ലോക്ക്ഡൗൺ ഇന്ത്യയുടെ വിശ്വാസ്യത കുറയ്ക്കും, സമ്പദ്‍വ്യവസ്ഥ എത്രയും വേ​ഗം തുറക്കണം: രഘുറാം രാജൻ

By Web TeamFirst Published Apr 30, 2020, 3:03 PM IST
Highlights

ചാക്രിക ലോക്ക്ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വിനാശകരമാകുമെന്നും വിശ്വാസ്യത കുറയുമെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

കൊറോണ വൈറസ് ലോക്ക് ഡൗൺ സമയത്തും അതിന് ശേഷവും ദരിദ്രരെ സഹായിക്കാനും അവരുടെ ഉപജീവനമാർഗം സംരക്ഷിക്കാനും ഇന്ത്യക്ക് ഏകദേശം 65,000 കോടി രൂപ ആവശ്യമാണെന്ന് മുൻ റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ രഘുറാം രാജൻ. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 200 ട്രില്യൺ രൂപയാണെന്നും അതിനാൽ ദരിദ്രരെ രക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ അത് ചെയ്യാൻ കഴിയുമെന്നും രാഹുൽ ഗാന്ധിയുമായുള്ള വീഡിയോ കോൺഫറൻസ് കോളിൽ രാജൻ പറഞ്ഞു. "ഉടനടി, ആളുകളെ നല്ലതും സജീവവുമായി നിലനിർത്തുക. ഭക്ഷണം വളരെ പ്രധാനമാണ്. പൊതുവിതരണ സംവിധാനം നടക്കാത്ത സ്ഥലങ്ങളുണ്ട്. അവിടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അമർത്യ സെൻ, അഭിജിത് ബാനർജിയും ഞാനും താൽക്കാലിക റേഷൻ കാർഡുകളെക്കുറിച്ച് സംസാരിച്ചു... അഭൂതപൂർവമായ ഒരു സാഹചര്യമായാണ് ഈ പകർച്ചവ്യാധി ”രാജൻ പറഞ്ഞു.

ചാക്രിക ലോക്ക്ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വിനാശകരമാകുമെന്നും വിശ്വാസ്യത കുറയുമെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

"രണ്ടാമത്തെ ലോക്ക്ഡൗൺ നോക്കുക. നിങ്ങൾ ലോക്ക്ഡൗണിന് ശേഷം വീണ്ടും തുറക്കുന്നതിൽ പൂർണ്ണമായും വിജയിച്ചിട്ടില്ല. നിങ്ങൾ വീണ്ടും തുറന്നാൽ മൂന്നാമത്തെ ലോക്ക് ഡൗണിലേക്ക് പോകുമോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നു. അതിനാൽ, ഇത് വിശ്വാസ്യത കുറയ്ക്കുന്നു," ​രാ​ഹുൽ ​ഗാന്ധിയുടെ ഒരു ചോദ്യത്തിനുളള മറുപടിയായി രാജൻ പറഞ്ഞു.

വേണം കൂടുതൽ ടെസ്റ്റുകൾ !

പൂജ്യം കേസുകൾ ഉണ്ടാകുന്നതും അണുബാധ പൂർണമായി തടയുന്നതും അസാധ്യമാണെന്ന് രാജൻ പറഞ്ഞു.

അമേരിക്കയുടെ ആത്മവിശ്വാസത്തിന്റെ നിലവാരത്തിലേക്ക് എത്താൻ ഇന്ത്യക്ക് പ്രതിദിനം രണ്ട് ദശലക്ഷം ടെസ്റ്റുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം 25,000 -30,000 ടെസ്റ്റുകൾ കൊണ്ട്, ഇന്ത്യ എങ്ങുമെത്തുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. 

വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും രാജൻ ആശങ്ക പ്രകടിപ്പിച്ചു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകൾ പ്രകാരം കോവിഡ് -19 മഹാമാരി മൂലം 100 ദശലക്ഷം ആളുകൾ ജോലിയിൽ നിന്ന് പുറത്തായി. സുരക്ഷ നടപടികൾ സ്വീകരിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ എത്രയും വേഗം വീണ്ടും തുറക്കേണ്ടതുണ്ടെന്നും ഇതോടെ കഴിയുന്നതും വേഗത്തിൽ ആളുകൾക്ക് വീണ്ടും ജോലി ലഭിക്കാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!