റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു !, കൊറോണപ്പേടിയില്‍ സ്വര്‍ണത്തില്‍ പണമിറക്കാന്‍ തിരക്കുകൂടുന്നു

By Web TeamFirst Published Feb 19, 2020, 4:28 PM IST
Highlights

ഗൾഫ് രാജ്യങ്ങളിൽ ഗ്രാമിന് 3,550 രൂപയും സിംഗപ്പൂരിൽ 3,650 രൂപയുമാണ് സ്വർണ വില.

സ്വർണ്ണവില ഇന്ന് 35 രൂപ കൂടി  ഗ്രാമിന് 3835 രൂപയും പവന് 30680 രുപയുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍ തുടരുകയാണ്. ട്രോയ് ഔൺസിന് 1,608 ഡോളർ വരെ എത്തിയ ശേഷം നിരക്ക് 1603 ഡോളറിലേക്ക് കുറഞ്ഞു. ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 71. 55 ലാണ്.

ജനുവരി ഒന്നിന് ഗ്രാമിന്  3,675 രൂപയും പവന് 29,000 രൂപയുമായിരുന്നു സ്വർണ്ണവില. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുടെയും വർദ്ധനവാണ് അനുഭവപ്പെട്ടത്. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42 ലക്ഷത്തി അറുപതിനയിരം രൂപയായിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായുളള സൂചനകൾ പുറത്തുവന്നതാണ് സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ വില വർധനവിന് കാരണം.

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള അനിശ്ചിതത്വം ആഗോള സമ്പദ്ഘടനയെ ബാധിക്കുന്നതിനാലും നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിച്ച് സുരക്ഷിതത്വം തേടുന്നതും വില കൂടുന്നതിനു കാരണമായി. ലോകമെമ്പാടുമുള്ള  ഇക്വിറ്റി മാർക്കറ്റുകൾ ദുർബലമായതും വിലവർധനവിന് മറ്റൊരു കാരണമായി. രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമാകുന്നതാണ് ഇന്ത്യയിൽ സ്വർണ വില കൂടാനുള്ള പ്രധാന കാരണം.

ഗൾഫ് രാജ്യങ്ങളിൽ ഗ്രാമിന് 3,550 രൂപയും സിംഗപ്പൂരിൽ 3,650 രൂപയുമാണ് സ്വർണ വില. ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്വർണ വിലയിൽ കുറവുള്ളതിനാല്‍ ഇന്ത്യയിലേക്ക് കള്ളക്കടത്ത് വർദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ വിവാഹ സീസൺ അവസാനിച്ചത് താൽക്കാലികമായി വിപണിയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏപ്രിൽ മുതലാണ് വിവാഹ സീസണ്‍ ആരംഭിക്കുക.

അഡ്വ. എസ്. അബ്ദുൽ നാസർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗൺസിൽ  ദേശീയ ഡയറക്ടറുമാണ്.

click me!