
മുംബൈ: ബാധ്യതകള്‍ കുറയ്ക്കുന്നതിനായി മുംബൈയിലെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അറബിക്കടലിന് അഭിമുഖമായി നിലകൊള്ളുന്ന മുന്‍ ആസ്ഥാന മന്ദിരമാണ് വില്‍ക്കാന്‍ എയര്‍ ഇന്ത്യ ആദ്യം പദ്ധതിയിട്ടത്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന് വില്‍ക്കാനാണ് എയര്‍ ഇന്ത്യ നടപടികള്‍ സ്വീകരിച്ചുവന്നത്. ഈ നടപടികളാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
2013 ല്‍ ദില്ലിയിലേക്ക് മാറ്റുന്നത് വരെ എയര്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് ആസ്ഥാന മന്ദിരം ഇതായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് വില്‍പ്പനയില്‍ നിന്ന് പിന്‍മാറുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
23 നിലയുളള കെട്ടിടം എസ്ബിഐ, ടിസിഎസ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ തുടങ്ങി നിരവധി കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ആരും ഇവിടേക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തനം മാറ്റാന്‍ തയ്യാറായിട്ടില്ല.