
ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെ, ചൈന അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചു. 1990-കള്‍ക്ക് ശേഷം ആദ്യമായാണ് ചൈന ഈ നീക്കം നടത്തുന്നത്. ഇത് യുഎസ് കാര്‍ഷിക മേഖലയെ, പ്രത്യേകിച്ചും സോയാബീന്‍ കര്‍ഷകരെ, വലിയ പ്രതിസന്ധിയിലാക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സോയാബീന്‍ വാങ്ങുന്ന രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ ചൈനയുടെ തീരുമാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടന്ന വ്യാപാര യുദ്ധത്തില്‍ ചൈന ഈ തന്ത്രം പ്രയോഗിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അതേ വഴിയിലൂടെയാണ് ചൈനയുടെ നീക്കം.
യുഎസ് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, പുതിയ വിപണന സീസണ്‍ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും, അതായത് സെപ്റ്റംബര്‍ 11 വരെ, ചൈന അമേരിക്കയില്‍ നിന്ന് ഒരു കപ്പല്‍ സോയാബീന്‍ പോലും ഓര്‍ഡര്‍ ചെയ്തിട്ടില്ല. 1999-ന് ശേഷം ഇത് ആദ്യ സംഭവമാണ്. 2024-ല്‍ ചൈനയുടെ സോയാബീന്‍ ഇറക്കുമതിയുടെ അഞ്ചിലൊന്ന് അമേരിക്കയില്‍ നിന്നായിരുന്നു. ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപ) വ്യാപാരമാണിത്. അമേരിക്കയുടെ മൊത്തം സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു.
കര്‍ഷകര്‍ ആശങ്കയില്‍, ചൈന കരുതലോടെ
നിലവില്‍ ചൈനയുടെ കൈവശം ധാരാളം സോയാബീന്‍ ശേഖരമുണ്ട്. ഇത് അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ വിലപേശാനുള്ള ഒരു ആയുധമായി ഉപയോഗിക്കാന്‍ ചൈനയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഈ തന്ത്രം വിജയിക്കുന്നതായാണ് സൂചന. അമേരിക്കയിലെ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിച്ചിട്ടും, വില കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ട്രംപിന് വോട്ട് ചെയ്യുന്ന പ്രധാന വിഭാഗമായ കര്‍ഷകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ഈ വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന യുഎസ് സോയാബീനുകള്‍ക്ക് 20 ശതമാനത്തിലധികം ഇറക്കുമതി തീരുവയുണ്ട്.
കഴിഞ്ഞ വ്യാപാര യുദ്ധത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട ചൈനീസ് വ്യവസായികള്‍ ബ്രസീലില്‍ നിന്ന് മാസങ്ങളോളം ഉപയോഗിക്കാനുള്ള സോയാബീന്‍ ശേഖരിച്ചു കഴിഞ്ഞു. ചിലര്‍ തങ്ങളുടെ കരുതല്‍ ശേഖരം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്. നിലവിലെ കരുതല്‍ ശേഖരം 2025 അവസാനം വരെ തികയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനാല്‍ 2026 ആദ്യ പാദം വരെ അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങാന്‍ ചൈനയ്ക്ക് തിടുക്കമില്ല.
സോയാബീനില്‍ മാത്രമല്ല, മറ്റ് ധാന്യങ്ങളായ ചോളം, ഗോതമ്പ് എന്നിവയുടെ കാര്യത്തിലും ചൈന സമാനമായ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ബ്രസീല്‍, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ചൈന ഇവ ഇറക്കുമതി ചെയ്യുന്നത്.