എച്ച്-1 ബി വിസ vs കെ വിസ; ചൈനയുടെ വലിയ ലക്ഷ്യങ്ങൾ, ആർക്കാണ് കെ വിസ ലഭിക്കുക?

Published : Sep 24, 2025, 05:57 PM IST
China America

Synopsis

ചൈന പുതിയ ഒരു വിസ പ്രഖ്യാപിച്ചു. ച്ച്-1ബി വിസയ്ക്ക് സമാനമായ പുതിയ 'കെ' വിസ ഒക്ടോബർ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പ്രഖ്യാപിച്ചു.

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വിസ ഫീസ് വർദ്ധനവ് ടെക് ലോകത്ത് ഉൾപ്പെടെ കടുത്ത പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്‍ടിച്ചിരിക്കുകയാണ്. ഇതിനിടെ യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകർഷിക്കുന്നതിനായി ചൈന പുതിയ ഒരു വിസ പ്രഖ്യാപിച്ചു. യോഗ്യരായ യുവ ശാസ്ത്ര സാങ്കേതിക പ്രൊഫഷണലുകൾക്കായി പുതിയ'കെ വിസ'ആണ് ചൈന അവതരിപ്പിച്ചത്. യുഎസ് എച്ച്-1ബി വിസയ്ക്ക് സമാനമായ പുതിയ 'കെ' വിസ ഒക്ടോബർ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) മേഖലകളിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന യുവജനങ്ങളെ ആകർഷിക്കുക എന്നതാണ് ഈ പുതിയ വിസയുടെ ലക്ഷ്യം. വിദേശികളുടെ പ്രവേശന, എക്സിറ്റ് നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനുള്ള ഒരു ഉത്തരവിൽ ചൈനയുടെ പ്രീമിയർ ലി ക്വിയാങ് ഒപ്പുവച്ചു. വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ നിയമങ്ങൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസകൾക്ക് 100,000 ഡോളർ വാർഷിക ഫീസ് ചുമത്താൻ നിർദ്ദേശിച്ചതിനാൽ, യുഎസിലെ വിദേശ പ്രൊഫഷണലുകളുടെ സ്ഥിതി കൂടുതൽ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. ഇത് നിരവധി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ചൈനയെ ഒരു പുതിയ ഓപ്ഷനാക്കി മാറ്റിയേക്കും.

കെ വിസയുടെ പ്രത്യേകകൾ

നിലവിലുള്ള 12 സാധാരണ ചൈനീസ് വിസ തരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അനുവദനീയമായ എൻട്രികളുടെ എണ്ണം, സാധുത കാലയളവ്, താമസ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തിൽ കെ വിസകൾ ഉടമകൾക്ക് കൂടുതൽ സൗകര്യം നൽകും. ചൈനയിൽ പ്രവേശിച്ച ശേഷം, കെ വിസ ഉടമകൾക്ക് വിദ്യാഭ്യാസം, സംസ്‍കാരം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ കൈമാറ്റങ്ങളിലും പ്രസക്തമായ സംരംഭക, ബിസിനസ് പ്രവർത്തനങ്ങളിലും ഏർപ്പെടാൻ അനുവാദമുണ്ടാകും.

ആർക്കാണ് കെ വിസ ലഭിക്കുക?

യുവ ശാസ്ത്ര സാങ്കേതിക ബിരുദധാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ വിസ . STEM ബിരുദമുള്ളവർ (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) ഉള്ളവർക്കാണ് മുൻഗണന. അംഗീകൃത സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ പഠനം പൂർത്തിയാക്കിയിരിക്കണം എന്നതാണ് വ്യവസ്ഥ. യുഎസിൽ നിന്ന് ആയിരക്കണക്കിന് പ്രൊഫഷണലുകളെ തങ്ങളുടെ സാങ്കേതിക, ഗവേഷണ വ്യവസായങ്ങളിലേക്ക് ആകർഷിക്കാനാണ് ചൈനയുടെ നീക്കം.

ചൈനയുടെ വലിയ ലക്ഷ്യങ്ങൾ

യുഎസിലെ കുടിയേറ്റ പ്രക്രിയ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമായി മാറിക്കൊണ്ടിരിക്കുമ്പോൾ ചൈന അത് ലളിതമാക്കുകയാണ്. കെ വിസ യുവാക്കൾക്ക് ജോലി ഓപ്ഷനുകൾ മാത്രമല്ല, കൂടുതൽ ലളിതമായ താമസ, പ്രവേശന സംവിധാനവും നൽകും. ആഗോള സാങ്കേതിക മത്സരത്തിൽ പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന വ്യക്തമായ സന്ദേശം ഇതിലൂടെ ചൈന നൽകുന്നു. ഈ നീക്കം യുഎസിൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ഏഷ്യൻ പ്രതിഭകൾക്ക് ഒരു പുതിയ വേദി നൽകുമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു.

യുഎസ് വിസ ഫീസ് വർദ്ധനവ്

സെപ്റ്റംബർ 21 ന് ശേഷം സമർപ്പിക്കുന്ന എല്ലാ പുതിയ H-1B വിസ അപേക്ഷകൾക്കും 100,000 യുഎസ് ഡോളർ ഫീസ് നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചു. അമേരിക്കൻ ജോലികളും ദേശീയ സുരക്ഷയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപ് പുതുക്കിയ ഫീസ് രൂപപ്പെടുത്തിയത്. ഒരു മില്യൺ ഡോളറിന് വ്യക്തികൾക്ക് യുഎസ് റെസിഡൻസി ലഭിക്കാവുന്ന ഒരു "ട്രംപ് ഗോൾഡ് കാർഡ്" വിസ പ്രോഗ്രാമും ട്രംപ് അവതരിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ