ആറ് വര്‍ഷത്തിനിടെ ആദ്യമായി ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ വ്യോമയാന മേഖല

By Web TeamFirst Published May 24, 2019, 7:48 PM IST
Highlights

പോയ വര്‍ഷം ഏപ്രിലിനെക്കാള്‍ രണ്ട് ശതമാനം കുറവാണ് 2019 ഏപ്രിലില്‍ ഉണ്ടായത്. ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വ്യോമയാന രംഗത്ത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 113 ലക്ഷം യാത്രക്കാരെയും കൊണ്ട് പറന്നു. വിജയ് മല്യയുടെ കിങ്ഫിഷന്‍ എയര്‍ലൈന് നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു ഇടിവുണ്ടാകുന്നത്. 

മുംബൈ: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഏപ്രില്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ഇടിവുണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ചയാണ് ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായത്. 

ജെറ്റിന്‍റെ തകര്‍ച്ചയോടെ മുഖ്യ എതിരാളിയായിരുന്ന ഇന്‍ഡിഗോയ്ക്ക് വന്‍ വളര്‍ച്ചയാണ് ഇന്ത്യന്‍ വ്യോമയാന മേഖലയിലുണ്ടായത്. ആഭ്യന്തര വ്യോമയാന രംഗത്തെ ഏതാണ്ട് 50 ശതമാനം വിപണി വിഹിതം ഇപ്പോള്‍ തന്നെ ഇന്‍ഡിഗോയുടെ പോക്കറ്റിലായിക്കഴിഞ്ഞു. എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും കുറഞ്ഞ വിപണി വിഹിതവുമായി പിന്നാലെയുണ്ട്. 

പോയ വര്‍ഷം ഏപ്രിലിനെക്കാള്‍ രണ്ട് ശതമാനം കുറവാണ് 2019 ഏപ്രിലില്‍ ഉണ്ടായത്. ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വ്യോമയാന രംഗത്ത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 113 ലക്ഷം യാത്രക്കാരെയും കൊണ്ട് പറന്നു. വിജയ് മല്യയുടെ കിങ്ഫിഷന്‍ എയര്‍ലൈന് നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു ഇടിവുണ്ടാകുന്നത്. 2013 ജൂണില്‍ മൂന്ന് ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. അതിന് ശേഷം പിന്നീടുളള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് പിന്നോട്ട് നോക്കേണ്ടി വന്നിരുന്നില്ല. 

click me!