കേരള ബാങ്ക് എന്നാല്‍ എന്ത്?, അറിയേണ്ടതെല്ലാം: തുടക്കത്തില്‍ ബാങ്കിനെ ആര് നയിക്കും

By Web TeamFirst Published Dec 6, 2019, 4:10 PM IST
Highlights

ഈ വർഷം മാർച്ചിൽ കേരളം റിസർവ് ബാങ്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് പ്രാഥമിക അനുമതി നൽകിയത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഒരു ബാങ്ക് വേണം എന്ന ആവശ്യം ഉയര്‍ന്നു വന്നത്. അതിന്‍റെ ഉത്തരമാണ് കേരള ബാങ്ക്. ഇന്നുമുതല്‍ കേരള ബാങ്ക് സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 2017 മാർച്ചിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുകയായിരുന്നു.

കേരള ബാങ്കിന്റെ പ്രാരംഭ ഘട്ടത്തിൽ പോലും, ജില്ലാ സഹകരണ ബാങ്കുകളുടെ സംയോജനത്തിലൂടെ നിക്ഷേപ അടിത്തറ പുതിയ ബാങ്കിലേക്ക് മാറ്റപ്പെടും എന്നതാണ് പ്രധാന നേട്ടം. രാജ്യത്തെ സഹകരണ ബാങ്കിംഗ് സംവിധാനങ്ങളുടെ കാര്യത്തിൽ കേരളത്തിന് ഏറ്റവും സ്ഥാപിതമായതും ശക്തവുമായ ഒരു ശൃംഖലയുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഒപ്പം പ്രവർത്തിക്കുമെന്നതിനാൽ തുടക്കത്തിൽ തന്നെ കേരള ബാങ്കിന് കീഴിൽ വിശാലമായ ഒരു ശൃംഖല ഉണ്ടാകും. സംസ്ഥാനത്തെ സഹകരണ മേഖല വർഷങ്ങളായി ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയിട്ടുള്ളതിനാല്‍ ബാങ്കിന്‍റെ ഭാവിയെപ്പറ്റി ആശങ്ക ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഈ വർഷം മാർച്ചിൽ കേരളം റിസർവ് ബാങ്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് പ്രാഥമിക അനുമതി നൽകിയത്. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച്, സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമെ കേരള സംസ്ഥാന സഹകരണ സൊസൈറ്റി നിയമത്തിലെ വ്യവസ്ഥകൾ ബാങ്ക് കർശനമായി പാലിക്കുകയും വേണം.

 

2020 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമോ?

ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം ലയനത്തിനുള്ള വ്യവസ്ഥകൾ കേരള സർക്കാർ പൂർത്തീകരിച്ച് 2020 മാർച്ച് 31 ന് മുമ്പ് റിസർവ് ബാങ്കിന് വിശദ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബാങ്ക് രൂപീകരിക്കുന്നതിന് എതിരാണ്. തീരുമാനം ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'സഹകരണ മേഖലയോട് പ്രതിബദ്ധതയുള്ളവർ' ഈ നീക്കത്തെ എതിർക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 

ജനങ്ങളെ ചൂഷണം ചെയ്യാത്ത ഒരു ബാങ്ക് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് സഹകരണ മന്ത്രി കടകംമ്പള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. കേരള ബാങ്ക് വഴി കൂടുതൽ കാർഷിക വായ്പകൾ നൽകാമെന്നും ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി കേരള ബാങ്കിന് പ്രവാസി കേരളീയരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എൻ‌ആർ‌ഐകൾ പ്രതിവർഷം 1.5 ലക്ഷം കോടി രൂപ സംസ്ഥാനത്തേക്ക് അയയ്ക്കുന്നു. ഈ പണത്തെ സമാഹരിക്കുകയാണ് കേരള ബാങ്കിന്‍റെ മറ്റൊരു പ്രധാന ലക്ഷ്യം.  

എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള ബാങ്ക്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലെയും ജില്ലാ സഹകരണ ബാങ്കുകൾ സർക്കാറിന്റെ സംയോജന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.

സിഇഒ ജനുവരിയില്‍

പ്രാഥമിക, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇതിൽ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർത്താണ് കേരള ബാങ്കിന്റെ രൂപീകരണം. ബാങ്ക് രൂപീകരണത്തെ എതിര്‍ത്തുകൊണ്ട് നിരവധി ഹര്‍ജികള്‍ കേരള ഹൈക്കോടതി മുന്നില്‍ എത്തിയെങ്കില‍ും ലയനനടപടികളിൽ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നൽകുകയായിരുന്നു. 

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോർജ് എന്നിവരുൾപ്പെട്ട താത്കാലിക ഭരണസമിതിയാകും ബാങ്ക് ഭരിക്കുക. ഒരുവർഷമാണ് സമിതിയുടെ കാലാവധി. എന്നാൽ, ലയനം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേൽക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായ പി.എസ്. രാജൻ ജനുവരിയിൽ ചുമതലയേൽക്കും. ബാങ്കിന്‍റെ പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും. 

click me!