അന്താരാഷ്ട‌്ര തലത്തിൽ സ്വർണത്തിന് പ്രസക്തി ഏറുന്നു; മാറി മറിഞ്ഞ് മഞ്ഞലോഹത്തിന്റെ മൂല്യം !

By Anoop PillaiFirst Published May 21, 2020, 3:54 PM IST
Highlights

എണ്ണ വിലയു‌ടെ തകർച്ച കൂടിയായതോടെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ധനസമാഹരണത്തിനായി പുതിയ വഴിതേടി തുടങ്ങിയിട്ടുണ്ട്.

കൊവിഡ് 19 ആഗോള സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ സ്വർണ വില ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്. പല രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചനം നേടാൻ കരുതൽ ധനമായി സെൻട്രൽ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം വിറ്റഴിക്കാനുള്ള  സാധ്യതയുള്ളതായി അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എണ്ണ വിലയു‌ടെ തകർച്ച കൂടിയായതോടെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ധനസമാഹരണത്തിനായി പുതിയ വഴിതേടി തുടങ്ങിയിട്ടുണ്ട്. 323 ടൺ സ്വർണമാണ് സൗദിയുടെ കരുതൽ ശേഖരത്തിലുളളത്. ഇത് ഉയർന്ന വിലയിൽ വിറ്റഴിക്കാനുള്ള സാധ്യത സാമ്പത്തിക നിരീക്ഷകർ തള്ളിക്കളയുന്നില്ല.

ഇന്ത്യയു‌ടെ കരുതൽ ശേഖരത്തിലുളളത് 653 ടൺ സ്വർണമാണ്. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വർണത്തിന് മുകളിൽ വലിയ വിൽപ്പന സമ്മർദ്ദമുണ്ടാകുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ദൻ ക്രിസ്റ്റഫർ വുഡ് അഭിപ്രായപ്പെടുന്നത്. കൊവിഡ് 19 ഉറവിടം സംബന്ധിച്ച അഭിപ്രായഭിന്നത അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര -ശീതയുദ്ധം രൂക്ഷമായ പുതിയ തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതും സ്വർണവില ഉയർന്നു നിൽക്കാൻ ഇടയാക്കുന്നു. ഇതോടെ അന്താരാഷ്ട്ര രം​ഗത്ത് സ്വർണത്തിന് പ്രസക്തി ഏറുകയാണ്. 

വിപണി സജീവമാകുമോ?

ഇന്നത്തെ സ്വർണ വില ഗ്രാമിന് 4315 രൂപയും, പവൻ വില 34,520 രൂപയുമാണ്. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,733.88 ഡോളറും, രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 75.56 മാണ്. മെയ് 18 നാണ് കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയുമായിരുന്നു മെയ് 18 ലെ നിരക്ക്. 

ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് ഇപ്പോൾ 48 ലക്ഷം രൂപയ്ക്കടുത്താണ്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്ജിനങ്ങൾ നടപ്പാക്കി തുടങ്ങുന്നതോടെ സ്വർണ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യവസായികളുടെ പ്രതീക്ഷ.

2015 ജനുവരി 1 സ്വർണ്ണവില ഗ്രാമിന് 2510, പവൻ വില 20080, ഡിസംബർ 31 ഗ്രാം വില 2365, പവൻ വില18920.
2016 ജനുവരി 1,  ഗ്രാം വില 2355, പവൻ വില 18840, ഡിസംബർ 31, ഗ്രാം വില 2645, പവൻ വില 21160.
2017 ജനുവരി 1 ഗ്രാം വില 2645. പവൻവില 21160 ഡിസംബർ 31, ഗ്രാമിന്  2735, പവൻ വില 21880.
2018 ജനുവരി 1, ഗ്രാം വില 2735, 2018 ഡിസംബർ 31 ഗ്രാം വില 2930, പവൻ വില 23 440.
2019 ഡിസംബർ 31 ഗ്രാം വില 3625, പവൻ വില 29000.
2019 മെയ് 16 ഗ്രാം വില 3125, പവൻ വില 25000.
2020 മെയ് 16, ഗ്രാം വില 4350 പവൻ വില 34800.

എന്നിങ്ങനെയാണ് 2015 ജനുവരി മുതൽ 2020 മെയ് പകുതി വരെ സ്വർണ വിലയിലുണ്ടായ മാറ്റം.

ഒരു വർഷത്തിനുള്ളിൽ പവന് 10,000 രൂപയ്ക്കടുത്താണ് സ്വർണവില കൂടിയത്. അഞ്ച് വർഷത്തിനുള്ളിലെ വില ഗ്രാമിന് 1,840 രൂപയും, പവന് 14,720 രൂപയുടേയും വർദ്ധനവാണുണ്ടായതെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജൂവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

Read also: അന്താരാഷ്ട‌്ര തലത്തിൽ സ്വർണത്തിന് പ്രസക്തി ഏറുന്നു; മാറി മറിഞ്ഞ് മഞ്ഞലോഹത്തിന്റെ മൂല്യം !


 

click me!