കൊറോണയില്‍ തളര്‍ന്ന് ചൈന, എണ്ണവിലയില്‍ വന്‍ ഇടിവ്; ക്രൂഡ് വിപണിയില്‍ ഇന്ത്യയുടെ വിലപേശല്‍ ശേഷി വര്‍ധിക്കുന്നു

By Web TeamFirst Published Feb 17, 2020, 11:08 AM IST
Highlights

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഉയര്‍ന്ന് നില്‍ക്കുന്ന കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും, വ്യാപാര കമ്മി കുറയ്ക്കാനും ഈ അവസ്ഥ സഹായകരമാണെന്ന് ഡിലോയിറ്റ് ഇന്ത്യ സഹ ഉടമ ദെബാശിഷ് മിശ്ര പറഞ്ഞു. 

ദില്ലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവിലയില്‍ ഇടിവ് നേരിടുന്നത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. എണ്ണവിലയില്‍ ഇടിവുണ്ടായതോടെ ഇന്ത്യയുടെ ക്രൂഡ് വിപണിയിലെ വിലപേശല്‍ ശേഷി വര്‍ധിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിലിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വ്യവസായങ്ങളായ ഏവിയേഷന്‍, ഷിപ്പിംഗ്, റോഡ്, റെയില്‍ ഗതാഗതം എന്നിവയ്ക്ക് ക്രൂഡ് വിലയിലെ ഇടിവ് ഗുണകരമാകും. ആകെ എണ്ണ ഉപഭോഗത്തിന്‍റെ 83.7 ശതമാനവും ഇന്ത്യ ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

വൈറസ് ബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍റ് ക്രൂഡിന്‍റെ നിരക്ക് 57.18 ഡോളറിലേക്കാണ് ഇടിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ചതോടെയാണ് എണ്ണ വില താഴേക്ക് പോയത്. ചൈന വാങ്ങല്‍ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ വിലപേശല്‍ കരുത്ത് വര്‍ധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എല്‍എന്‍ജിയുടെ കാര്യത്തില്‍ നാലാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യവും ഇന്ത്യയാണ്. ഫ്യൂച്ചേഴ്സ് കരാറുകളേക്കാൾ സ്പോട്ട് വില കുറവായ കോണ്ടാങ്കോ എന്ന സാഹചര്യമാണ് എണ്ണ വിപണി ഇപ്പോൾ നേരിടുന്നത്.

അന്താരാഷ്ട്ര ഏജന്‍സികളുടെ നിഗമനത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ചൈനീസ് വിപണിയുടെ ക്രൂഡ് ആവശ്യകതയില്‍ 15 -20 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് അന്താരാഷ്ട്ര വിപണിയിലെ ഇന്ധന ഉപഭോഗത്തെ വലിയതോതില്‍ ചുരുക്കും. ഈ സാഹചര്യം ഇന്ത്യയ്ക്ക് ഗുണകരമാണ്. ഇന്ത്യയുടെ വിലപേശല്‍ ശേഷി ഉയരാനും കുറഞ്ഞ നിരക്കില്‍ ഇറക്കുമതി സാധ്യമാക്കാനും ഈ അവസ്ഥ രാജ്യത്തിന് സഹായകരമാണ്. 

ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഉയര്‍ന്ന് നില്‍ക്കുന്ന കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും, വ്യാപാര കമ്മി കുറയ്ക്കാനും സഹായകരമാണെന്ന് ഡിലോയിറ്റ് ഇന്ത്യ സഹ ഉടമ ദെബാശിഷ് മിശ്ര പറഞ്ഞു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും (ഐ‌എ‌എ) ഓർ‌ഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) ആഗോള എണ്ണ ആവശ്യകത വളർച്ചാ കാഴ്ചപ്പാട് വെട്ടിക്കുറച്ചു. വ്യോമയാന, പെയിന്റുകൾ, സെറാമിക്സ്, ചില വ്യാവസായിക ഉൽ‌പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും മിശ്ര കൂട്ടിച്ചേർത്തു.
 

click me!