ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ ഉൾപ്പെടുന്നതാണ് ആയുഷ്

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ രാജ്യത്തെ ആയുഷ്, ന്യൂട്രാസ്യൂട്ടിക്കൽ മേഖലകൾക്ക് വലിയ ഉണർവേകുമെന്ന് ഫാർമാൻസ ഹെർബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ ലാൽ ഹിംഗോറാണി. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "ഉയർന്ന തീരുവയും കുറഞ്ഞ ലാഭവും കാരണം ഈ വ്യവസായം വലിയ സമ്മർദ്ദത്തിലായിരുന്നു. ഒരു മാറ്റത്തിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ആയുഷ്, ന്യൂട്രാസ്യൂട്ടിക്കൽ മേഖലകൾക്ക് 50 ശതമാനം തീരുവ വലിയ തിരിച്ചടിയായിരുന്നു. കാരണം, ഇതൊരു ചെറിയ വ്യവസായമാണ്, ലാഭവും പരിമിതമാണ്," ലാൽ ഹിംഗോറാണി പറഞ്ഞു.

തീരുവ 18 ശതമാനമായി കുറച്ചത് കയറ്റുമതിക്കാർക്ക് ഉടൻ തന്നെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "വിലയാണ് ഞങ്ങളുടെ വ്യവസായം നേരിടുന്ന ഒരു പ്രധാന പ്രശ്നം. വാങ്ങുന്നവർ വളരെ കുറഞ്ഞ വിലയാണ് ആവശ്യപ്പെടുന്നത്. എന്നാൽ യുഎസ് എഫ്ഡിഎയുടെ കർശനമായ നിയമങ്ങളും മറ്റ് നിബന്ധനകളും കാരണം അത്രയും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കില്ല," അദ്ദേഹം പറഞ്ഞു.

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികൾ ഉൾപ്പെടുന്നതാണ് ആയുഷ്. ആയുഷ് മന്ത്രാലയം, ആയുർവേദ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (AYUSHEXCIL), മറ്റ് വ്യാപാര വിശകലനങ്ങൾ എന്നിവയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2024-25ൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ആയുഷ്, ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഏകദേശം 688.89 ദശലക്ഷം ഡോളറായിരുന്നു. 6.11 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ആയുഷ്, ഹെർബൽ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ് ആണ്.

അശ്വഗന്ധയാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നം. മഞ്ഞൾ, ഇഞ്ചി, വേപ്പ്, ത്രിഫല, തുളസി, ബ്രഹ്മി, ശതാവരി എന്നിവയും തൊട്ടുപിന്നിലുണ്ട്. ആയുർവേദ ഉൽപ്പന്നങ്ങൾ, യുനാനി, സിദ്ധ, സോവ റിഗ്പ മരുന്നുകൾ, മറ്റ് ഹെർബൽ സപ്ലിമെന്റുകൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.