അന്ന് കുര്യന്‍റെ മണ്ടന്‍ പദ്ധതി, ഇന്ന് മലയാളിയുടെ അഭിമാനം; കൊച്ചി വിമാനത്താവളം ഉണ്ടായ കഥ

By Anoop PillaiFirst Published May 29, 2019, 3:57 PM IST
Highlights

മുഖ്യമന്ത്രി കെ കരുണാകരൻ ഏറെ ആവേശം നല്‍കുന്ന 'യെസ്' പറഞ്ഞു. അതൊരു വലിയ യെസ് തന്നെയായിരുന്നു. സകലരും എതിർത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം പാറപോലെ ഉറച്ചു നിന്നു. 1993ൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഞങ്ങൾ പണസമാഹരണം നടത്തി. വിദേശമലയാളികൾ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍...

കൊച്ചി വിമാനത്താവളത്തിന് 25 വയസ്സ് !. ആയിരത്തി മുന്നൂറ് ഏക്കറോളം സ്ഥലം, മൂന്ന് ടെർമിനലുകൾ, പ്രതിവർഷം ഒരുകോടിയിലധികം യാത്രക്കാർ, 18000 നിക്ഷേപകർ, നൂറ്റിയറുപത് കോടി രൂപയിലധികം പ്രതിവർഷ ലാഭം, രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം.

വെറും 25 വര്‍ഷം കൊണ്ട് കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സിയാല്‍ കൈവരിച്ചത് ഇത്തരം അനേകം സ്വപ്നതുല്യമായ നേട്ടങ്ങളാണ്. ഇന്ന് നാം കാണുന്ന സിയാലിന്‍റെ ഈ വന്‍ കുതിപ്പിന് പിന്നില്‍ ഒരുപാട് പ്രതിസന്ധികളുടെയും നിരവധി പേരുടെ ഇച്ഛാശക്തിയുടെയും കഥകളുണ്ട്. കൊച്ചി വിമാനത്താവളമെന്ന ആശയം രൂപമെടുത്തത് മുതല്‍ അത് സ്വന്തം ജീവിത നിയോഗമായി ഏറ്റെടുത്ത് ഇന്ന് കാണുന്ന രീതിയില്‍ അതിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിയാലിന്‍റെ സ്ഥാപക മാനേജിംഗ് ഡയറക്ടറായ വി ജെ കുര്യന്‍. 

എണ്‍പതുകളുടെ അവസാനത്തോടെ വ്യോമയാന മേഖലയിൽ നിന്ന് പുറത്താകുമെന്ന് ഭയന്ന കൊച്ചിയെ കൈപിടിച്ചുയര്‍ത്തിയ സിയാലിന്‍റെ 25 വര്‍ഷ ചരിത്രം വിജെ കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. 

കൊച്ചി വിമാനത്താവളം ഒരു സാഹസിക പ്രവൃത്തിയായിരുന്നോ? 

തീര്‍ച്ചയായും, 'എന്തിനാണ് അന്ന് ഇത്രയും സാഹസിക പ്രവൃത്തി ഏറ്റെടുത്തതെന്ന്  ഇപ്പോൾ എനിക്ക് പോലും നിശ്ചയമില്ല. പിന്നെ ഓരോരുത്തരേയും ഈ ഭൂമിയിൽ സൃഷ്ടിച്ചതിന് പിന്നിൽ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. എന്റെ വാക്കും പ്രവൃത്തിയും ജീവിതവും തന്നെ കുറേക്കാലം ഇതിനുവേണ്ടി മാത്രമായിരുന്നു. ഒരു വ്യോമയാന മേഖലയെക്കുറിച്ചോ വിമാനത്താവള പ്രവർത്തനത്തിന്റെ സങ്കീർണതകളെക്കുറിച്ചോ ഒന്നും അറിയാതെയാണ് കൊച്ചിയിൽ പുതിയ വിമാനത്താവളം പണികഴിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്. പിന്നെ, ഒരാൾ രണ്ടുംകൽപ്പിച്ച് ഒരു കാര്യം ചെയ്യാൻ സന്നദ്ധനായാൽ എതിർപ്പുകൾ കാലാന്തരത്തിൽ മാറും. ആത്മാർത്ഥതയും സത്യസന്ധതയും അൽപ്പം സാഹസികതയും ജോലിചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഏത് പ്രതിസന്ധികൾക്കിടയിലും എന്തും സാധ്യമാണെന്ന് ഞാന്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

എങ്ങനെയായിരുന്നു സിയാലിന്‍റെ തുടക്കം?

എൺപതുകളുടെ അവസാനത്തോടെ തന്നെ കൊച്ചി വ്യോമായാന മേഖലയിൽ നിന്ന് പുറത്താകുന്ന ലക്ഷണമായിരുന്നു. രാത്രി ലാൻഡിങ് അസാധ്യമായ നഗരമായിരുന്നു കൊച്ചി. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ല. വെല്ലിങ്ടൺ ദ്വീപിലെ നേവി വിമാനത്താവളം നവീകരിക്കാനായിരുന്നു ആദ്യ പദ്ധതി.  1991-ൽ ഇതിനായി കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ഞാനന്ന് എറണാകുളം ജില്ലാ കളക്ടർ. സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്ത് ആ യോഗത്തിൽ പങ്കെടുത്തു.

വിമാനത്താവള നവീകരണ പദ്ധതിയിൽ നേവി താൽപ്പര്യം കാണിച്ചില്ല. ഇതോടെ പുതിയ വിമാനത്താവളം പണികഴിപ്പിക്കാമെന്ന ആലോചന വന്നു. പക്ഷേ കാശുമുടക്കാൻ കേന്ദ്രം തയ്യാറല്ല. അതൊരു പ്രതിസന്ധിയായി. പുതിയ വിമാനത്താവളത്തിന് 200 കോടി രൂപയിലധികം വേണം. അങ്ങനെയാണ് പൊതുജന പങ്കാളത്തിത്തോടെ വിമാനത്താവളം പണികഴിപ്പിക്കാമെന്ന പദ്ധതി സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. 

മുഖ്യമന്ത്രി കരുണാകരന്‍റെ ഇടപെടലാണ് സിയാലിനെ യാഥാര്‍ത്ഥ്യമാക്കിയത് എന്ന് കേട്ടിട്ടുണ്ട്. കരുണാകരന്‍റെ 'യെസ്' ലഭിച്ചത് എങ്ങനെ?   

ഒരു ചെറുപ്പക്കാരൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ ആവേശത്തിനപ്പുറം അതിന് ആദ്യം ആരും വിലകൊടുത്തില്ല. 'മണ്ടൻ കുര്യന്റെ മണ്ടൻ പദ്ധതി' എന്ന നിലയ്ക്കായിരുന്നു പരിഹാസങ്ങളുടെ പോക്ക്. മാസങ്ങളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ മുഖ്യമന്ത്രി കെ കരുണാകരൻ ഏറെ ആവേശം നല്‍കുന്ന 'യെസ്' പറഞ്ഞു. അതൊരു വലിയ യെസ് തന്നെയായിരുന്നു. സകലരും എതിർത്തെങ്കിലും അദ്ദേഹം എനിക്കൊപ്പം പാറപോലെ ഉറച്ചു നിന്നു. 1993ൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഞങ്ങൾ പണസമാഹരണം നടത്തി. വിദേശമലയാളികൾ സഹായിക്കും എന്നായിരുന്നു എന്റെ ധാരണ. ഒടുവിൽ 200 കോടി വേണ്ടിടത്ത് പിരിഞ്ഞു കിട്ടിയത് വെറും 4.47 കോടി ! സകലരും എന്റെ പദ്ധതിയെ പുലഭ്യം പറഞ്ഞു. എനിക്ക് മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ. എങ്ങനേയും വിമാനത്താവളമുണ്ടാക്കുക. അതിൽ ഞാൻ പരാജയപ്പെട്ടാൽ പിന്നേയും രണ്ട് പതിറ്റാണ്ടിലധികം നീളുന്ന എന്റെ തൊഴിൽ ജീവിതം തന്നെ നശിക്കും. സർവ ദൈവങ്ങളേയും വിളിച്ച് ഞാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു പിന്നീട്. 

സിയാലിന്‍റെ ആദ്യ മൂലധനം ജര്‍മന്‍ മലയാളിയുടെ 20,000 രൂപയായിരുന്നു എന്ന് കേട്ടിട്ടുണ്ട്?

സൊസൈറ്റി ഉണ്ടാക്കിയെങ്കിലും വിചാരിച്ച പോലെ ഫണ്ട് എത്തിയില്ല. ജോസ് മാളിയേക്കൽ എന്ന ജർമൻ മലയാളി 20,000 രൂപ സംഭാവന ചെയ്തു. അതായിരുന്നു ആദ്യ മൂലധനം, അതുവച്ചാണ് വിമാനത്താവള നിർമാണം തുടങ്ങിയതും. പിന്നെ പലയിടങ്ങളിൽ നിന്ന് സ്വരൂപിച്ച ഓഫീസ് ഉപകരണങ്ങളും. നെടുമ്പാശ്ശേരി എന്ന അവികസിത പ്രദേശത്ത് ഇഷ്ടികക്കളങ്ങളും വെള്ളക്കെട്ടും നിറഞ്ഞ 1300 ഏക്കർ ഏറ്റെടുക്കുക ദുഷ്‌ക്കരമായിരുന്നു. കൈയിൽ പൈസയില്ല. ഈ നിലയ്ക്ക് പോയാൽ എല്ലാം അവതാളത്തിലാകും. അങ്ങനെയാണ് 1994 മാർച്ച് 30 ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത് വെറും നാലുവർഷം കൊണ്ട് വിമാനത്താവളം പണികഴിപ്പിച്ചു. 1999 മെയ് 25 ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞു.

സിയാല്‍ 'കടം വാങ്ങി' നിര്‍മിച്ച വിമാനത്താവളമാണെന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?, സിയാലിനായി പണം കണ്ടെത്തിയത് എങ്ങനെ? 

കടം വാങ്ങിയെന്നത് ശരിയാണ്, സംസ്ഥാന സർക്കാർ, നാട്ടുകാർ, എന്നിവരിൽ നിന്നും പണം കടം വാങ്ങി തന്നെയാണ് സിയാല്‍ കെട്ടി ഉയര്‍ത്തിയത്.  പെട്രോളിയം കമ്പനി, ബാങ്കുകൾ എന്നിവയിൽ നിന്നെല്ലാം മുൻകൂർ പണം വാങ്ങി. ബാങ്കുകളുടെ പുറകെ നടന്ന് വായ്പ സംഘടിപ്പിച്ചു. ഹഡ്‌കോ പോലുള്ള സ്ഥാപന മേധാവികളെ പറഞ്ഞു മനസ്സിലാക്കി കുറെ കാശ് അവിടെ നിന്നും സംഘടിപ്പിച്ചു.

ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുൻനിർത്തി ഭാവി ഉപയോക്താക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങുക എന്ന പുതിയ ഫണ്ടിങ് രീതിയാണ് സിയാല്‍ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഒരുവട്ടം കൂടി എനിക്ക് അവസരം തന്നു. അവസാന അവസരം!

ആധുനിക ഫണ്ടിങ് രീതികളിൽ ' സെക്യൂരിറ്റൈസേഷൻ ഓഫ് ഫ്യൂച്ചർ റിസീവബിൾസ് '  എന്നു വിളിക്കുന്ന പരിപാടിയാണിത്. സിയാൽ അത് അന്നേ അവതരിപ്പിച്ചു. സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കി. 1003 കേസുകൾ സിയാലിനെതിരെ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ പലതും സുപ്രീംകോടതിവരെയെത്തി. ഈ പ്രതിസന്ധികൾക്ക് ഇടയിൽ തന്നെ സിയാൽ സ്വപ്‌ന പദ്ധതിയുമായി മുന്നോട്ടുപോയി.  റൺവെയ്ക്ക് പോലും സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ 1994 ഓഗസ്റ്റ് എട്ടിന് ശിലാസ്ഥാപന കർമം നടത്തി. അതോടെ ഈ പദ്ധതി നടക്കും എന്ന പ്രതീതി ജനത്തിനുണ്ടായി.

കരുണാകന് ശേഷം വന്ന മുഖ്യമന്ത്രിമാര്‍ എങ്ങനെയായിരുന്നു? 

എല്ലാവരും വലിയ പിന്തുണയാണ് പദ്ധതിക്ക് നല്‍കിയത്. കരുണാകരന് ശേഷം വന്ന ആന്‍റണി മന്ത്രിസഭയും പിന്നീട് വന്ന ഇ കെ നായനാരും ഒക്കെ പദ്ധതിക്കായി നിലകൊണ്ടു. ഒരു പാലം പണിയാൻ പത്തുവർഷമെടുക്കുന്ന നാട്ടിൽ വെറും അഞ്ചുവർഷം കൊണ്ട് ഒരു വിമാനത്താവളം പണികഴിപ്പിക്കാൻ സിയാലിന് കഴിഞ്ഞത് അതുകൊണ്ടാണ്. 1999 മെയ് 25 ന് രാഷ്ട്രപതി കെ.ആർ.നാരായണൻ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു.

പുനരധിവാസത്തിന്‍റെ കാര്യത്തില്‍ സിയാല്‍ മറ്റ് വന്‍ പദ്ധതികള്‍ക്ക് ഒരു മാതൃകയായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഒരു പുനരധിവാസ മാതൃക സൃഷ്ടിച്ചത് എങ്ങനെയാണ്? 

തുടക്കത്തിൽ എതിർപ്പുണ്ടായെങ്കിലും വിമാനത്താവളം വരുന്നതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ സിയാലിന് കഴിഞ്ഞു. വീട് നഷ്ടപ്പെട്ട 822 പേരേയും പുനരധിവസിപ്പിച്ചു. ആവശ്യക്കാർക്ക് ആറുസെന്റ് ഭൂമി വീടുവയ്ക്കാൻ സൗജന്യമായി നൽകി. വിമാനത്താവളത്തിൽ ജോലി, ടാക്‌സി പെർമിറ്റ് എന്നിവ കൂടി നൽകിയതോടെ ജനപിന്തുണ ലഭിച്ചുതുടങ്ങി. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ഇത്രയധികം പേരുടെ ജീവിത നിലവാരം കൂട്ടാൻ സിയാലിന് കഴിഞ്ഞു എന്നതാണ്'. ഇന്ന് ഏതാണ്ട് 12000 പേർ വിമാനത്താവളത്തിനുള്ളിൽ തന്നെ ജോലി ചെയ്യുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറി. കൊച്ചി നഗരം വടക്ക് ഭാഗത്തേയ്ക്ക് വളർന്നു. ശരിക്കും പറഞ്ഞാല്‍ 'ദൈവം എനിക്കായി കാത്തുവച്ച മറ്റൊരു നിയോഗം !'.

പുതിയ ആശയങ്ങളുടെ കൂട്ടുപിടിച്ച് വളര്‍ന്ന സിയാല്‍ ഇന്ന് ഇന്ത്യയിലെ വിശ്വസനീയ ബ്രാന്‍ഡാണ്. സിയാല്‍ എന്ന ബ്രാന്‍ഡിനെക്കുറിച്ച്? 

ഇന്ത്യയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും സിയാലിനുണ്ട്. മികച്ച വരുമാനവും അടിസ്ഥാന സൗകര്യവുമുണ്ട്. പക്ഷേ, ഇതെല്ലാമായിട്ടും പുതിയ ആശയങ്ങൾ സിയാലിൽ പിറന്നുകൊണ്ടിരുന്നു. 2011 മുതൽ നാളിതുവരെയുള്ള കാലഘട്ടം സിയാലിന്റെ ചരിത്രത്തിലെ തന്നെ തിളക്കമുള്ള അധ്യായമാണ്. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈ കാലയളവിൽ തുടങ്ങി. പുതിയ ബ്രാൻഡ് പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇത് ഞങ്ങളെ സഹായിച്ചു. സിയാല്‍ ഒരു വിശ്വസനീയ ബ്രാന്‍ഡായി വളര്‍ന്നു. 2015 ഓഗ്‌സ്റ്റ് 18 ന് സമ്പൂർണമായി സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി. സോളാർ വിവാദങ്ങൾ കത്തിപ്പടർന്ന വേളയിലും സിയാലിന്റെ സൗരോർജ പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധൈര്യം കാണിച്ചു.  തൊട്ടടുത്ത വർഷം പുതിയ അന്താരാഷ്ട്ര ടെർമിനൽ പണി പൂർത്തിയാക്കി.

പിണറായി സര്‍ക്കാരിന്‍റെ സിയാലിനോടുളള സമീപനം?

മികച്ച പിന്തുണയാണ് മുഖ്യമന്ത്രി നല്‍കുന്നത്.  പഴയ രാജ്യാന്തര ടെർമിനൽ നവീകരിച്ചതും സൗരോർജ സ്ഥാപിതശേഷി മൊത്തം 40 മെഗാവാട്ടായി ഉയർത്തിയതിന് പിന്നിലും ഈ സർക്കാരിന്റെ നേതൃത്വമുണ്ട്. പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയായ കേരള ഉൾനാടൻ ജലപാത വികസനം സിയാലിനെയാണ് ഏൽപ്പിച്ചത്. വിമാനത്താവളംപോലെ വൻകിട ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും പാരമ്പര്യേതര ഊർജം ഉപയോഗിക്കാമെന്ന ആശയം വിജയകരമായി നടപ്പിലാക്കിയതിന് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ "ചാമ്പ്യൻസ് ഓഫ് ദ എർത്ത് '' ലഭിച്ചതും ഈ കാലയളവിലാണെന്നത് ഇരട്ടി മധുരം നല്‍കുന്നു. 

സിയാലിന്‍റെ വരുംകാല പദ്ധതികള്‍ എന്തെല്ലാമാണ്? 

വ്യോമയാന, പരിസ്ഥിതി പ്രവർത്തനങ്ങളിൽ ആഗോളശ്രദ്ധ നേടിയെങ്കിലും വിജയപ്പെരുമയിൽ വെറുതെയിരിക്കാൻ സിയാൽ ശീലിച്ചിട്ടില്ല. നിരവധി പുതിയ പദ്ധതികൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജലപാതയുടെ നവീകരണം മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നതുപോലെ നടപ്പിലാക്കണം. അതിനാണ് പ്രാമുഖ്യം. 2020 ൽ തിരുവനന്തപുരം മുതൽ ബേക്കൽ വരെ 11 ജില്ലകളെ കോർത്തിണക്കി ജലപാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നുതന്നെയാണ് സിയാലിന്റെ പ്രതീക്ഷ. അതിനായി അക്ഷീണമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സൗരോർജ പദ്ധതിക്കൊപ്പം ജലവൈദ്യുത പദ്ധതികളും സിയാൽ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിലെ നാല് മെഗാവാട്ട് ജലവൈദ്യുത പദ്ധതി 2019 സെപ്റ്ററിൽ കമ്മിഷൻ ചെയ്യാൻ കഴിയും. വിമാനത്താവളത്തിനരികെ വൻകിട ഹോട്ടലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അടുത്തവർഷം ആദ്യം ഹോട്ടൽ ഉദ്ഘാടനം ചെയ്യും. 

പൊതുമേഖലയിൽ കാര്യക്ഷമമായി ഒന്നും നടക്കില്ലെന്ന ശൈലിയുടെ തിരുത്തലാണ് സിയാൽ. ജനങ്ങളുടെ വിശ്വാസം ആർജിച്ചാൽ വികസനം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയ മാത്രമാകും. സ്വപ്നം കാണുക ! അതിനായി അശ്രാന്തമായി പ്രവർത്തിക്കുക ! സിയാലിന്റെ വികസനവാക്യമിതാണ്.   
 

click me!