10 രൂപയുടെ ടീ ഷര്‍ട്ടും ജീന്‍സും, ലോക വിപണിയില്‍ വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക്; ഇന്ത്യക്കും വെല്ലുവിളി

Published : Sep 24, 2025, 01:39 PM IST
China exports

Synopsis

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതി കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയെയും മറികടന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതി റെക്കോര്‍ഡ് നിലയിലെത്തി.

മേരിക്കയുടെ വ്യാപാരനയങ്ങളെ വെല്ലുവിളിച്ച് ചൈനയുടെ കയറ്റുമതി കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ചു മാസമായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവകളെ അതിജീവിച്ചാണ് ചൈനയുടെ മുന്നേറ്റം. ഈ വര്‍ഷം രാജ്യം 1.2 ട്രില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വ്യാപാര മിച്ചം നേടുമെന്നാണ് സൂചന. അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടും ചൈനീസ് നിര്‍മാതാക്കള്‍ പിന്മാറാന്‍ ഒരുക്കമല്ലെന്ന് തെളിയിക്കുന്നതാണ് ഈ കുതിപ്പ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതി റെക്കോര്‍ഡ് നിലയിലെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വില്‍പന ഈ വര്‍ഷം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതി കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയെയും മറികടന്നു.

ഈ വ്യാപാരക്കുതിപ്പ് വിദേശരാജ്യങ്ങളില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഉണ്ടാകാവുന്ന നഷ്ടം പരിഗണിക്കുന്നതോടൊപ്പം, ചൈനയെ പിണക്കാതെ ഈ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള ആലോചനയിലാണ് പല സര്‍ക്കാരുകളും.

ആശങ്കയില്‍ വ്യാപാര പങ്കാളികള്‍

ഈ വര്‍ഷം മെക്‌സിക്കോ മാത്രമാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. കാറുകള്‍, വാഹന ഭാഗങ്ങള്‍, സ്റ്റീല്‍ എന്നിവ ഉള്‍പ്പെടെയുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 50% വരെ താരിഫ് ഏര്‍പ്പെടുത്താന്‍ മെക്‌സിക്കോ ഒരുങ്ങുന്നുണ്ട്. മറ്റ് രാജ്യങ്ങളിലും സമാനമായ നടപടികള്‍ക്കുള്ള സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. ചൈനയും വിയറ്റ്‌നാമും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ കുത്തൊഴുക്കുമായി ബന്ധപ്പെട്ട 50 പരാതികളാണ് ഇന്ത്യന്‍ സര്‍ക്കാരിന് ലഭിച്ചത്.

ചൈനീസ് കച്ചവടക്കാര്‍ 80 സെന്റിന് ജീന്‍സും ഷര്‍ട്ടുകളും പ്രധാന നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നതിന്റെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇന്തൊനീഷ്യയുടെ വ്യാപാരമന്ത്രി, ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് നിരീക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, ട്രംപ് ഭരണകൂടവുമായി താരിഫ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുമായി മറ്റൊരു വ്യാപാരയുദ്ധം തുടങ്ങാന്‍ വിമുഖത കാണിക്കുന്നു. ഇത് ചൈനക്ക് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

പ്രതിരോധ നീക്കങ്ങളുമായി ചൈന

ചൈനീസ് കയറ്റുമതിയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങള്‍ വളരെ സൂക്ഷിച്ചാണ് നീങ്ങുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ടെമുവിന്റെ ലാറ്റിനമേരിക്കയിലെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ജനുവരി മുതല്‍ 143% വര്‍ധിച്ചതിനെ തുടര്‍ന്ന് ചിലിയും ഇക്വഡോറും കുറഞ്ഞ വിലയുള്ള ഇറക്കുമതികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി. മറ്റൊരു വ്യാപാരയുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര സമീപനവും സാമ്പത്തിക ഭീഷണികളും ചൈന ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. ഈ മാസം ബ്രിക്സ് രാജ്യങ്ങളെ അഭിസംബോധന ചെയ്ത ഷി ജിന്‍പിങ്, ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

അതേ സമയം ചില ആഭ്യന്തര വെല്ലുവിളികളും ചൈന നേരിടുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ ലാഭം ഈ വര്‍ഷം ആദ്യ ഏഴു മാസത്തിനിടെ 1.7% കുറഞ്ഞത്, ഷിയുടെ 'ആന്റി ഇന്‍വോല്യൂഷന്‍' നയങ്ങളുടെ ഭാഗമായി വിദേശത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍മാതാക്കള്‍ വില കുറച്ചതുകൊണ്ടാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ