ഇറാന്‍ കത്തിയാല്‍ ഇന്ത്യക്ക് പൊള്ളുമോ? ഇന്ത്യയുടെ ബസുമതി അരിക്ക് എന്ത് സംഭവിക്കും? ചബഹാ‍‌ർ സ്വാധീനം എങ്ങനെ?

Published : Mar 02, 2026, 04:17 PM IST
Chabahar Port

Synopsis

ഇറാനിലെ അധികാരമാറ്റം പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര മേഖലകളെ സാരമായി ബാധിക്കുന്നു. ചബഹാര്‍ തുറമുഖം പോലുള്ള തന്ത്രപ്രധാന പദ്ധതികള്‍ക്കായി ഇറാനെ ആശ്രയിക്കേണ്ടി വരുന്ന ഇന്ത്യയും കടുത്ത പ്രതിസന്ധിയിലാണ്.

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇന്ത്യയും കടുത്ത ആശങ്കയിലാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണം സൃഷ്ടിച്ച അധികാര ശൂന്യത ടെഹ്റാനെ മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക- നയതന്ത്ര മേഖലകളെയും ഉലയ്ക്കുകയാണ്. പശ്ചിമേഷ്യയുമായി ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള വ്യാപാര-ഊര്‍ജ്ജ ബന്ധങ്ങളാണ് ഈ ആശങ്കയ്ക്ക് പിന്നില്‍. 86-കാരനായ ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഖമേനിയുടെ രണ്ടാമത്തെ മകന്‍ മുജ്താബ ഖമനെയി അധികാരത്തിലേക്ക് വരുമെന്ന് സൂചനകളുണ്ടെങ്കിലും, ആഭ്യന്തര കലഹങ്ങള്‍ക്കും അസ്ഥിരതയ്ക്കും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇറാനിലുണ്ടാകുന്ന ഏത് മാറ്റവും പശ്ചിമേഷ്യയുടെ മൊത്തം രാഷ്ട്രീയ ഗതിയെ മാറ്റാന്‍ പോന്നതാണ്.

നയതന്ത്ര ലോകത്തെ 'ബാലന്‍സിങ് ആക്ട്'

ഇറാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഖമനെയിയുടെ മരണത്തിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി. ഇരുരാജ്യങ്ങളും തമ്മില്‍ 'സ്‌പെഷ്യല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' പ്രഖ്യാപിക്കുകയും 10 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറുകളില്‍ ഒപ്പിടുകയും ചെയ്തു.

എന്നാല്‍, ഇസ്രായേലിനോട് അടുക്കുമ്പോഴും ഇറാനെ ഇന്ത്യയ്ക്ക് തള്ളിക്കളയാനാവില്ല. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായ 'ചബഹാര്‍' തുറമുഖം ഇറാനിലാണ്. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മറ്റും വ്യാപാരം നടത്താന്‍ ഇന്ത്യയ്ക്ക് ഇറാന്‍ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ, ഒരു വശത്ത് ഇസ്രായേലിനൊപ്പം നില്‍ക്കുമ്പോഴും ഇറാന്റെ കാര്യത്തില്‍ വളരെ സൂക്ഷിച്ചാണ് ഇന്ത്യ ചുവടുവെക്കുന്നത്.

വിപണിയെ വരിഞ്ഞുമുറുക്കി ആശങ്കകള്‍:

എണ്ണവില കുതിക്കുന്നു: ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 73 ഡോളറിലെത്തി. ഇത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്കും വിലക്കയറ്റത്തിനും കാരണമായേക്കാം.

ബസുമതി അരിക്ക് തിരിച്ചടി: ഇന്ത്യയുടെ ബസുമതി അരിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇറാന്‍. യുദ്ധം കാരണം കയറ്റുമതി നിലച്ചതോടെ വിപണിയില്‍ ബസുമതി അരിക്ക് കിലോയ്ക്ക് 4 മുതല്‍ 5 രൂപ വരെ കുറഞ്ഞു. ഹരിയാനയിലെ കര്‍ഷകരെയും വ്യാപാരികളെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ഷിപ്പിംഗ് നിരക്കുകള്‍ ഏറുന്നു: ചരക്ക് നീക്കത്തിനുള്ള ഇന്‍ഷുറന്‍സ് തുകയും ഷിപ്പിംഗ് നിരക്കുകളും വര്‍ധിക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. യുദ്ധസാഹചര്യം മാറുന്നത് വരെ കയറ്റുമതി ചെയ്ത ചരക്കുകള്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കും. ഇത് പേയ്മെന്റുകള്‍ വൈകാനും വിപണിയെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമോ അതോ 2.6 ശതമാനമോ? ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു