സംസ്ഥാനങ്ങൾക്ക് ഇനി ഇഷ്ടം പോലെ തീരുമാനിക്കാൻ ആകില്ല! ആത്മ നിർഭർ ഭാരത് പ്രഖ്യാപനം ലക്ഷ്യം വയ്ക്കുന്നത്

By C S RenjitFirst Published May 20, 2020, 12:05 PM IST
Highlights

നടത്തിപ്പ് പ്രക്രിയകള്‍ ജനങ്ങള്‍ക്ക് പ്രയോജനകരമല്ലെങ്കില്‍ അവ തിരുത്തി എഴുതണം. ജനങ്ങളുടെ ക്ഷേമത്തിനും സമ്പദ്ഘടനുടെ സുസ്ഥിര വളര്‍ച്ചയ്ക്കും വിഘാതം സൃഷ്ടിക്കുന്ന നിലവിലുള്ള നയങ്ങള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ സാമ്പത്തിക വിഭവങ്ങള്‍ അനുവദിക്കുകയുള്ളൂ എന്നാണ് ആത്മ നിര്‍ഭര്‍ ഭാരതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ദിവസങ്ങളെടുത്ത് നടത്തിയ ആത്മ നിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളില്‍ ഏറ്റവും അവസാനത്തെ ഇനമാണ് സര്‍വ്വപ്രധാനം. സംസ്ഥാനങ്ങളുടെ വായ്പാപരിധി നിലവിലുള്ള മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തി എന്നത് സ്വാഭാവികം മാത്രം. എന്നാല്‍, സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിലൂടെ ഇതുവരെ ഇല്ലാത്ത പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്.  അര ശതമാനം വര്‍ദ്ധനവ് ഉപാധികളില്ലാതെ ആയിരുന്നെങ്കിലും അതിന് മുകളിലേയ്ക്ക് കാല്‍ ശതമാനം വച്ച് ഇഞ്ചിഞ്ചായി കടമ്പകള്‍ നിരത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു വിഭവ വിതരണ രീതിയ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.

ഇഷ്‌‌ടം പോലെ പാടില്ല !

കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നാല് നയപരിഷ്‌ക്കാരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും മുന്‍ഗണനാ നയങ്ങളായി ഏറ്റെടുത്താല്‍ മാത്രമേ വായ്പയെടുക്കാന്‍ അനുമതിയുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടം പോലെ ചെലവാക്കാനാകില്ല. മിക്ക സംസ്ഥാന സര്‍ക്കാരുകളും ശമ്പളം, പെന്‍ഷന്‍ തുടങ്ങി പണമായി വിതരണം ചെയ്യേണ്ട ആവശ്യങ്ങള്‍ക്കാണ് വായ്പ തുക ഉപയോഗിക്കുന്നത്. ജനങ്ങള്‍ക്ക് സേവനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് കാര്യക്ഷമതയില്ലാത്ത സ്ഥാപനങ്ങളും വകുപ്പുകളും നിലനിര്‍ത്തുന്നതിന് സാമ്പത്തിക വിഭവങ്ങള്‍ പാഴാക്കാനാകില്ല. നടത്തിപ്പ് പ്രക്രിയകള്‍ ജനങ്ങള്‍ക്ക് പ്രയോജനകരമല്ലെങ്കില്‍ അവ തിരുത്തി എഴുതണം. ജനങ്ങളുടെ ക്ഷേമത്തിനും സമ്പദ്ഘടനുടെ സുസ്ഥിര വളര്‍ച്ചയ്ക്കും വിഘാതം സൃഷ്ടിക്കുന്ന നിലവിലുള്ള നയങ്ങള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ സാമ്പത്തിക വിഭവങ്ങള്‍ അനുവദിക്കുകയുള്ളൂ എന്നാണ് ആത്മ നിര്‍ഭര്‍ ഭാരതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വിഭവങ്ങള്‍ വേണേല്‍ വികസനം വേണം

സംസ്ഥാനങ്ങള്‍ വായ്പയെടുക്കുന്നത് അവരവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ അടിസ്ഥാനമാക്കിയാണ്. നിലവില്‍ വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഭവങ്ങളുടെ ഒരു ചെറിയ അനുപാതം മാത്രമേ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി മിക്ക സംസ്ഥാനങ്ങളും ചെലവഴിക്കുന്നുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ വീണ്ടും വായ്പ എടുക്കേണ്ട എന്ന് തന്നെയാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ ലക്ഷ്യമിടുന്നത്. സമ്പദ്ഘടനയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് വിവിധ മേഖലകളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നിക്ഷേപം ഉറപ്പാക്കുന്നു. ഇതിനായി സുപ്രധാന മേഖലകളില്‍ നിലവിലുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് വിഭവ വിതരണം നിയന്ത്രിക്കുന്നു.

നല്ല ഉദ്ദേശത്തോടെയാണോ പരിഷ്കാരങ്ങൾ ?

ധനമന്ത്രിയുടെ പ്രസ്താവനയില്‍ നിര്‍ദോഷകരമെന്ന രീതിയില്‍ ഒളിഞ്ഞിരുന്ന രണ്ട് വാക്കുകളാണ് നയങ്ങളും നാഴികക്കല്ലുകളും. ഗുണകരമല്ലാത്ത നയങ്ങള്‍ തിരുത്തി എഴുതണം. ഏതെല്ലാം മേഖലകളിലാണ് നയങ്ങള്‍ മാറ്റേണ്ടത് എന്നും വ്യക്തമാക്കുകയുണ്ടായി. ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്, വ്യവസായ സൗഹൃദാന്തരീക്ഷം, നഗരവികസനം, വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ എന്നിങ്ങനെ നാല് മേഖലകളാണ് മുന്‍ഗണനയോടെ എടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മേഖലയിലും നയ പരിഷ്‌ക്കാരങ്ങള്‍ ഉത്തരവാക്കുന്നതോടെ  വായ്പാ പരിധി 0.25 ശതമാനം കണ്ട് ഉയരും. നയങ്ങള്‍ പരിഷ്‌ക്കരിച്ച നാല് മേഖലകളില്‍ മൂന്നെണ്ണത്തിലെങ്കിലും ഉദ്ദേശിച്ച ഭൗതിക നേട്ടങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ അവസാനത്തെ 0.5 ശതമാനം കൂടി വായ്പ വാങ്ങാം. നയപ്രഖ്യാപനങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന നാഴികക്കല്ലുകള്‍ ഭൗതിക സൗകര്യങ്ങളായും, പുനസംഘടനകളായും പ്രക്രിയ വ്യതിയാനങ്ങളായും മുന്‍കൂര്‍ രേഖപ്പെടുത്തുകയും വേണം. എന്നാല്‍ മാത്രമേ തര്‍ക്കങ്ങളില്ലാതെ നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കിയെന്ന് പരസ്പരം ഉറപ്പിക്കാനാകൂ.

ഭരണ പ്രതിസന്ധിയിലേയ്‌ക്കോ !

രാജ്യം ഒരു അസാധാരണ വിഷമഘട്ടത്തിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ധനവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ഠിതമാണല്ലോ. എന്നാല്‍, ഭരണഘടനാപരമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അസാധാരണ സന്ദര്‍ഭമെന്ന നിലയില്‍ ഈ ലോക്ഡൗണ്‍ കാലം അനുയോജ്യമാണോ? അതിനുള്ള പ്രക്രിയകള്‍ ധനമന്ത്രിയുടെ പ്രസ്താവനകള്‍ മാത്രമോ? മുന്‍ഗണനാ നല്‍കേണ്ടുന്ന മേഖലകള്‍ ഏതെന്നും നയപരിഷ്‌ക്കാരങ്ങള്‍ എവിടെവരെയാകാമെന്നും തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയാണോ?

 

- സി എസ് രഞ്ജിത് (ലേഖകൻ, ലോക ബാങ്ക് ഉപദേഷ്ടാവും പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനുമാണ്)

click me!