
ദില്ലി: തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ ടെക്‌സ്‌റ്റൈല്‍സ്, വസ്ത്ര നിർമ്മാണ യൂണിറ്റുകൾ ഉത്പാദനം നിർത്തിവച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങിയതിനുള്ള പിഴയായ ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 25% അധിക തീരുവ ഇന്ന് നിലവിൽ വന്നു. ഇതോടെ ആകെ തീരുവ 50% ആയി. ഇതിനെതുടർന്ന് ചെലവ് ഉയർന്നതോടെയാണ് നടപടി.
വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാരോട് പിടിച്ചു നിൽക്കാൻ ഇന്ഥ്യൻ നിർമ്മാതാക്കൾക്ക് കഴിയില്ലെന്ന് എഫ്‌ഐഇഒ പ്രസിഡന്റ് എസ്‌സി റൽഹാൻ പ്രസ്താവനയിൽ പറഞ്ഞു. വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളെക്കാള്‍ കുറഞ്ഞ താരിഫ് നേരത്തെ ഇന്ത്യ ഈ മേഖലയ്ക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു. ഉയർന്ന താരിഫ് ഈ മേഖലയ്ക്ക് ഒരു 'കനത്ത വെല്ലുവിളി' ഉയര്‍ത്തുന്നുവെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കി.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന തീരുവ ചുമത്തുന്നത് 48 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയെ ബാധിക്കും. 2024-25 ൽ, ടെക്സ്റ്റൈൽ, വസ്ത്ര മേഖലയുടെ മൊത്തത്തിലുള്ള വലുപ്പം 179 ബില്യൺ യുഎസ് ഡോളറാണ്. ഇതിൽ 142 ബില്യൺ യുഎസ് ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു. 2024-ൽ ആഗോള തലത്തിൽ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഇറക്കുമതി വിപണിയുടെ മൂല്യം 800.77 ബില്യൺ യുഎസ് ഡോളറായിരുന്നു. ലോക വ്യാപാരത്തിൽ 4.1 ശതമാനം വിഹിതമുള്ള ഇന്ത്യ, ആറാമത്തെ വലിയ കയറ്റുമതിക്കാരാണ്, 220 രാജ്യങ്ങളിലായി ഇന്ത്യ കയറ്റുമതി നടത്തുന്നുണ്ട്.