതിരാളികളെ തളർത്തുകയായിരുന്നു ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമെന്നും വിമർശനം ഉയർന്നു.

2016 ൽ രാജ്യത്ത് പ്രചാരത്തിലൂണ്ടായിരുന്ന നോട്ടിന്റെ മൂല്യം 17.77 ലക്ഷം കോടി രൂപയായിരുന്നു. ഡിജിറ്റൽ ഇടപാടുകൾക്ക് പ്രചാരം ഏറിയിട്ടും 2026 ൽ ഇത് 43.15 ലക്ഷം കോടിയായി ഉയർന്നു. നോട്ട് ഇടപാടുകളും കള്ളപ്പണവും ചെറുക്കാൻ നോട്ട് നിരോധനത്തിനും കഴി‌ഞ്ഞില്ല. ബാങ്കുകളിൽ ക്യൂ നിന്ന് ജനം വലഞ്ഞ നാളുകൾക്ക് ഉദ്ദേശിച്ച ഫലം കിട്ടാത്തതു കൊണ്ട് കൂടിയാണ് അത് ഇന്ന് നേട്ടമായി ആഘോഷിക്കാൻ സർക്കാർ തയ്യാറാകാത്തത്. എന്നാൽ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൂട്ടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിയുന്ന നേതാവ് എന്ന പ്രതിച്ഛായ ഉണ്ടാക്കാനും ആ രാത്രിയിലെ നടുക്കുന്ന പ്രഖ്യാപനം സഹായിച്ചെന്ന് പാർട്ടി കരുതുന്നു.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്