
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ഓഗസ്റ്റ് 31-നാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. വിദഗ്ധരുടെ പ്രവചനങ്ങളെപ്പോലും മറികടന്നുള്ള ഈ വളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'അതിഗംഭീരമായ നേട്ടം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ജിഡിപി കണക്കുകളില്‍ കൃത്രിമം കാണിച്ച് പി.ആര്‍ വര്‍ക്കിലൂടെ സര്‍ക്കാര്‍ മുഖം മിനുക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.
മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാക്കുകള്‍ ആയുധമാക്കിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 2.6 ശതമാനം മാത്രമാണ് വളര്‍ച്ചയെന്നാണ് ഗാര്‍ഗ് പറയുന്നത്. പി.ആര്‍ വര്‍ക്കുകള്‍ക്ക് ജിഡിപി കണക്കുകളെ തിളക്കമുള്ളതാക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ സമ്പദ്വ്യവസ്ഥയെ അങ്ങനെ നന്നാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഗാര്‍ഗിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷത്തെ ജിഡിപി കണക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍, ഇപ്പോഴത്തെ യഥാര്‍ത്ഥ വളര്‍ച്ച വെറും 2.6 ശതമാനം മാത്രമായി ചുരുങ്ങുമായിരുന്നുവെന്ന് ഗാര്‍ഗ് പ്രതികരിച്ചു. ഇതിനിടെ, ജിഡിപി കണക്കുകള്‍ വെറും 'പത' മാത്രമാണെന്നും സമ്പദ്വ്യവസ്ഥയാണ് യഥാര്‍ത്ഥ ദ്രാവകമെന്നും പരിഹസിച്ച് ഒരു ബിയര്‍ ഗ്ലാസിന്റെ ചിത്രം കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവെച്ചിരുന്നു.
സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ഗാര്‍ഗ്, സര്‍ക്കാരിന്റെ പുതിയ ജിഡിപി കണക്കുകളെ പൂര്‍ണ്ണമായും ചോദ്യം ചെയ്യുകയാണ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വാദങ്ങള്‍ ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഒന്നാം പാദത്തിലെ ജിഡിപി 86 ലക്ഷം കോടി രൂപയില്‍ നിന്ന് 80 ലക്ഷം കോടിയായി സര്‍ക്കാര്‍ താഴേക്ക് വെട്ടിച്ചുരുക്കി. ഇത് ചെയ്തില്ലായിരുന്നുവെങ്കില്‍ നിലവിലെ വളര്‍ച്ച വെറും 2.6 ശതമാനത്തില്‍ ഒതുങ്ങുമായിരുന്നു. കണക്കുകള്‍ പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം മുന്‍കാല പ്രാബല്യത്തോടെയാണ് 86.05 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 80.00 ലക്ഷം കോടി രൂപയാക്കി മാറ്റിയത്. ഏകദേശം 6.05 ലക്ഷം കോടി രൂപയുടെ കുറവാണിത്. സേവന മേഖലയിലെ കണക്കുകളിലാണ് പ്രധാനമായും ഈ വ്യത്യാസം വരുത്തിയിരിക്കുന്നത്.
86.05 ലക്ഷം കോടിയുടെ പഴയ കണക്കും പുതിയ കണക്കായ 88.27 ലക്ഷം കോടിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് വളര്‍ച്ച വെറും 2.6 ശതമാനമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുന്‍പ് 86.05 ലക്ഷം കോടിയെന്ന് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇപ്പോള്‍ 80 ലക്ഷം കോടിയെന്ന് മന്ത്രാലയം പറയുന്നത്.
ഗാര്‍ഗിന്റെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച സര്‍ക്കാര്‍, ഇതിന് വിശദീകരണവും നല്‍കി. ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കൂടുതലാണെന്ന് കാണിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ തിരിമറി നടത്തിയെന്ന വാദം സര്‍ക്കാര്‍ തള്ളി. ഡാറ്റകള്‍ അപ്‌ഡേറ്റ് ചെയ്തതിലൂടെയും അടിസ്ഥാന വര്‍ഷം മാറ്റിയതിലൂടെയും സ്വാഭാവികമായി ഉണ്ടായ വ്യത്യാസമാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
86.05 ലക്ഷം കോടി രൂപ എന്നത് പഴയ 2011-12 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയുള്ളതാണ്. എന്നാല്‍ പുതിയ കണക്കുകള്‍ 2022-23 അടിസ്ഥാന വര്‍ഷമാക്കിയുള്ളതാണ്. അതിനാല്‍ ഇവ രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നത് അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പറയുന്നു.
2025 ഓഗസ്റ്റ് 29-നാണ് ഒന്നാം പാദത്തിലെ ജിഡിപി ആദ്യം പുറത്തുവിട്ടത്. അന്ന് 2011-12 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയപ്പോള്‍ ജിഡിപി 86.05 ലക്ഷം കോടിയായിരുന്നു.പിന്നീട് 2026 ഫെബ്രുവരിയില്‍ 2022-23 അടിസ്ഥാന വര്‍ഷമാക്കിക്കൊണ്ടുള്ള പുതിയ ജിഡിപി സീരീസ് സര്‍ക്കാര്‍ അവതരിപ്പിച്ചു. പുതിയ കണക്കുകൂട്ടല്‍ പ്രകാരം ഒന്നാം പാദത്തിലെ ജിഡിപി 80.32 ലക്ഷം കോടിയായി മാറി. പിന്നീട് 2026 ജൂണ്‍ 5-ന് പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് 80.44 ലക്ഷം കോടിയായി അപ്‌ഡേറ്റ് ചെയ്തു. ഒടുവില്‍ ഐഐപി പിപിഐ തുടങ്ങിയ പുതിയ സാമ്പത്തിക സൂചികകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത് 80 ലക്ഷം കോടിയായി നിജപ്പെടുത്തി. അതുകൊണ്ട് തന്നെ പുതിയ 2026-27 ഒന്നാം പാദത്തിലെ കണക്കായ 88.27 ലക്ഷം കോടിയെ, പഴയ സിരീസിലെ 86.05 ലക്ഷം കോടിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും, 80.32 ലക്ഷം കോടിയുമായാണ് താരതമ്യം ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനും ഈ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. രാജ്യം ഇത്രയും വേഗത്തില്‍ വളരുകയാണെങ്കില്‍ എന്തുകൊണ്ട് യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. 'ഈ വളര്‍ച്ചാ കണക്കുകള്‍ യഥാര്‍ത്ഥമാണോ? വളര്‍ച്ച ഇത്ര വേഗത്തിലാണെങ്കില്‍ എന്തുകൊണ്ട് കൂടുതല്‍ നല്ല തൊഴിലുകള്‍ ഉണ്ടാകുന്നില്ല? സമ്പദ്വ്യവസ്ഥയെക്കുറിച്ച് തന്നെ സംശയമുണ്ടാക്കുന്ന കാര്യങ്ങളാണിത്,' പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെയും സുഭാഷ് ഗാര്‍ഗിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തി. ആപ്പിളും ആപ്പിളും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യണമെന്ന് പോലും അവര്‍ക്കറിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള തലത്തില്‍ വലിയ പ്രതിസന്ധികള്‍ നടക്കുമ്പോഴും, വലിയ സമ്പദ്വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുകയാണെന്ന് ഗോയല്‍ പറഞ്ഞു. 'മരുഭൂമിയിലെ മരുപ്പച്ച' പോലെയാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ സ്വന്തം കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ മുന്‍ ധനകാര്യ സെക്രട്ടറിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകളുമായി വന്നിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.