യുഎസ് ടെക് ലോകം വളർന്ന വഴി മറന്ന് ട്രംപ്; ടെക് മേഖലയെ താങ്ങി നിർത്തുന്നവരെല്ലാം എത്തിയത് എച്ച്-1ബി വിസ വഴി

Published : Sep 23, 2025, 02:16 PM IST
h1b visa

Synopsis

എച്ച്-1ബി വിസ ഫീസ് വര്‍ധിപ്പിച്ചതില്‍ ടെക് ലോകത്ത് ആശങ്ക ശക്തമാണ്. ഈ നീക്കം അമേരിക്കന്‍ കമ്പനികളുടെ വിദേശപ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വിവര സാങ്കേതിക വിദ്യയിൽ അമേരിക്കൻ ടെക് ലോകം ഇന്ന് കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരായ സാങ്കേതിക വിദഗ്ധർക്ക് വലിയ പങ്കുണ്ട്. പല പ്രമുഖരും എച്ച്-1ബി വിസയുടെ സാധ്യതകൾ ഉപയോഗിച്ച് അമേരിക്കയിൽ എത്തി വളർന്നവരാണ്. എച്ച്-1ബി വിസ എന്നത് അമേരിക്കയിലേക്ക് ജോലിക്കായി വരുന്ന വിദഗ്ധരായ ടെക് പ്രൊഫഷണലുകൾക്ക് പ്രയോജനകരമായ ഒരു മാർഗ്ഗമാണ്. എന്നാൽ, ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസിൽ വരുത്തിയ വർധന, അമേരിക്കയിൽ ഉയർന്ന ജോലികൾ സ്വപ്നം കാണുന്നവർക്ക് കനത്ത തിരിച്ചടിയാകും. 1990-ല്‍ ആരംഭിച്ച ഈ വിസ പദ്ധതി, ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ടെക് പ്രൊഫഷണലുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ എത്തിച്ചേരാനുള്ള പ്രധാന വഴിയായിരുന്നു. എന്നാല്‍, പുതിയ അപേക്ഷകര്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 87 ലക്ഷം) ഒറ്റത്തവണ ഫീസ് ഏര്‍പ്പെടുത്തിയതോടെ, ഈ സ്വപ്നം പലര്‍ക്കും ഇനി വിദൂരമായി മാറും.

ഇന്ന് ലോകത്തെ നയിക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള പല പ്രമുഖരും ഈ വിസയിലൂടെ അമേരിക്കയില്‍ എത്തിയവരാണ്. ഇങ്ങനെയുള്ള പ്രമുഖര്‍ ഏതൊക്കെയാണെന്ന് നോക്കാം.

എച്ച്-1ബി വിസയിലെത്തിയ പ്രമുഖർ

ഇലോണ്‍ മസ്‌ക്: ടെസ്ല, സ്‌പേസ്എക്‌സ്, ന്യൂറാലിങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനായ ഇദ്ദേഹം, ആദ്യം ഒരു ജെ-1 വിസയിലും പിന്നീട് എച്ച്-1ബി വിസയിലുമാണ് അമേരിക്കയിലെത്തിയത്. ഈ വിസകള്‍ തന്നേപ്പോലുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ സഹായിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സുന്ദര്‍ പിച്ചൈ: ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ കമ്പനികളുടെ സിഇഒ ആയ പിച്ചൈ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ വന്ന് പിന്നീട് എച്ച്-1ബി വിസ നേടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിളിന്റെ എഐ, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകള്‍ വലിയ വളര്‍ച്ച കൈവരിച്ചത്.

സത്യ നദെല്ല: 1990-കളുടെ തുടക്കത്തില്‍ മൈക്രോസോഫ്റ്റില്‍ ചേരാന്‍ എച്ച്-1ബി വിസ ഉപയോഗിച്ച നദെല്ല, 2014-ല്‍ സിഇഒ പദവിയിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിങ്, എഐ എന്നിവയില്‍ വലിയ കുതിച്ചുചാട്ടം നടത്തി.

അരവിന്ദ് ശ്രീനിവാസ്: പെര്‍പ്ലെക്‌സിറ്റി എഐ-യുടെ സ്ഥാപകനായ ശ്രീനിവാസ്, വിദ്യാര്‍ത്ഥി വിസയില്‍ വന്ന് എച്ച്-1ബി വിസ ഉപയോഗിച്ച് എഐ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഇന്ന് 9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം.

എറിക് യുവാന്‍: സൂം എന്ന ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ യുവാന്‍, നിരവധി തവണ വിസ നിരസിക്കപ്പെട്ടതിന് ശേഷമാണ് എച്ച്-1ബി വിസ നേടിയത്. കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൂം ഒരു അവിഭാജ്യ ഘടകമായി മാറി.

ഇവരെപ്പോലുള്ള പ്രതിഭകള്‍ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.

ഫീസ് വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍

എച്ച്-1ബി വിസ ഫീസ് വര്‍ധിപ്പിച്ചതില്‍ ടെക് ലോകത്ത് ആശങ്ക ശക്തമാണ്. ഈ നീക്കം അമേരിക്കന്‍ കമ്പനികളുടെ വിദേശപ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 70 ശതമാനത്തിലധികം എച്ച്-1ബി വിസകളും നേടുന്നത് ഇന്ത്യക്കാരാണ്. അതിനാല്‍ ഈ പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും കമ്പനികളെയുമാണ്. ഇത് അമേരിക്കയുടെ സാങ്കേതിക മേഖലയുടെ വളര്‍ച്ചയുടെ വേഗത കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും, ഈ വെല്ലുവിളികള്‍ക്കിടയിലും, അമേരിക്കയുടെ സാമ്പത്തികവും സാങ്കേതികവുമായ വളര്‍ച്ചയില്‍ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ പങ്ക് നിര്‍ണായകമായി തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ