ബാങ്ക് കെവൈസി പുതുക്കിയില്ലെങ്കില്‍ നിങ്ങള്‍ അപകടത്തിലായേക്കാം

Published : Jul 26, 2018, 07:23 PM ISTUpdated : Jul 26, 2018, 09:15 PM IST
ബാങ്ക് കെവൈസി പുതുക്കിയില്ലെങ്കില്‍ നിങ്ങള്‍ അപകടത്തിലായേക്കാം

Synopsis

ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്‍ഡ് എന്നിവ കെവൈസിക്കായുളള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം

ബാങ്ക് കെവൈസി (ഇടപാടുകാരനെ അറിയുക) വളരെ നിസാര കാര്യമാണെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, പുതിയ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് നടപടികളിലൊന്നാണ് കെവൈസി നല്‍കുകയെന്നത്. കെവൈസിയില്‍ നിങ്ങള്‍ വരുത്തുന്ന പിഴവുകള്‍ ചിലപ്പോള്‍ നിങ്ങളുടെ ബാങ്കിങ് ഇടപാടുകള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് വരെ ബാങ്കുകളെ നയിച്ചേക്കാം. 

ബാങ്കിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക

കെവൈസി ഒരിക്കല്‍ മാത്രം നല്‍കിയാല്‍ തീരാവുന്ന നടപടിയല്ല. കൃത്യമായ ഇടവേളകളില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പുതുക്കികൊണ്ടേയിരിക്കണം. കെവൈസി സമര്‍പ്പിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് നടപടി പൂര്‍ത്തീകരിക്കാനായി കത്ത്, ഇ-മെയില്‍, എസ്എംഎസ് മുഖേന അറിയിപ്പുകള്‍ നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമം. ഇത്തരം അറിയിപ്പുകള്‍ ചെവിക്കൊള്ളാതിരുന്നാല്‍ ചിലപ്പോള്‍ ബാങ്കുകള്‍ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കല്‍ പോലെയുളള നടപടികളിലേക്ക് പോയേക്കാം. പലപ്പോഴും പണം എടുക്കാനായോ നിക്ഷേപിക്കാനായോ ബാങ്കുകളില്‍ നേരിട്ട് എത്തുകയോ ഓണ്‍ലൈനിലൂടെ ഇതിനുളള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുമ്പോഴാവും അക്കൗണ്ട് മരവിപ്പിച്ച കാര്യം ഉടമ അറിയുക. 

രേഖകള്‍ ഏതൊക്കെ?

ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്‍ഡ് എന്നിവ കെവൈസിക്കായുളള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വ്യത്യസ്ഥ തരം ബാങ്ക് അക്കൗണ്ടുകള്‍ക്ക് വ്യത്യസ്ഥ കാലാവധിയാണ് കെവൈസി പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. കെവൈസികള്‍ പുതുക്കുമ്പോള്‍ നിങ്ങളുടെ ഏറ്റവും പുതിയ രേഖകളുടെ പകര്‍പ്പുകള്‍ തന്നെ ബാങ്കുകളില്‍ നല്‍കണം. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കിയിട്ടുണ്ടെങ്കില്‍ കെവൈസിയ്ക്ക് പുതിയ രേഖ തന്നെ ഉപയോഗിക്കുക. നിങ്ങളുടെ വീടിന്‍റെ മേല്‍ വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ അത് ബാങ്കിന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മൂന്ന് തരം അക്കൗണ്ടുകള്‍

കൈകാര്യം ചെയ്യുന്ന പണത്തിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകളെ മൂന്നായി തരം തിരിക്കാം. ലോ റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക് അക്കൗണ്ടുകള്‍.

ലോ റിസ്ക് അക്കൗണ്ടുകള്‍: സാധാരണ സേവിങ്സ് അക്കൗണ്ടുകള്‍, സാലറി അക്കൗണ്ടുകള്‍ എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്നവ. പത്ത് വര്‍ഷത്തിലൊരിക്കല്‍ കെവൈസി പുതുക്കണം.

മീഡിയം റിസ്ക്: കറന്‍റ് അക്കൗണ്ട്, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ എന്നിവ ഈ ഗണത്തില്‍ വരും. വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളാവും ഇത്. ഇത്തരം അക്കൗണ്ട് ഉടമകള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കെവൈസി പുതുക്കണം.

ഹൈറിസ്ക്: വലിയ തോതില്‍ ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകളാണിത്. വന്‍കിട ബിസിനസ്സുകാരുടെ അക്കൗണ്ടുകളാവുമിത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത്തരം അക്കൗണ്ട് ഉടമകള്‍ കെവൈസി പുതുക്കണം. 
       

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍