ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഈ സാമ്പത്തിക വർഷം 7.7 ശതമാനം ചുരുങ്ങും: വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി എസ് ആൻഡ് പി

By Web TeamFirst Published Dec 15, 2020, 7:46 PM IST
Highlights

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.5 ശതമാനം ചുരുങ്ങി.

ദില്ലി: എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം (-) 7.7 ശതമാനമായി ഉയർത്തി. നേരത്തെ (-) 9 ശതമാനം വളർച്ചാ നിരക്കാണ് കണക്കാക്കിയിരുന്നത്. വിപണിയിലെ ആവശ്യകതയിലുണ്ടായ വർധനയും കൊവിഡ് -19 അണുബാധ തോതിൽ കുറവുണ്ടായതായും കണക്കാക്കിയാണ് എസ് ആൻഡ് പി രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചാ നിരക്ക് ഉയർത്തിയത്.  

"എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നിരക്ക് (-) 7.7 ശതമാനമായി പരിഷ്കരിച്ചു, " ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. 

വളർച്ചാ പ്രവചനത്തിലെ പുനരവലോകനം അനുസരിച്ച് സെപ്റ്റംബർ വരെയുള്ള പാദത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള റേറ്റിംഗ് ഏജൻസി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 10 ശതമാനമായി ഉയരുമെന്നും അവർ പ്രവചിക്കുന്നു. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7.5 ശതമാനം ചുരുങ്ങി. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് (-) 23.9 ശതമാനമായിരുന്നു. ഉൽപാദനം 2020 ഒക്ടോബറിൽ 3.5 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഉൽപാദനം ഏകദേശം 18 ശതമാനം ഉയർന്നു.

ഈ ആഴ്ച ആദ്യം, ഫിച്ച് നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം (-) 9.4 ശതമാനമായി പരിഷ്കരിച്ചിരുന്നു, സാമ്പത്തിക പുനരുജ്ജീവനത്തിന്റെ സൂചനകളെ തുടർന്നാണ് പ്രതീക്ഷിത വളർച്ചാ നിരക്ക് ഏജൻസി പരിഷ്കരിച്ചത്. നേരത്തെ (-) 10.5 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്. 

click me!