ബിറ്റ് കോയിന്‍ കുതിയ്‌ക്കുന്നു; മൂല്യം ഏഴ് ലക്ഷം രൂപയ്‌ക്ക് മുകളിലെത്തി

By Web DeskFirst Published Nov 29, 2017, 4:49 PM IST
Highlights

ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിന്‍റെ മൂല്യം ചരിത്രത്തിലാദ്യമായി 10,000 ഡോളര്‍ കടന്നു. ബിറ്റ് കോയിന്‍റെ വിനിമയം കുത്തനെ ഉയര്‍ന്നതാണ് മൂല്യം ഉയര്‍ത്തിയതെന്നാണ് സൂചന. ഒരു വര്‍ഷത്തിനിടെ പത്തിരട്ടി വര്‍ദ്ധനവാണ് ബിറ്റ്കോയിന്‍ മൂല്യത്തിലുണ്ടായിരിക്കുന്നത്.

രാജ്യങ്ങളുടെയോ ബാങ്കുകളുടെയോ അധികാര പരിധിയില്ലാത്ത ഡിജിറ്റല്‍ കറന്‍സി ബിറ്റ് കോയിന്‍ മൂല്യത്തില്‍ പുതിയ ഉയരം കുറിച്ചിരിക്കുന്നു. ഒരു വര്‍ഷം മുന്‍പ് 70,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു ബിറ്റ് കോയിന്  ഇന്ന് വില ഏഴ് ലക്ഷത്തിനടുത്താണ്. 2009ല്‍ അവതരിപ്പിച്ച ബിറ്റി കോയിന് 2010ല്‍ രണ്ട് രൂപയായിരുന്നു മൂല്യം. കഴിഞ്ഞ സെപ്തംബറില്‍ ഇത് 1.75 ലക്ഷം രൂപയായി. മൂന്ന് മാസം മുന്‍പ് തുടങ്ങിയ ഈ കുതിപ്പാണ് ഇപ്പോള്‍ ഏഴ് ലക്ഷത്തിനടുത്തെത്തിയത്. ബിറ്റ് കോയിന്‍ രണ്ടാക്കാനുള്ള നീക്കം ഡെവലപ്പര്‍മാര്‍ ഉപേക്ഷിച്ചതും ആഭ്യന്തര അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളവര്‍ നിക്ഷേപം ബിറ്റ് കോയിനിലേക്ക് മാറ്റിയതുമാണ് മൂല്യം ഉയരാന്‍ കാരണം. 

ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും വിനിമയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്‍. അതുകൊണ്ടുതന്നെ നിയതമായ ഒരു രൂപമോ ഘടനയോ ബിറ്റ് കോയിനില്ല. ഡിജിറ്റലായി മാത്രമേ ബിറ്റ് കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയൂ. എന്നാല്‍ ബിറ്റ് കോയിന്‍ മൂല്യത്തിലെ കുതിപ്പ് കരുതിയിരിക്കണമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ബിറ്റ് കോയിന്റെ മൂല്യം 2018ല്‍ 40,000 ഡോളറാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അവകാശവാദം.  നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ് കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എവിടെ വെച്ച് ആര് വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളുമില്ല. അടുത്തിടെ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്കോയിനിലായിരുന്നു. 

എന്നാല്‍ ശക്തമായ സുരക്ഷാ നെറ്റ്‍വര്‍ക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നതും പരിഗണിച്ച് ബിറ്റ് കോയിനെ ഭാവി കറന്‍സിയായി പരിഗണിക്കുന്നവരും കുറവല്ല. 

click me!